തിരുവനന്തപുരം: പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ആഗോള തലത്തിൽ കോ-ഓർഡിനേഷൻ കൗൺസിലും ഹെൽപ് ഡെസ്കുകളും രൂപീകരിക്കാൻ നോർക്ക ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പാക്കുന്നത്. കാനഡയിൽ വിജയകരമായി പൂർത്തിയാക്കിയ പൈലറ്റ് പദ്ധതിയുടെ തുടർച്ചയായാണ് കൂടുതൽ രാജ്യങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുന്നത്.
പ്രവാസികൾക്കായി പ്രധാനമായും നാല് ഹെൽപ് ഡെസ്കുകളാണ് സജ്ജമാക്കുന്നത്. ആഗോളതലത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കോ-ഓർഡിനേഷൻ ഡെസ്ക് പ്രവർത്തിക്കും. സുരക്ഷിതമായ കുടിയേറ്റത്തെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും ബോധവത്കരണം നൽകാൻ മൈഗ്രേഷൻ അവെയർനസ് ഡെസ്ക് ഉണ്ടാകും.
പ്രവാസികൾ നേരിടുന്ന അത്യാഹിതങ്ങളിലും മറ്റ് പ്രയാസങ്ങളിലും അടിയന്തര സഹായം എത്തിക്കുന്നതിനാണ് ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക് രൂപീകരിക്കുന്നത്. ഇതിനുപുറമെ, നാടിൻ്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കേരള ഡെവലപ്മെൻ്റ് ഡെസ്കും സജ്ജമാക്കും. പൂർണമായും സന്നദ്ധ പ്രവർത്തനമായാണ് കോ-ഓർഡിനേഷൻ കൗൺസിലും ഹെൽപ് ഡെസ്കുകളും പ്രവർത്തിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
12 രാജ്യങ്ങളിലും മേഖലകളിലും ശൃംഖല
പ്രവാസി ക്ഷേമപ്രവർത്തനങ്ങൾക്ക് കരുത്തുറ്റ ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 12 രാജ്യങ്ങളിലും മേഖലകളിലുമായാണ് ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലുകളും നാല് വിഷയാധിഷ്ഠിത ഹെൽപ് ഡെസ്കുകളും രൂപീകരിക്കുന്നത്. കാനഡ, ജർമനി, ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ് ഉൾപ്പെടുന്ന ബെനലക്സ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ സംവിധാനം നിലവിൽ വരും.
കൂടാതെ ആസിയാൻ രാജ്യങ്ങൾ ഉൾപ്പെടുന്ന സൗത്ത് ഈസ്റ്റ് ഏഷ്യ, വെസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക, ഈസ്റ്റേൺ ആഫ്രിക്ക, സതേൺ ആൻഡ് സെൻട്രൽ ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലും കൗൺസിലുകൾ പ്രവർത്തിക്കും. സ്വീഡൻ, നോർവേ, ഡെൻമാർക്ക്, ഫിൻലൻഡ് എന്നീ നോർഡിക് രാജ്യങ്ങൾ, ഈസ്റ്റേൺ യൂറോപ്പ്, റഷ്യ, ചൈന, ജപ്പാൻ, നോർത്ത് കൊറിയ, സൗത്ത് കൊറിയ, തായ്‌വാൻ ഉൾപ്പെടുന്ന ഈസ്റ്റ് ഏഷ്യ, ഇറ്റലി, മാൾട്ട, യുകെ, അയർലൻഡ് എന്നീ രാജ്യങ്ങളിലും മേഖലകളിലുമാണ് കോ-ഓർഡിനേഷൻ കൗൺസിലുകൾ നിലവിൽ വരുന്നത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് നോർക്കയുടെ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ഈ വിപുലീകരണം സഹായിക്കും.
ആദ്യഘട്ടം ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലാണ് കോ-ഓർഡിനേഷൻ കൗൺസിലുകൾ രൂപീകരിക്കുന്നത്. ഇതിലേക്ക് നിലവിൽ നാമനിർദേശം സമർപ്പിക്കാമെന്ന് നോർക്ക ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അംഗീകൃത പ്രവാസി മലയാളി സംഘടനകൾ, സാമൂഹിക പ്രവർത്തകർ, ലോക കേരളസഭ അംഗങ്ങൾ, സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് നാമനിർദേശം നൽകാം.
കൗൺസിൽ രൂപീകരണത്തിന് മുന്നോടിയായി ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ കേരളീയ പ്രവാസി സംഘടനാ ഭാരവാഹികൾ, ലോക കേരള സഭാംഗങ്ങൾ എന്നിവരുമായി നോർക്ക റൂട്ട്സ് അധികൃതർ ഓൺലൈൻ ചർച്ച നടത്തിയിരുന്നു. പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങൾ, നിയമസഹായം, നാട്ടിലേക്കുള്ള മടക്കം തുടങ്ങിയ വിഷയങ്ങളിൽ ഈ ഡെസ്കുകൾ നിർണായക ഇടപെടൽ നടത്തുമെന്നാണ് സർക്കാരിൻ്റെ പ്രതീക്ഷ.






