ആനവണ്ടിയിൽ തിയറ്ററിലെത്തി സിനിമ കണ്ട് വിദ്യാർഥികൾ,

0
4

വയനാട്: വലിയ സ്ക്രീനിൽ മിന്നിമറയുന്ന വർണക്കാഴ്ചകൾ കാണാൻ കൊതിച്ച ആദിവാസി മേഖലയിലെ കുരുന്നുകൾക്ക് മുന്നിലേക്ക് സാക്ഷാൽ ജില്ലാ കലക്ടർ തന്നെ ഒരു മാലാഖയെപ്പോലെ പറന്നിറങ്ങി. ഒരു വാക്ക് ചോദിച്ചതേയുള്ളൂ, ആഗ്രഹിച്ച സിനിമ കാണാൻ ആനവണ്ടിയിൽ തിയറ്ററിലേക്കുള്ള യാത്ര അതിവേഗം യാഥാർഥ്യമായതിൻ്റെ അമ്പരപ്പിലും ആഹ്ളാദത്തിലുമാണ് നൂൽപ്പുഴയിലെ ഒരു കൂട്ടം വിദ്യാർഥികൾ. വയനാട് ജില്ലാ കലക്ടർ ചെൽസാസിനിയുടെ അപ്രതീക്ഷിത സമ്മാനത്തിൽ സൂപ്പർ താരം രജനികാന്തിൻ്റെ ഏറ്റവും പുതിയ ചിത്രം കണ്ട് മടങ്ങിയതിൻ്റെ ആവേശത്തിലാണ് ഈ കുട്ടികൾ.

നൂൽപ്പുഴ കല്ലൂർ രാജീവ് ഗാന്ധി റസിഡൻഷ്യൽ സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികളാണ് സുൽത്താൻ ബത്തേരി മിൻ്റ് സിനിമാസിലെത്തി ‘ജയിലർ 2’ എന്ന സിനിമ കണ്ട് മടങ്ങിയത്. കഴിഞ്ഞ ദിവസം വിദ്യാലയം സന്ദർശിച്ച് കുട്ടികളോട് സംസാരിക്കുന്നതിനിടയിലാണ് കലക്ടർ അവരുടെ മനസ്സിലെ ആഗ്രഹം ചോദിച്ചറിഞ്ഞത്. എന്താണ് നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം എന്ന ജില്ലാ കലക്ടറുടെ ചോദ്യത്തിന്, വലിയ തിയറ്ററിൽ പോയി ഒരു സിനിമ കാണണം എന്നായിരുന്നു കുരുന്നുകളുടെ മറുപടി. കുട്ടികളുടെ ഈ ആഗ്രഹം വളരെ സന്തോഷത്തോടെ കേട്ടുനിന്ന കലക്ടർ അത് അതിവേഗം യാഥാർഥ്യമാക്കുകയായിരുന്നു.

 

കലക്ടറുടെ ഈ അപ്രതീക്ഷിത സമ്മാനത്തിലൂടെ തിയറ്ററിലെത്തി വലിയ സ്ക്രീനിൽ സിനിമ കാണാൻ കഴിഞ്ഞത് തങ്ങളുടെ ജീവിതത്തിലെ തികച്ചും വേറിട്ട അനുഭവമാണെന്ന് വിദ്യാർഥികൾ പറയുന്നു. വെറുതെ ഒരു ആഗ്രഹം പറഞ്ഞതാണെങ്കിലും അത് ഇത്ര വേഗം സാധ്യമാക്കി തരുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങളുടെ ചെറിയ ആഗ്രഹത്തെ ഇത്രയും സന്തോഷത്തോടെ ഏറ്റെടുത്ത കലക്ടർക്ക് വിദ്യാർഥികൾ ഹൃദയത്തിൽ നിന്നും നന്ദി അറിയിച്ചു. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന 213 വിദ്യാർഥികളാണ് അധ്യാപകർക്കൊപ്പം തിയറ്ററിലേക്ക് എത്തിയത്. രാവിലെയും ഉച്ചയ്ക്കുശേഷവുമായി രണ്ട് ബാച്ചുകളായാണ് കുട്ടികൾക്ക് സിനിമ പ്രദർശിപ്പിച്ചത്. ഇതിൽ പങ്കെടുത്ത ഭൂരിഭാഗം കുട്ടികൾക്കും തിയറ്ററിലെ ഫിലിം ആസ്വാദനം ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു.

ആനവണ്ടിയിലെ ആഘോഷയാത്ര

കുട്ടികൾക്കായി തിയറ്റർ അധികൃതർ ലഘുഭക്ഷണവും തയാറാക്കിയിരുന്നു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാഗമായുള്ള പ്രത്യേക ആനവണ്ടിയിലാണ് കുട്ടികളെ സ്കൂളിൽ നിന്നും തിയറ്ററിലേക്ക് കൊണ്ടുപോയത്. കൂട്ടുകാർക്കൊപ്പം പാട്ടും തമാശകളുമായി കെഎസ്ആർടിസി ബസിലെ യാത്രയും വിദ്യാർഥികൾ വലിയ ആഘോഷമാക്കി മാറ്റി.

ആഗ്രഹിച്ച സിനിമയും കണ്ട്, ആനവണ്ടി യാത്രയും ആസ്വദിച്ച് വലിയൊരു ഓർമക്കൂട്ടവുമായിട്ടാണ് ഈ കുരുന്നുകൾ തിരികെ മടങ്ങിയത്. കുട്ടികൾക്കുള്ള സിനിമാ പ്രദർശനം പൂർണമായും സൗജന്യമായി സ്പോൺസർ ചെയ്ത മിൻ്റ് സിനിമാസിനും, യാത്രാസൗകര്യം ഒരുക്കിയ കെഎസ്ആർടിസിക്കും, സ്കൂൾ ജീവനക്കാർക്കും ജില്ലാ കലക്ടർ തൻ്റെ ഔദ്യോഗിക സമൂഹമാധ്യമ പേജ് വഴി നന്ദി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here