റിയാദ്: യെമനിലെ ഹൂതി വിമതരുടെ ആക്രമണ ഭീഷണിയെത്തുടർന്ന് സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പുലർച്ചെ റിയാദിൽ ഉഗ്ര സ്ഫോടന ശബ്ദങ്ങൾ കേട്ടതായി എഎഫ്പി മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തു. ജൂലൈയിൽ യെമനിൽ ആഭ്യന്തര സംഘർഷം രൂക്ഷമായതിന് ശേഷം ആദ്യമായാണ് സൗദി തലസ്ഥാനത്ത് നേരിട്ട് ആക്രമണ ഭീഷണി ഉണ്ടാകുന്നത്.
പുലർച്ചെ മൂന്ന് മണിയോടെയാണ് റിയാദ് നിവാസികൾക്ക് മൊബൈൽ ഫോണുകളിലൂടെ അടിയന്തര ജാഗ്രതാ നിർദേശം ലഭിച്ചത്. പ്രദേശം ശത്രുക്കളുടെ വ്യോമാക്രമണ ഭീഷണിയിലാണെന്നും, ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തുടരുകയോ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയോ ചെയ്യണമെന്ന് അധികൃതർ കർശനമായി നിർദേശിച്ചു.
ഇതിന് പിന്നാലെയാണ് നഗരത്തിൽ രണ്ട് തവണ ഉഗ്ര സ്ഫോടന ശബ്ദങ്ങൾ കേട്ടതെന്ന് എഎഫ്പി മാധ്യമ പ്രവർത്തകർ വ്യക്തമാക്കി. എന്നാൽ, അര മണിക്കൂറിന് ശേഷം ഭീഷണി ഒഴിഞ്ഞതായി സൗദി സിവിൽ ഡിഫൻസ് ഏജൻസി അറിയിക്കുകയും ജാഗ്രതാ നിർദേശം പിൻവലിക്കുകയും ചെയ്തു. സമീപ ദിവസങ്ങളിൽ ഇറാൻ്റെ പിന്തുണയുള്ള ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ നിരന്തരം ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്.
ചെങ്കടൽ തീരം പിടിച്ചെടുത്ത് ഹൂതികൾ
യെമനിലെ ജനവാസ മേഖലകളിൽ ഭൂരിഭാഗവും നേരത്തെ തന്നെ നിയന്ത്രിച്ചിരുന്ന ഹൂതികൾ, ഈ മാസം നടത്തിയ മിന്നലാക്രമണത്തിലൂടെ രാജ്യത്തിൻ്റെ ചെങ്കടൽ തീരം പൂർണമായും പിടിച്ചെടുത്തിരുന്നു. ഇതോടെ ആഗോള വ്യാപാരത്തിൽ നിർണായകമായ ബാബ് അൽ-മൻദബ് കടലിടുക്കിൻ്റെ നിയന്ത്രണവും വിമതരുടെ കൈകളിലായി. ഇതിന് പിന്നാലെ സൗദി അറേബ്യയ്ക്ക് നേരെ നാവിക ഉപരോധം ഏർപ്പെടുത്തിയതായും ഹൂതികൾ പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചിട്ടതിനാൽ, എണ്ണ കയറ്റുമതിക്കായി സൗദി അറേബ്യ പ്രധാനമായും ആശ്രയിച്ചിരുന്നത് ചെങ്കടൽ പാതയെയായിരുന്നു. പുതിയ ഉപരോധം സൗദിയുടെ എണ്ണ കയറ്റുമതിയെ സാരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
മാരിടൈം ട്രാക്കിങ് സ്ഥാപനമായ കെപ്ലറുടെ കണക്കുകൾ പ്രകാരം, ജൂലൈ മുതൽ ബാബ് അൽ-മൻദബ് കടലിടുക്ക് വഴിയുള്ള സൗദിയുടെ കയറ്റുമതിയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ചരക്കുകളുമായി അഞ്ച് കപ്പലുകൾ ഈ വഴി കടന്നുപോയതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, സൗദി അറേബ്യയുടെ കപ്പലുകൾക്ക് ഒഴികെ മറ്റെല്ലാവർക്കും കടലിടുക്കിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാമെന്നാണ് ഹൂതികളുടെ നിലപാട്.
രൂക്ഷമായി അഭയാർഥി പ്രതിസന്ധി
യെമനിൽ സർക്കാരും വിമതരും തമ്മിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര സംഘർഷം വലിയ മാനുഷിക പ്രതിസന്ധിയാണ് രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. പുതിയ പോരാട്ടങ്ങളെത്തുടർന്ന് 1,12,000-ലധികം ആളുകൾക്ക് സ്വന്തം കിടപ്പാടം നഷ്ടപ്പെട്ടതായി ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച വ്യക്തമാക്കി.
ഇതിനുപുറമെ, ജീവൻ രക്ഷിക്കാൻ 3,000-ത്തോളം പേർ കടൽ കടന്ന് ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലേക്ക് പലായനം ചെയ്തു. സാമ്പത്തികമായും സാമൂഹികമായും തകർന്ന യെമൻ ജനതയ്ക്ക് പുതിയ യുദ്ധം കൂടുതൽ ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്. ഭക്ഷണവും വെള്ളവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ആയിരക്കണക്കിന് ആളുകളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.





