ഇന്ത്യയില്‍ ടിബിയും ശ്വാസകോശ അർബുദവും നേരത്തെ കണ്ടെത്താൻ എഐ;

0
1

ജയ്‌പൂർ: ഇന്ത്യയിലെ ക്ഷയരോഗ (ടിബി), ശ്വാസകോശ അർബുദ പ്രതിരോധ പ്രവർത്തനങ്ങളിൽ കൃത്രിമബുദ്ധി (എഐ) വലിയൊരു വഴിത്തിരിവായേക്കാമെന്ന് കണ്ടെത്തൽ. സംശയാസ്‌പദമായ വ്യതിയാനങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാനും ഗുരുതരമായ അവസ്ഥയിലുള്ള രോഗികൾക്ക് മുൻഗണന നൽകാനും തുടർന്നുള്ള പരിശോധനകൾ വേഗത്തിലാക്കാനും ഇത് ഡോക്‌ടർമാരെ സഹായിക്കുന്നു. ഒക്ടോബർ 22 മുതൽ 25 വരെ ജയ്‌പൂരിൽ നടന്ന നാഷണൽ കോളജ് ഓഫ് ചെസ്‌റ്റ് ഫിസിഷ്യൻസ്-ഇന്ത്യ (എൻസിസിപി-ഐ), ഇന്ത്യൻ ചെസ്‌റ്റ് സൊസൈറ്റി (ഐസിഎസ്) എന്നിവയുടെ 28-ാമത് സംയുക്ത വാർഷിക ദേശീയ സമ്മേളനമായ ‘നാപ്കോൺ 2026’ ൽ (NAPCON 2026) ആണ് വിദഗ്‌ധർ ഇതിനെപ്പറ്റി വ്യക്തമാക്കിയത്.

ഇന്ത്യ, അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം പൽമണോളജിസ്‌റ്റുകൾ, റെസ്‌പിറേറ്ററി ഫിസിഷ്യൻമാർ, ഗവേഷകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ശ്വാസകോശ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്ന രീതിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ കൃത്രിമബുദ്ധിക്ക് കഴിയുമെന്ന്, സമ്മേളനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് ഡൽഹി എയിംസിലെ മുൻ ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. ചെസ്‌റ്റ് എക്‌സ്‌-റേകളിലും സിടി സ്‌കാനുകളിലും കാണുന്ന സംശയാസ്‌പദമായ കണ്ടെത്തലുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിലൂടെ, ഡോക്‌ടർമാർക്ക് കൂടുതൽ വേഗതയേറിയതും കൃത്യവുമായ തീരുമാനങ്ങളെടുക്കാനും രോഗികളെ സമയബന്ധിതമായ പരിശോധനകളിലേക്ക് നയിക്കാനും എഐക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെസ്‌റ്റ് എക്‌സ്-റേകൾ വിശകലനം ചെയ്യാനും ക്ഷയരോഗത്തിൻ്റെ ലക്ഷണങ്ങൾ ഉണ്ടായേക്കാവുന്ന വ്യതിയാനങ്ങൾ അടയാളപ്പെടുത്താനും എഐ സാങ്കേതികവിദ്യയിലുള്ള സോഫ്റ്റ്‌വെയറുകൾക്ക് കഴിയും. ഇത് കൂടുതൽ പരിശോധനകൾ ആവശ്യമായവരെ വേഗത്തിൽ തിരിച്ചറിയാൻ ആരോഗ്യപ്രവർത്തകരെ സഹായിക്കും. അനുയോജ്യരായ ജനവിഭാഗങ്ങളിൽ ക്ഷയരോഗ നിർണയത്തിനായി കമ്പ്യൂട്ടർ അസിസ്‌റ്റഡ് ഡിറ്റക്ഷൻ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്‌തിട്ടുണ്ട്.

2024 ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ഷയരോഗങ്ങളിൽ ഏകദേശം 26 ശതമാനവും ഇന്ത്യയിലായതിനാൽ ആരോഗ്യ സൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മൊബൈൽ ഡയഗ്നോസ്‌റ്റിക് പ്രോഗ്രാമുകൾ എന്നിവിടങ്ങളിൽ എഐ അധിഷ്‌ഠിത പരിശോധനകൾ വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെട്ടു.

വേഗത്തിലുള്ള രോഗനിർണയത്തിനും മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്നതിനും സഹായിക്കുന്നതിലൂടെ രോഗം കണ്ടെത്തുന്നതിലും ചികിത്സ ആരംഭിക്കുന്നതിലുമുള്ള താമസം ലഘൂകരിക്കാൻ ഈ സാങ്കേതികവിദ്യക്ക് സാധിക്കും. എന്നിരുന്നാലും, രോഗം സ്ഥിരീകരിക്കുന്നതിനുള്ള അന്തിമ പരിശോധനകൾ അനിവാര്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. എഐ ഉപയോഗിച്ചുള്ള ഇമേജിങ് പരിശോധനകൾ ഒരു രോഗനിർണയ ഉപാധിയായി മാത്രം കാണാതെ, ഡോക്‌ടർമാരുടെ ക്ലിനിക്കൽ വിലയിരുത്തലുകൾക്കും നിലവിലുള്ള കൃത്യമായ രോഗനിർണയ നിയമങ്ങൾക്കും ഒപ്പമായിരിക്കണം ഉപയോഗിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

വിദഗ്‌ധരുടെ സേവനം എപ്പോഴും ലഭ്യമാകാത്ത സാഹചര്യങ്ങളിൽ ക്ഷയരോഗ നിർണയം കൂടുതൽ വ്യാപിപ്പിക്കുന്നതിന്, എഐ സാങ്കേതികവിദ്യയിലുള്ള ചെസ്‌റ്റ് എക്‌സ്-റേ പരിശോധനകൾ വലിയൊരു അവസരമാണ് നൽകുന്നതെന്ന് ഡൽഹി വല്ലഭ്ഭായ് പട്ടേൽ ചെസ്‌റ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടർ ഡോ. രാജ് കുമാർ പറഞ്ഞു. തുടർപരിശോധനകൾ ആവശ്യമായ രോഗികൾക്ക് മുൻഗണന നൽകാനും സ്ക്രീനിങ് കൂടുതൽ കാര്യക്ഷമമാക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കും. രോഗികൾക്ക് സ്ഥിരീകരണ പരിശോധനകളും സമയബന്ധിതമായ ചികിത്സയും ഉറപ്പാക്കുന്ന വിശ്വസനീയമായ ഒരു രോഗനിർണയ സംവിധാനത്തിലേക്ക് ഈ ടൂളുകളെ സമന്വയിപ്പിക്കുമ്പോൾ മാത്രമായിരിക്കും ഇതിൻ്റെ യഥാർഥ പ്രയോജനം ലഭിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്വാസകോശ അർബുദം കണ്ടെത്തുന്നതിലും എഐ ഒരു മികച്ച ഉപാധി

സിടി സ്‌കാനുകൾ കൃത്യമായി പരിശോധിച്ച് ശ്വാസകോശത്തിലെ സംശയാസ്‌പദമായ മുഴകൾ കണ്ടെത്താനും അസാധാരണത്വങ്ങൾ എടുത്തുകാണിക്കാനും എഐ അൽഗോരിതങ്ങൾക്ക് കഴിയും. ഇത് രോഗം വഷളാകുന്നതിന് മുൻപ് തന്നെ ചികിത്സ ആരംഭിക്കാനുള്ള അവസരങ്ങൾ വർധിപ്പിക്കുന്നു. ശ്വാസകോശ അർബുദ ചികിത്സയുടെ വിജയം രോഗം എത്ര നേരത്തെ കണ്ടെത്തുന്നു എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യുണൈറ്റഡ് കിങ്‌ഡത്തിലെ ലങ്കാഷെയർ ടീച്ചിങ് ഹോസ്‌പിറ്റൽസിലെ സീനിയർ ഇൻ്റർവെൻഷണൽ പൽമണോളജിസ്‌റ്റ് ഡോ. മുഹമ്മദ് മുനവ്വർ പറഞ്ഞു. എഐ ടൂളുകളുടെ പ്രവർത്തനം കൃത്യമായി സാക്ഷ്യപ്പെടുത്തിയതാണെന്ന് ഉറപ്പുവരുത്തണമെന്നും അവയുടെ കണ്ടെത്തലുകൾ വിദഗ്‌ധ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകർ തന്നെ വിലയിരുത്തണമെന്നും മുന്നറിയിപ്പ് നൽകി.

വലിയ അളവിലുള്ള മെഡിക്കൽ ഇമേജുകൾ കൈകാര്യം ചെയ്യുന്നതിനും അടിയന്തര ശ്രദ്ധ ആവശ്യമുള്ള രോഗികളെ വേഗത്തിൽ തിരിച്ചറിയാൻ ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നതിലൂടെയും ഇന്ത്യൻ പൽമണോളജി രംഗത്ത് വലിയൊരു മാറ്റം കൊണ്ടുവരാൻ എഐക്ക് സാധിക്കുമെന്ന് വിദഗ്‌ധർ വിശ്വസിക്കുന്നു. എന്നിരുന്നാലും ഇതിൻ്റെ വിജയം എന്നത് കുറഞ്ഞ ചെലവിലുള്ള ലഭ്യത, വിശ്വസനീയമായ അടിസ്ഥാന സൗകര്യങ്ങൾ, ആവശ്യമായ പരിശീലനം, ഇന്ത്യൻ ജനതയിൽ ഇവയുടെ ഫലപ്രാപ്‌തി തെളിയിക്കൽ, രോഗം സ്ഥിരീകരിക്കുന്നതിനും ചികിത്സിക്കുന്നതിനുമുള്ള വ്യക്തമായ മാർഗരേഖകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

എഐ എന്നത് ഡോക്‌ടർമാരുടെ വൈദഗ്ധ്യത്തിന് പകരമാവേണ്ട ഒന്നല്ല, മറിച്ച് അതിന് പൂരകമായിരിക്കണം ഉപയോഗിക്കേണ്ടതെന്നും അവർ വ്യക്തമാക്കി. ടിബിയും ശ്വാസകോശ അർബുദവും നേരത്തെ കണ്ടെത്തുന്നതിന് എഐ പുതിയ സാധ്യതകളാണ് നൽകുന്നത്. ഈ മുന്നേറ്റങ്ങളെ ഇന്ത്യയിലുടനീളമുള്ള രോഗികൾക്ക് പ്രയോജനപ്പെടുന്ന പ്രായോഗികവും ലളിതവുമായ പരിഹാരങ്ങളാക്കി മാറ്റുക എന്നതിനായിരിക്കണം നമ്മുടെ മുൻഗണന എന്ന് നാപ്കോൺ 2026 ൻ്റെ സംഘാടകർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here