യുഎഇയിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക്; ഈ സാധനങ്ങൾ കൈയിലുണ്ടോ? കനത്ത പിഴയും നാടുകടത്തലും ഉറപ്പ്

0
2

അബുദബി: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് കർശന മുന്നറിയിപ്പുമായി അബുദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ കോൺസുലേറ്റ് ജനറലും. നിരോധിത ഭക്ഷണസാധനങ്ങൾ, മരുന്നുകൾ, മറ്റ് നിയന്ത്രിത വസ്തുക്കൾ എന്നിവ രാജ്യത്തേക്ക് കൊണ്ടുവന്നാൽ കനത്ത പിഴ, തടവ്, നാടുകടത്തൽ, ക്രിമിനൽ നടപടികൾ എന്നിവ നേരിടേണ്ടിവരുമെന്ന് ഒക്ടോബർ 26ന് പുറത്തിറക്കിയ മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു. യുഎഇയിൽ താമസിക്കുന്നവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഈ നിയമങ്ങൾ ബാധകമാണ്.

നിരോധിത ഭക്ഷണസാധനങ്ങൾ
ഇന്ത്യയിൽ സാധാരണയായി ലഭിക്കുന്നതും നിയമവിധേയവുമായ പല സാധനങ്ങളും യുഎഇയിൽ നിരോധിക്കപ്പെട്ടവയാണ്. കസ്‌കസ്, ഖാട്ട് ഇലകൾ, വെറ്റില, അടയ്ക്ക, നിസ്വാർ, ഗുട്ഖ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ വേണ്ടിയാണെങ്കിൽ പോലും ഇവ കൊണ്ടുവരാൻ പാടില്ല.

ഈ സാധനങ്ങൾ യുഎഇയിലേക്ക് കൊണ്ടുപോകരുത്

ഹാൻഡ് ബാഗേജിലോ ചെക്ക്-ഇൻ ബാഗേജിലോ ഇവ കൊണ്ടുപോകുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. ചെറിയ അളവിലാണെങ്കിൽ പോലും പിടിക്കപ്പെട്ടാൽ സാധനങ്ങൾ കണ്ടുകെട്ടുന്നതിനൊപ്പം വലിയ തുക പിഴയായി നൽകേണ്ടിവരും. ഗുരുതരമായ സാഹചര്യങ്ങളിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും സാധ്യതയുണ്ട്.

മരുന്നുകൾ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കുക 

മരുന്നുകൾക്ക് മുൻകൂർ അനുമതി നിർബന്ധം
മരുന്നുകൾ കൊണ്ടുവരുന്ന കാര്യത്തിലും യാത്രക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണം. മയക്കുമരുന്ന് സ്വഭാവമുള്ളവ, മാനസികരോഗങ്ങൾക്കുള്ള മരുന്നുകൾ, വീര്യം കൂടിയ വേദനസംഹാരികൾ, ഉറക്കഗുളികകൾ എന്നിവയ്ക്ക് കർശന നിയന്ത്രണമുണ്ട്. ഇത്തരം മരുന്നുകൾ കൊണ്ടുവരുന്നവർ എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെൻ്റ് വഴി മുൻകൂറായി ഇറക്കുമതി പെർമിറ്റ് എടുത്തിരിക്കണം.

മരുന്നുകൾക്കുള്ള അനുമതി: എങ്ങനെ അപേക്ഷിക്കാം?

ഔദ്യോഗിക വെബ്സൈറ്റ് വഴി ഡിജിറ്റൽ ഐഡൻ്റിറ്റി ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ നൽകാം. ഡോക്ടറുടെ കുറിപ്പടിയോ വിശദമായ മെഡിക്കൽ റിപ്പോർട്ടോ ഇതിനൊപ്പം അപ്‌ലോഡ് ചെയ്യണം. തികച്ചും സൗജന്യമായ ഈ സേവനത്തിന് സാധാരണയായി ഒരു പ്രവൃത്തിദിവസം മാത്രമാണ് സമയമെടുക്കുക. ഇന്ത്യയിൽ നിയമപരമായി ഡോക്ടർ കുറിച്ചുനൽകിയ മരുന്നാണെങ്കിൽ പോലും, മതിയായ രേഖകളില്ലാതെ യുഎഇയിൽ എത്തിച്ചാൽ അറസ്റ്റും ജയിൽ ശിക്ഷയും നേരിടേണ്ടിവരും.

മുൻകൂർ അനുമതി വേണ്ടവ
മയക്കുമരുന്നുകൾ, കള്ളനോട്ട്, വ്യാജ ഉത്പന്നങ്ങൾ, ചൂതാട്ട ഉപകരണങ്ങൾ, മൂന്ന് പാളികളുള്ള നൈലോൺ മത്സ്യബന്ധന വലകൾ, മന്ത്രവാദവുമായി ബന്ധപ്പെട്ട വസ്തുക്കൾ, അപകടകരമായതോ റേഡിയോ ആക്ടീവ് സാന്നിധ്യമുള്ളതോ ആയ വസ്തുക്കൾ എന്നിവ പൂർണമായും നിരോധിച്ചിട്ടുണ്ട്. ഇതിനുപുറമെ, ആയുധങ്ങൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ, പടക്കങ്ങൾ, മൃഗങ്ങൾ, സസ്യങ്ങൾ, വിത്തുകൾ, വളം, കീടനാശിനികൾ, മെഡിക്കൽ ഉപകരണങ്ങൾ, പ്രത്യേക ആശയവിനിമയ ഉപകരണങ്ങൾ, മദ്യം, ഇ-സിഗരറ്റ്, ഇ-ഹുക്ക, വാഹനങ്ങളുടെ ടയറുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ചില ഇലക്ട്രിക്കൽ ഉപകരണങ്ങൾ, സംസ്‌കരിക്കാത്ത വജ്രം എന്നിവ കൊണ്ടുവരുന്നതിന് ബന്ധപ്പെട്ട യുഎഇ അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയിരിക്കണം.

പണം കൊണ്ടുവരുമ്പോൾ ശ്രദ്ധിക്കുക
പണം, ചെക്കുകൾ, വിലപിടിപ്പുള്ള ലോഹങ്ങൾ, രത്നങ്ങൾ എന്നിവയുൾപ്പെടെ 60,000 ദിർഹത്തിന് (ഏകദേശം 16,340 ഡോളർ) മുകളിൽ മൂല്യമുള്ള വസ്തുക്കൾ കൈവശമുണ്ടെങ്കിൽ യാത്രക്കാർ യുഎഇ കസ്റ്റംസ് അധികൃതരെ നിർബന്ധമായും അറിയിച്ചിരിക്കണം.

യാത്ര തിരിക്കുന്നതിന് മുൻപ് ബാഗേജുകൾ കൃത്യമായി പരിശോധിച്ച് നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ എംബസി നിർദേശിച്ചു. മറ്റുള്ളവർ നൽകുന്ന ബാഗുകൾ അതിൽ എന്താണെന്ന് കൃത്യമായി അറിയാതെ കൊണ്ടുപോകരുത്. യുഎഇയിലെ നിയമങ്ങൾ ഇന്ത്യയിലേതിൽ നിന്ന് വ്യത്യസ്തമായതിനാൽ യാത്രക്കാർ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിച്ച് വിവരങ്ങൾ ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here