ജിം കോച്ചിനെ തന്നെ ജീവിതപങ്കാളിയാക്കി റിമി ടോമി;

0
3

” ജിം കോച്ചിനെ തന്നെ ജീവിതപങ്കാളിയാക്കി റിമി ടോമി; വിവാഹത്തീയതിയും പുറത്തുവിട്ടു!”

വിവാഹത്തെക്കുറിച്ചുള്ള ആകാംക്ഷകൾക്ക് വിരാമമിട്ട് തന്റെ ജീവിതപങ്കാളിയെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി ഗായിക റിമി ടോമി. അധികം സസ്പെൻസ് നീട്ടുന്നില്ലെന്നും തന്റെ വിശേഷങ്ങൾ മറ്റാരിലൂടെയുമല്ല, സ്വന്തം വായിൽ നിന്നുതന്നെ ആരാധകർ അറിയണമെന്നുമാണ് റിമി പറഞ്ഞത്.

മുംബൈയിൽ നിന്നുള്ള മലയാളിയായ ലിബിൻ മാത്യുവാണ് റിമിയുടെ വരൻ. ബോഡി ബിൽഡറും ജിം ട്രെയിനറുമായ ലിബിൻ നിലവിൽ റിമിയുടെ ജിം കോച്ച് കൂടിയാണ്. നവംബർ 14ന് മുംബൈയിലെ ഡോംബിവല്ലിയിലുള്ള മാർത്തോമാ പള്ളിയിൽ വച്ചാണ് വിവാഹം നടക്കുക. വിവാഹക്ഷണക്കത്തും റിമി തന്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവച്ചു.

കഴിഞ്ഞ മാർച്ചിലാണ് ഇരുവരും ആദ്യമായി നേരിൽ കണ്ടുമുട്ടിയത്. എന്നാൽ അതിനുമുമ്പ് തന്നെ ഫോണിലൂടെയുള്ള സംസാരത്തിലൂടെ പരസ്പരം അടുത്തറിയുകയും വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്തിരുന്നുവെന്ന് റിമി വെളിപ്പെടുത്തി. കഴിഞ്ഞ മാസങ്ങളിലെ പരിചയം ഇരുവരെയും കൂടുതൽ അടുപ്പിച്ചു.

ലിബിനൊപ്പമുള്ളപ്പോൾ തനിക്ക് ലഭിക്കുന്ന സമാധാനവും ആത്മവിശ്വാസവുമാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് റിമി പറയുന്നു. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും കൂടെയുണ്ടാകുമെന്ന ഉറപ്പും പിന്തുണയും ലിബിനിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. ഒരു ജീവിതപങ്കാളി എന്നതിലുപരി ഏറ്റവും അടുത്ത സുഹൃത്തായാണ് ലിബിനെ കാണുന്നതെന്നും റിമി കൂട്ടിച്ചേർത്തു.

ചെറിയ ചടങ്ങായിട്ടായിരിക്കും വിവാഹം നടക്കുക. സിനിമാ-സംഗീത മേഖലയിൽ നിന്നുള്ളവരെപ്പോലും പ്രത്യേകം ക്ഷണിക്കുന്നില്ലെന്നും എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവുമാണ് താൻ ആഗ്രഹിക്കുന്നതെന്നും റിമി പറഞ്ഞു.

അതേസമയം, തന്റെ മുൻഭർത്താവിനെ ഉൾപ്പെടുത്തി അനാവശ്യമായ വാർത്തകളും വീഡിയോകളും പ്രചരിപ്പിക്കരുതെന്നും റിമി അഭ്യർഥിച്ചു. അദ്ദേഹവും സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണെന്നും വ്യക്തിജീവിതത്തെ മാനിക്കണമെന്നും താരം ഓർമിപ്പിച്ചു.

പുതിയ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്ന റിമി ടോമിക്ക് ആശംസകളുമായി ആരാധകരും രംഗത്തെത്തുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here