സമൂഹമാധ്യമങ്ങളിലെ ആരോഗ്യ ട്രെൻഡുകൾക്ക് പിന്നാലെ പോയി ദിവസവും 10 മുതൽ 12 വരെ ഗ്രാമ്പൂ വീതം വാരിത്തിന്നുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക, അമൃതും അധികമായാൽ വിഷമെന്നതുപോലെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഈ സുഗന്ധവ്യഞ്ജനം അമിതമായി ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
അടുത്തിടെ സമൂഹമാധ്യമമായ ക്വോറയിൽ (Quora) ഒരാൾ ചോദിച്ച ചോദ്യമാണ് ഇപ്പോൾ ആരോഗ്യവിദഗ്ധർക്കിടയിൽ ചർച്ചയായിരിക്കുന്നത്. തൻ്റെ സുഹൃത്ത് ദിവസവും 10 മുതൽ 12 വരെ ഗ്രാമ്പൂ വീതം കഴിക്കാറുണ്ടെന്നും ഇത് ആരോഗ്യത്തിന് നല്ലതാണോ അതോ ദോഷകരമാണോ എന്നുമായിരുന്നു ചോദ്യം. ഇതിന് കൃത്യമായ മറുപടി നൽകുകയാണ് താനെയിലെ കിംസ് ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യനായ അമ്രീൻ ഷെയ്ഖ്. ദിവസവും 10 മുതൽ 12 വരെ ഗ്രാമ്പൂ കഴിക്കുന്നത് പലരിലും വിപരീത ഫലമുണ്ടാക്കുമെന്ന് അവർ വ്യക്തമാക്കുന്നു. വല്ലപ്പോഴും അല്പം കൂടുതൽ കഴിക്കുന്നത് വലിയ പ്രശ്നമുണ്ടാക്കില്ലെങ്കിലും, സ്ഥിരമായി ഉയർന്ന അളവിൽ ഗ്രാമ്പൂ ശരീരത്തിലെത്തുന്നത് ഒട്ടും അഭിലഷണീയമല്ല.
ആൻ്റിഓക്സിഡൻ്റുകളുടെയും ആൻ്റി ഇൻഫ്ലമേറ്ററി ഘടകങ്ങളുടെയും കലവറയായ ഗ്രാമ്പൂ ഒരു സൂപ്പർ സ്പൈസ് ആയാണ് കണക്കാക്കപ്പെടുന്നത്. ഇതിലടങ്ങിയിരിക്കുന്ന യൂജെനോൾ എന്ന സംയുക്തമാണ് ഇതിന് ഔഷധഗുണം നൽകുന്നത്. മിതമായ അളവിൽ ഉപയോഗിച്ചാൽ ദഹനപ്രശ്നങ്ങൾ അകറ്റാനും, വായുടെ ആരോഗ്യം സംരക്ഷിക്കാനും, ചെറിയ ശാരീരിക അസ്വസ്ഥതകൾക്ക് പരിഹാരം കാണാനും ഗ്രാമ്പൂവിന് കഴിയും. പല്ലുവേദനയ്ക്ക് ശമനം നൽകാൻ പണ്ടുകാലം മുതൽക്കേ ആയുർവേദത്തിൽ ഉൾപ്പെടെ ഗ്രാമ്പൂ ഉപയോഗിച്ചുവരുന്നുണ്ട്. മാംഗനീസ്, വിറ്റാമിൻ കെ തുടങ്ങിയവയും ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ ഗുണങ്ങൾ ഏറെയുണ്ടെന്ന് കരുതി അമിതമായി കഴിക്കുന്നത് കൂടുതൽ ഗുണം നൽകില്ലെന്ന് മാത്രമല്ല, വിപരീത ഫലങ്ങൾക്ക് കാരണമാകുകയും ചെയ്യും.
അമിതമായാൽ വില്ലൻ
ഗ്രാമ്പൂ അമിതമായി കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വയറ്റിലെ അസ്വസ്ഥതകളാണ്. ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, വയറുവേദന, ഓക്കാനം തുടങ്ങിയ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഗ്രാമ്പൂവിന് വളരെ തീവ്രമായ സ്വഭാവമുള്ളതിനാൽ ചിലർക്ക് വായിൽ അസ്വസ്ഥതയോ നീറ്റലോ അനുഭവപ്പെടാനും സാധ്യതയുണ്ട്.
രക്തം നേർപ്പിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഗ്രാമ്പൂവിലെ സജീവ ഘടകമായ യൂജെനോളിന് രക്തം നേർപ്പിക്കാനുള്ള കഴിവുണ്ട്. അതിനാൽ രക്തം നേർപ്പിക്കുന്നതിനുള്ള മരുന്നുകൾ കഴിക്കുന്നവരും, ശസ്ത്രക്രിയയ്ക്ക് വിധേയരാകാൻ തയ്യാറെടുക്കുന്നവരും ഗ്രാമ്പൂ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അമിതമായ ഉപയോഗം ഇത്തരക്കാരിൽ രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിക്കും. കൂടാതെ, ദീർഘകാലം ഉയർന്ന അളവിൽ ഗ്രാമ്പൂ കഴിക്കുന്നത് കരളിൻ്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ സാധാരണ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകില്ല.
മിതമായ ഉപയോഗം
ഒരു സമീകൃതാഹാരത്തിൻ്റെ ഭാഗമായി ഗ്രാമ്പൂ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും ഫലപ്രദം. പാചകം ചെയ്യുമ്പോഴോ, ചായയിലോ, വല്ലപ്പോഴും വീട്ടുചികിത്സയുടെ ഭാഗമായോ ചെറിയ അളവിൽ ഉപയോഗിക്കുന്നത് മാത്രമാണ് ആരോഗ്യത്തിന് നല്ലത്. ഏതെങ്കിലും ഒരു ഭക്ഷണസാധനം മാത്രം അമിതമായി കഴിക്കുന്നതിനേക്കാൾ, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കുന്നതാണ് ശരീരത്തിന് ഗുണം ചെയ്യുക. സമൂഹമാധ്യമങ്ങളിലെ ട്രെൻഡുകൾ കണ്ടോ, പെട്ടെന്ന് ആരോഗ്യം മെച്ചപ്പെടുത്താമെന്നോ കരുതി ഏതെങ്കിലും ഒരു ചേരുവ അസാധാരണമായ അളവിൽ കഴിച്ചുതുടങ്ങുമ്പോൾ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമോ എന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണെന്നും ഡയറ്റീഷ്യൻ അമ്രീൻ ഷെയ്ഖ് കൂട്ടിച്ചേർത്തു.






