കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്‍മാര്‍ തള്ളി

0
78

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് എതിരായ ഇംപീച്ച്‌മെന്റ് നോട്ടീസ് ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്‍മാര്‍ തള്ളി. നോട്ടീസ് തള്ളിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. 193 പ്രതിപക്ഷ എംപിമാരായിരുന്നു നോട്ടീസില്‍ ഒപ്പുവച്ചിരുന്നത്.

വിവേചന പരമായ പെരുമാറ്റം ഉള്‍പ്പെടെ ആറോളം പരാതികള്‍ ഉന്നയിച്ചാണ് ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടിരുന്നത്. ഉന്നയിച്ച എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇംപീച്ച്‌മെന്റ് നോട്ടീസ് സ്വീകരിക്കാതിരിക്കാനുള്ള അധികാരം വിനിയോഗിക്കുന്നുവെന്ന് മാത്രമാണ് ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 63 രാജ്യസഭാംഭങ്ങളും 130 ലോക്‌സഭാംഗങ്ങളുമാണ് നോട്ടീസ് നല്‍കിയിരുന്നത്. നോട്ടീസ് തള്ളിയതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രതിപക്ഷ നിവേദനം സ്വീകരിച്ച രാജ്യസഭയിലെ മുന്‍ അധ്യക്ഷന് എന്ത് സംഭവിച്ചു എന്ന് എല്ലാവര്‍ക്കും അറിയാമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ നിരവധി ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ചിരുന്നത്. ഔദ്യോഗിക സ്ഥാനത്ത് ഇരുന്ന് കൊണ്ട് ഗ്യാനേഷ് കുമാര്‍ പക്ഷപാത പരമായി പെരുമാറുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ എംപിമാര്‍ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് ഉന്നയിക്കുന്ന പരാതികളിലെ അന്വേഷണത്തെ അട്ടിമറിക്കാന്‍ മനപൂര്‍വമായി ശ്രമിക്കുന്നു, പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നു മുതലായവയാണ് ആരോപണങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here