കുട്ടികൾക്ക് പ്രത്യേകിച്ച് ആറ് മുതൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാന്‍ തുടങ്ങിയാൽ മിക്ക മാതാപിതാക്കൾ ടെൻഷൻ അടിക്കുന്ന കാര്യമാണ് എന്ത് കൊടുക്കുമെന്നത്. എന്നാൽ ഇനി അത് ഓർത്ത് വിഷമിക്കണ്ട. അതിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ആരോഗ്യ മേഖല. എന്താണെന്ന് അല്ലേ, പറഞ്ഞ് താരം.
കുട്ടികളിലെ ഭക്ഷണ അലർജികൾ എങ്ങനെ കണ്ടെത്താം, തടയാം, കൈകാര്യം ചെയാം എന്നതിനെക്കുറിച്ച് രാജ്യത്തെ ആദ്യമായി ഒരു ദേശീയ മാർഗനിർദേശം പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യ. ഈ നീക്കം കുട്ടിക്കാലത്ത് കടുത്ത ഭക്ഷണ അലർജികൾ ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് വിദഗ്‌ധർ പറയുന്നു. ചില സമയങ്ങളിൽ ഇതിനെ കുറിച്ചുള്ള വാർത്തകളും മറ്റും മാതാപിതാക്കളിലും ഡോക്‌ടർമാർക്കും ഒരുപോലെ സമർദം ഉണ്ടാക്കുന്നത് കണക്കിലെടുത്താണ് പുതിയ മാർഗനിർദേശം പുറപ്പെടുപ്പിച്ചത്.
ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ്, രാജ്യത്തുടനീളമുള്ള ശിശുരോഗ വിദഗ്‌ധർ, അലർജി വിദഗ്‌ധർ തുടങ്ങിയവർ സംയുക്തമായി പുറത്തിറക്കിയ മാർഗ രേഖയാണിത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ ഭക്ഷണ അലർജികൾ വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന് പരിഹാരമായി ഇത്തരം വിഷയങ്ങളിൽ അവബോധം സൃഷ്‌ടിക്കാനാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. പാൽ, മുട്ട, നിലക്കടല, ഗോതമ്പ്, മത്സ്യം, കടല, പയർ, എള്ള് തുടങ്ങിയവയിൽ നിന്ന് ഉണ്ടാകുന്ന അലർജികളെ കുറിച്ചും മറ്റും ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
മുലയൂട്ടൽ നിർബന്ധം
ഇതിലൂടെ കുട്ടികൾക്ക് കഴിക്കാനും ആരോഗ്യത്തിനും എന്താണ് ഏറ്റവും നല്ലതെന്ന് മനസിലാക്കാൻ കഴിയുമെന്നും വിദഗ്‌ധർ പറയുന്നു. ലോകാരോഗ്യ സംഘടന പോലുള്ള ആഗോള ആരോഗ്യ സ്ഥാപനങ്ങൾ ശുപാർശ ചെയ്യുന്നതുപോലെ കുഞ്ഞുങ്ങൾക്ക് ആദ്യത്തെ ആറ് മാസം മുലപ്പാൽ മാത്രമാണ് നിർബന്ധമായി നൽകുക. മറ്റ് ഭക്ഷണങ്ങൾ ഒന്നും നൽകേണ്ടതില്ല. അതുപോലെ ഗർഭാവസ്ഥയിലായിരിക്കുമ്പോൾ ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രമെ ഭക്ഷണ പദാർഥങ്ങളും മറ്റും കഴിക്കുന്നത് നിർത്താൻ പാടുള്ളൂ. ചുരുക്കി പറഞ്ഞാൽ ഗർഭകാലത്തോ മുലയൂട്ടുന്ന സമയത്തോ അലർജി ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ (നിലക്കടല, മുട്ട പോലുള്ളവ) അമ്മമാർ ഒഴിവാക്കേണ്ട ആവശ്യമില്ല.
അലർജി നേരത്തെ കണ്ടുപിടിക്കാം
ആറ് മാസം കഴിയുമ്പോഴാണ് കുഞ്ഞുങ്ങൾക്ക് കട്ടിയാഹാരങ്ങള്‍ കൊടുത്ത് തുടങ്ങുക. പതിയെ നിലക്കടല, മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ പരിചയപ്പെടുത്തുക. അത് അവരിൽ അലർജി ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും വേണം. എന്നാൽ അത്തരം കാര്യങ്ങൾ ചില സമയങ്ങളിൽ നമ്മളിൽ പലരും അത് ശ്രദ്ധിക്കാതെ പോകുന്നു എന്നതാണ് വാസ്‌തവം.
ഭക്ഷണ അലർജി രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന ഒന്നാണ്. മാറി വരുന്ന ജീവിതശൈലിയും മറ്റും ഇതിന് ഒരു കാരണമാണ്. പലപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ അലർജിയുടെ ലക്ഷണങ്ങളും മറ്റും കാണിക്കണമെന്നില്ല. അതിനാൽ അലർഡി ടെക്‌സ്‌റ്റ് നിർബന്ധമായി ചെയ്‌തിരിക്കണമെന്നാണ് ഡോക്‌ടേഴ്‌സ് പറയുന്നത്. വിശദമായ ക്ലിനിക്കൽ പരിശോധനയിലൂടെ മാത്രമെ രോഗനിർണയം സാധ്യമാകൂ. അതിൽ സ്‌കിൻ പ്രിക് ടെസ്‌റ്റിങ് നിർദിഷ്‌ട ഐജിഇ (IgE) രക്തപരിശോധന എന്നിവയും ഉൾപ്പെടുന്നു.






