ബംഗാളിലെഭക്ഷണരീതികളെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ സജീവമായിരിക്കെ, സസ്യാഹാരേതര പ്രസാദം അർപ്പിക്കുന്നതിൽ പേരുകേട്ട കൊൽക്കത്തയിലെ തന്താനിയ കാളിബാരി ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനം നടത്തി. ഏപ്രിൽ 29-ന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന നഗരത്തിൽ റോഡ്‌ഷോയ്ക്ക് ഇറങ്ങുന്നതിന് മുൻപാണ് പ്രധാനമന്ത്രി ഈ ക്ഷേത്രത്തിലെ അനുഗ്രഹം തേടിയത്.
300 വർഷം പഴക്കമുള്ള ഈ ആരാധനാലയത്തിൽ കാളി ദേവിയെ ‘മാ സിദ്ധേശ്വരി’ ആയാണ് ആരാധിക്കുന്നത്. ഇന്ത്യയിൽ സസ്യാഹാരേതര പ്രസാദം നിവേദിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഈ ആചാരത്തിന് പിന്നിൽ ശ്രീരാമകൃഷ്ണ പരമഹംസരുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്രമുണ്ട്. ബ്രഹ്മാനന്ദ കേശവ് ചന്ദ്ര സെന്നിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതിനിടെ ശ്രീരാമകൃഷ്ണൻ ‘മാ സിദ്ധേശ്വരി’ക്ക് ‘ദാബ്-ചിംഗ്‌രി’ (തേങ്ങയിൽ പാകം ചെയ്ത ചെമ്മീൻ) സമർപ്പിച്ചതായാണ് വിശ്വാസം. അന്നു മുതൽ ഈ ആചാരം തുടരുന്നു. പിന്നീട് ശ്രീരാമകൃഷ്ണൻ ശ്യാംപുകൂറിൽ താമസിക്കുന്നതിനിടെ രോഗബാധിതനായപ്പോഴും ഭക്തർ ഇതേ രീതി നടത്തിയിരുന്നു.
1703-ൽ സ്ഥാപിതമായ ഈ ക്ഷേത്രം കൊൽക്കത്തയുടെ ഔപചാരിക വികസനത്തിനും മുമ്പേ ഉള്ളതാണ്. ഇവിടുത്തെ പ്രതിഷ്ഠ ‘ജാഗ്രത’യുള്ളതാണെന്നും ഭക്തരുടെ പ്രാർത്ഥനകൾക്ക് ഉടൻ ഫലം ലഭിക്കുമെന്നുമാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും ധാരാളം ഭക്തരെ ആകർഷിക്കുന്നു, കൂടാതെ നഗരത്തിന്റെ ആത്മീയ സ്വത്വത്തിൽ ആഴത്തിൽ വേരൂന്നിയതുമാണ്.
ശ്രീരാമകൃഷ്ണ പരമഹംസരുമായി ഈ ക്ഷേത്രത്തിന് ശക്തമായ ബന്ധമുണ്ട്. അദ്ദേഹം ഇവിടെ പതിവായി സന്ദർശിക്കുകയും ഭക്തിഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ‘ശങ്കരന്റെ ഹൃദയത്തിൽ കാളി വസിക്കുന്നു’ എന്ന അർത്ഥം വരുന്ന ഒരു ലിഖിതം ക്ഷേത്രത്തിനുള്ളിൽ എഴുതിവച്ചിട്ടുണ്ട്.
ഭക്ഷണത്തെ കുറിച്ചുള്ള രാഷ്ട്രീയ തർക്കം
നോൺ-വെജ് ഭക്ഷരീതികളെ ചൊല്ലി പശ്ചിമബംഗാളിൽ രാഷ്ട്രീയ തർക്കം കൊടുമ്പിരിക്കൊള്ളുന്ന സമയത്താണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്. അധികാരത്തിലെത്തിയാൽ ബിജെപി സംസ്ഥാനത്തിന്റെ ഭക്ഷ്യ സംസ്കാരത്തിൽ ഇടപെടുമെന്ന് മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു.
ബിഹാർ, ഗുജറാത്ത് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്സവസമയത്ത് മാംസ-മത്സ്യ വിൽപനയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തൃണമൂൽ നേതാക്കൾ ഈ ആക്ഷേപമുന്നയിച്ചത്. ബംഗാളിന്റെ സാംസ്കാരിക വ്യക്തിത്വം ബി.ജെ.പിക്ക് മനസിലാകില്ലെന്നും മമത പരിഹസിച്ചു.
എന്നാൽ ഈ ആരോപണങ്ങൾ ബി.ജെപി തള്ളി. നോൺ-വെജ് ഭക്ഷണം നിരോധിക്കാൻ പദ്ധതിയില്ലെന്നും ജനങ്ങളുടെ ഭക്ഷണ സ്വാതന്ത്ര്യത്തെ മാനിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യയും കേന്ദ്രമന്ത്രി സുകാന്ത മജുംദാറും പറഞ്ഞു. ബി.ജെ.പി നേതാവ് തെംജൻ ഇംന അലോംഗ് താൻ മാംസം കഴിക്കുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് മമത ബാനർജിക്ക് മറുപടി നൽകിയത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള നേതാക്കളും പ്രചാരണത്തിനിടെ മീൻ കൂട്ടി ഊൺ കഴിച്ചതും ആരോപണങ്ങൾക്കുള്ള മറുപടിയായാണ് വിലയിരുത്തുന്നത്.








