പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ ഋതുരാജിന് 24 ലക്ഷം രൂപ പിഴ!

0
21

മുംബൈ: ഐപിഎല്ലില്‍ നിന്ന് ചെന്നൈ സൂപ്പർ കിങ്സ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്വാദിനും ടീം അംഗങ്ങൾക്കും കനത്ത പിഴ ചുമത്തി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നിശ്ചിത സമയത്ത് ഓവറുകൾ പൂർത്തിയാക്കാത്തതിനാണ് (സ്ലോ ഓവർ റേറ്റ്) നടപടി.

ഈ സീസണിൽ രണ്ടാം തവണയാണ് ചെന്നൈ ടീം ഈ തെറ്റ് ആവർത്തിക്കുന്നത്. ഇതേതുടർന്ന് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്വാദിനു 24 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ, ഇംപാക്റ്റ് പ്ലെയർ ഉൾപ്പെടെ പ്ലെയിങ് ഇലവനിലെ മറ്റ് എല്ലാ കളിക്കാർക്കും 6 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീസിന്‍റെ 25 ശതമാനമോ (ഏതാണോ കുറവ്) പിഴയായി ഒടുക്കണം. ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരമാണ് നടപടിയെന്ന് ഐപിഎൽ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

തകർന്നടിഞ്ഞ് ചെന്നൈ; പ്ലേ ഓഫിൽ കയറി ഗുജറാത്ത്

ഇന്നലെ നടന്ന നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോട് 89 റൺസിന്റെ വൻ തോൽവിയാണ് ചെന്നൈ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 4 വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 140 റൺസിന് എല്ലാവരും പുറത്തായി. ഈ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിനായുള്ള സാധ്യത ശക്തമാക്കി. 2023-ൽ കിരീടം നേടിയതിന് ശേഷം, തുടർച്ചയായ മൂന്നാം സീസണിലും ആദ്യ നാലിൽ ഇടം നേടാനാകാതെയാണ് ചെന്നൈ ഇത്തവണ മടങ്ങുന്നത്.

പരിക്കുകളും ടീമിലെ മാറ്റങ്ങളും തിരിച്ചടിയായെന്ന് ഋതുരാജ്

സീസണിലെ മോശം പ്രകടനത്തെക്കുറിച്ച് മത്സരശേഷം ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് പ്രതികരിച്ചു. “തുടർച്ചയായ മൂന്ന് തോൽവികളോടെ വളരെ ബുദ്ധിമുട്ടേറിയ തുടക്കമായിരുന്നു ഈ സീസണിലേത്. എന്നാൽ പിന്നീട് കൃത്യമായ കോമ്പിനേഷൻ കണ്ടെത്തി ഞങ്ങൾ ഫോമിലേക്ക് തിരിച്ചെത്തി. എന്നാൽ തുടരെെയുണ്ടായ പരിക്കുകൾ ടീമിനെ വീണ്ടും ബാധിച്ചു. പ്രത്യേകിച്ച് ജാമി, ഓൾറൗണ്ടർ രാമകൃഷ്‌ണ ഘോഷ് എന്നിവരുടെ അസാന്നിധ്യം പ്ലെയിങ് 12-ന്‍റെ സന്തുലിതാവസ്ഥ തെറ്റിച്ചു. ഞങ്ങളുടേത് ഒരു പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുന്ന യുവ ടീമാണെന്നത് പലരും ഉൾക്കൊള്ളുന്നില്ല. ഈ കഠിനമായ ടൂർണമെന്‍റില്‍ കളിക്കാൻ പരിചയസമ്പന്നരായ താരങ്ങൾ ടീമിൽ കുറവായിരുന്നുവെന്ന് താരം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here