10 കോടി ചെലവിൽ 20 മീറ്റർ ഉയരത്തിൽ വയനാട് കാലാവസ്ഥാ റഡാർ;

0
2

കാസർകോട്: വയനാട്ടിലെ പുൽപ്പള്ളിയിൽ സ്ഥാപിക്കുന്ന എക്സ്-ബാൻഡ് ഡോപ്ലർ കാലാവസ്ഥാ റഡാർ ഉടൻ പ്രവർത്തനസജ്ജമാകും. വരുംദിവസങ്ങളിൽ തന്നെ ഇതിൻ്റെ ടെസ്റ്റിങ് നടപടികൾ ആരംഭിക്കാനാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ തീരുമാനം. ഇതിനായി കാലാവസ്ഥാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ സ്ഥലം സന്ദർശിച്ച് അന്തിമ വിലയിരുത്തലുകൾ നടത്തും. ഇതോടെ കേരളം പൂർണമായും തത്സമയ കാലാവസ്ഥാ നിരീക്ഷണ വലയത്തിലാകുമെന്ന് കാലാവസ്ഥ വിദഗ്ധർ പറഞ്ഞു.

പഴശ്ശിരാജാ കോളജ് സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണ് തത്സമയ കാലാവസ്ഥാ നിരീക്ഷണത്തിനുള്ള റഡാർ സ്റ്റേഷൻ ഒരുങ്ങുന്നത്. ഒരു വർഷം മുൻപ് നിർമാണം ആരംഭിച്ച പദ്ധതിയുടെ 90 ശതമാനം പ്രവൃത്തികളും ഇപ്പോൾ പൂർത്തിയായി. കേന്ദ്ര കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി 10 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

20 മീറ്റർ ഉയരത്തിലുള്ള ടവർ നിർമിച്ച് അതിനുമുകളിലാണ് റഡാർ സ്ഥാപിച്ചിരിക്കുന്നത്. ജീവനക്കാർക്ക് പ്രവർത്തിക്കാനുള്ള കെട്ടിടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡാണ് (ബിഇഎൽ) നിർമാണച്ചുമതല ഏറ്റെടുത്തത്. പ്രവർത്തനസജ്ജമായാൽ 24 മണിക്കൂറും പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ധരുടെ സേവനം ഇവിടെയുണ്ടാകും. കേന്ദ്ര കാലാവസ്ഥാ വകുപ്പിനാണ് ഇതിൻ്റെ പൂർണ ചുമതല.

എക്‌സ്-ബാൻഡ് ഡോപ്ലർ വെതർ റഡാർ ഉപയോഗിച്ച് 100 കിലോമീറ്റർ ചുറ്റളവിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കും. മഴമേഘങ്ങളുടെ സഞ്ചാരം, വ്യാപ്‌തി, ജലകണങ്ങളുടെ അളവ് എന്നിവ വേഗത്തിൽ കണ്ടെത്താനാകും. അതിതീവ്ര മഴ, ചുഴലിക്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്ത സാധ്യതകൾ മുൻകൂട്ടി തിരിച്ചറിഞ്ഞ് ജാഗ്രതാ നിർദേശം നൽകാൻ ഈ സംവിധാനം ഉപകരിക്കും. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൻ്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ റഡാർ സംവിധാനം ഇല്ലാത്തത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കാലവർഷത്തിന് മുൻപ് ഏപ്രിലോടെ റഡാർ പ്രവർത്തനസജ്ജമാക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു.

നാലാമത്തെ റഡാർ കൊല്ലത്ത്

നിലവിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് കേരളത്തിൽ റഡാർ സംവിധാനമുള്ളത്. കൊച്ചിയിലെ റഡാർ കാലാവസ്ഥാ വകുപ്പിൻ്റെയും തിരുവനന്തപുരം തുമ്പയിലേത് വിക്രം സാരാഭായി സ്‌പേസ് സെൻ്ററിൻ്റെയും (വിഎസ്എസ്‌സി) കീഴിലാണ് പ്രവർത്തിക്കുന്നത്. കർണാടകയിലെ മംഗളൂരിൽ സ്ഥാപിച്ച റഡാറിൻ്റെ പരിധിയിൽ വടക്കൻ കേരളത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുന്നുണ്ടെങ്കിലും അത് പര്യാപ്തമായിരുന്നില്ല.

വയനാട്ടിലേത് കൂടാതെ സംസ്ഥാനത്തെ നാലാമത്തെ റഡാർ കൊല്ലത്ത് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. തീരദേശ മേഖലയിൽ ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. മറ്റു നടപടിക്രമങ്ങൾ പൂർത്തിയായാൽ ഉടൻ തന്നെ ഇതിൻ്റെ നിർമാണവും ആരംഭിക്കും. കൊല്ലത്തും റഡാർ വരുന്നതോടെ സംസ്ഥാനത്താകെ നാല് റഡാറുകളുണ്ടാകും. ഇതോടെ കേരളത്തിൻ്റെ കാലാവസ്ഥാ പ്രവചനം കൂടുതൽ കൃത്യതയുള്ളതായി മാറും.

എന്താണ് ഡോപ്ലർ റഡാർ

മഴമേഘങ്ങളുടെ സവിശേഷ സ്വഭാവം ശാസ്ത്രീയമായി പഠിക്കാനുള്ള സംവിധാനമാണ് ഡോപ്ലർ വെതർ റഡാർ. ഇന്ത്യയിലുടനീളം കാലാവസ്ഥാ നിരീക്ഷണത്തിനും പ്രവചനത്തിനുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉപയോഗിക്കുന്ന പ്രധാന സംവിധാനമാണിത്. തരംഗത്തിൻ്റെ ആവൃത്തിയിലുള്ള മാറ്റം അടിസ്ഥാനമാക്കിയുള്ള ഡോപ്ലർ എഫക്ട് ഉപയോഗിച്ചാണ് ഇതിൻ്റെ പ്രവർത്തനം. എസ്, സി, എക്സ് എന്നീ വിവിധ ബാൻഡുകളിലുള്ള റഡാറുകളാണ് കാലാവസ്ഥാ വകുപ്പ് രാജ്യത്തുടനീളം ഉപയോഗിക്കുന്നത്. മഴയുടെ തീവ്രത, കാറ്റിൻ്റെ ദിശ എന്നിവ ഉയർന്ന കൃത്യതയോടെ പ്രവചിക്കാൻ ഇവ സഹായിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here