തിരുവനന്തപുരം: വാഹന ഉടമകൾക്ക് ഇതാ ഒരു സന്തോഷവാർത്ത! ക്യാമറക്കണ്ണുകളിൽ പെട്ടോ അല്ലാതെയോ നിങ്ങളുടെ വാഹനത്തിൻ്റെ പേരിൽ പിഴകൾ വന്നിട്ടുണ്ടെങ്കിൽ, അത് പകുതി പണം മാത്രം നൽകി തീർപ്പാക്കാനുള്ള സുവർണാവസരവുമായി കേരള മോട്ടോർ വാഹന വകുപ്പ്. ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ അദാലത്തുകൾക്ക് തുടക്കം കുറിക്കുകയാണ്. പിഴ അടയ്ക്കാത്തത് കാരണം വണ്ടി വിൽക്കാനോ, ഫിറ്റ്നസ് പുതുക്കാനോ, മറ്റ് ആർ.ടി.ഒ സേവനങ്ങൾക്കോ ബുദ്ധിമുട്ടുന്ന ലക്ഷക്കണക്കിന് വാഹന ഉടമകൾക്ക് വലിയൊരു ആശ്വാസമാണ് ഈ പുതിയ തീരുമാനം.
എന്താണ് ഈ സുവർണാവസരം?
കേരളത്തിലെ ആർ.ടി.ഒ ഓഫീസുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രത്യേക അദാലത്തുകളിലൂടെയാണ് ഈ ഇളവ് ലഭ്യമാകുന്നത്. AI ക്യാമറകൾ സ്ഥാപിച്ചതു മുതൽ സംസ്ഥാനത്ത് ലക്ഷക്കണക്കിന് ചലാനുകളാണ് കെട്ടിക്കിടക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പിഴത്തുക ഈടാക്കാനുള്ളതിനാലും, സാധാരണക്കാരായ ജനങ്ങൾക്ക് ഇതൊരു വലിയ ബാധ്യതയായതിനാലും ആണ് തുക പകുതിയായി കുറച്ച് ഈടാക്കാൻ സർക്കാർ തീരുമാനിച്ചത്.
മോട്ടോർ വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി
2026 മാർച്ച് 31 ൽ നാല് വർഷമോ അതിൽ കൂടുതലോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് അപേക്ഷിക്കാം. 2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉൾപ്പെടെ) 40% മാത്രം അടച്ചാൽ മതി. 2026 മാർച്ച് 31-ന് അവസാനിച്ച നാല് വർഷത്തെ നികുതി കുടിശ്ശികയുടെ (പിഴയും പലിശയും ഉൾപ്പെടെ) 30% അടച്ചാൽ മതി.
ഗ്രീൻ ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് വിഹിതം എന്നിവയിൽ നിന്ന് പൂർണ്ണ ഇളവ് ലഭിക്കും. റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്ക് നിശ്ചിത കുടിശ്ശിക തുകയോടൊപ്പം കളക്ഷൻ ചാർജുകൾ കൂടി അടച്ച് നടപടികൾ അവസാനിപ്പിക്കാം.
മോഷ്ടിക്കപ്പെട്ടതോ, പൊളിച്ചുവിറ്റതോ, പൂർണ്ണമായി നശിച്ചതോ, ഉപയോഗശൂന്യമായതോ ആയ വാഹനങ്ങൾക്ക് രേഖകൾ സഹിതം അപേക്ഷിച്ചാൽ പരിശോധനയ്ക്ക് ശേഷം ഭാവിയിലെ നികുതി ബാധ്യത ഒഴിവാക്കി നൽകും. ഇത്തരമൊരു നികുതി ഇളവ് ഇനി ഭാവിയിൽ ലഭിക്കുന്നതല്ല. പദ്ധതി പ്രയോജനപ്പെടുത്തുന്നവർ തുടർന്ന് കൃത്യമായി നികുതി അടയ്ക്കണം. വീണ്ടും കുടിശ്ശിക വരുത്തിയാൽ ഭാവിയിൽ ഇളവുകൾ ലഭിക്കില്ല. നികുതി ബാധ്യത ഒഴിവാക്കി ഇളവ് നേടിയ വാഹനം പിന്നീട് നിരത്തിലിറക്കിയാൽ 2026 ഏപ്രിൽ 1 മുതലുള്ള മുഴുവൻ നികുതിയും പിഴയും പലിശയും സഹിതം അടയ്ക്കേണ്ടി വരുമെന്നും അവസാന തീയതി 2027 മാർച്ച് 31 ആണെന്നും എംവിഡി അറിയിച്ചു.
ആർക്കൊക്കെ ഈ ആനുകൂല്യം ലഭിക്കും?
ഹെൽമെറ്റ് വെക്കാത്തത്, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, ട്രിപ്പിൾ റൈഡിംഗ്, ഡ്രൈവിംഗിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങൾക്ക് AI ക്യാമറ വഴി ലഭിച്ച ചലാനുകൾക്ക് ഇളവ് ലഭിക്കും. ഏറെ നാളായി അടയ്ക്കാതെ മാറ്റിവെച്ചിരിക്കുന്ന പഴയ ട്രാഫിക് ഫൈനുകൾ പകുതി തുക നൽകി ക്ലിയർ ചെയ്യാം. നിലവിൽ കോടതിയുടെ പരിഗണനയ്ക്ക് വിടാത്തതും മോട്ടോർ വാഹന വകുപ്പിന്റെ പക്കലുള്ളതുമായ ചലാനുകൾക്കാണ് ഈ 50% ഡിസ്കൗണ്ട് ബാധകമാകുന്നത്.
എങ്ങനെ പിഴ തുക ഇളവോടെ അടയ്ക്കാം?
കേന്ദ്ര സർക്കാരിന്റെ Parivahan E-Challan പോർട്ടൽ വഴിയോ കേരള MVD-യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ലോഗിൻ ചെയ്ത് ഇളവുകളോടെ ഓൺലൈനായി തുക അടയ്ക്കാം. നിങ്ങളുടെ പരിധിയിലുള്ള ആർ.ടി.ഒ (RTO) ഓഫീസുകളിൽ നേരിട്ടെത്തി അദാലത്ത് ദിവസങ്ങളിൽ പിഴ തുക ഒടുക്കാവുന്നതാണ്.
വൈകിയാൽ പിടിവീഴും!
ഈ പരിമിതകാല ഓഫർ കഴിഞ്ഞാൽ പിഴ ഈടാക്കുന്നതിൽ കടുത്ത നടപടികളിലേക്ക് പോകാനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ തീരുമാനം. പിഴ അടയ്ക്കാത്ത വാഹനങ്ങളുടെ ബ്ലാക്ക് ലിസ്റ്റ് തയ്യാറാക്കുമെന്നും, അത്തരം വാഹനങ്ങൾക്ക് റോഡ് ടാക്സ് അടയ്ക്കാനോ ഇൻഷുറൻസ് പുതുക്കാനോ സാധിക്കില്ലെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതുകൊണ്ട്, നിങ്ങളുടെ വണ്ടിയുടെ പേരിൽ ഫൈൻ ഉണ്ടോ എന്ന് ഇന്ന് തന്നെ പരിശോധിക്കൂ, ഈ സുവർണാവസരം പരമാവധി പ്രയോജനപ്പെടുത്തൂ! സുരക്ഷിതമായി ഡ്രൈവ് ചെയ്യൂ, നിയമങ്ങൾ പാലിക്കൂ.





