വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച മാർഗ്ഗമാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ (Permanent Account Number – PAN). ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ (National Identification Number) ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ് മാത്രമേ രാജ്യത്ത് ഉണ്ടാകൂ. ഈ നമ്പർ ആലേഖനം ചെയ്ത് വ്യക്തികൾക്ക് നൽകുന്ന കാർഡിനെ പാൻ കാർഡ് എന്ന് വിളിക്കുന്നു. ഒരു വ്യക്തിയുടെ വിറ്റു വരവ്, വരവ്, ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ(വർഷം രണ്ടര ലക്ഷം)(AD 2018 ൽ) ആ വ്യക്തി പാൻ കാർഡ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ് .
അനധികൃത പണമിടപാടുകളും കള്ളപ്പണവും തടയാൻ ഉദ്ദേശിച്ചാണ് ആദായനികുതി വകുപ്പിന്റെ 139(എ)പ്രകാരം PAN വ്യവസ്ഥകൾ വിഭാവനം ചെയ്തിട്ടുള്ളത്. ആദായനികുതി അടയ്ക്കാനും, റിട്ടേൺ (Income Tax Return) വർഷാവർഷങ്ങളിൽ ഗവണ്മെന്റിനു സമർപ്പിക്കാനും മാത്രമല്ല, ദൈനംദിന എല്ലാ സാമ്പത്തിക ഇടപാടുകൾക്കും വരും കാലങ്ങളിൽ പാൻ നിർബന്ധമായേക്കാം.
പെർമനെന്റ് അക്കൗണ്ട് നമ്പറിൽ ആദ്യം 5 ഇംഗ്ലീഷ് അക്ഷരങ്ങളും (Alphabets) പിന്നെയുള്ള 4 അക്കങ്ങളും, അവസാനം ഒരു ഇംഗ്ലീഷ് അക്ഷരവുമായിരിക്കും. അതായത് ആകെ 10 എണ്ണം. ഇവ ഓരോന്നും പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്നു. പാൻ കാർഡിലെ 10 അക്ക അൽഫാന്യുമറിക് നമ്പറിലെ ഓരോ അക്ഷരത്തിനും ഒരു പ്രത്യേക അർത്ഥമുണ്ട്. വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന ഒരു രഹസ്യകോഡാണ് PAN നമ്പർ.
ആദായനികുതി വകുപ്പ് വളരെ കൃത്യമായ ഒരു ഫോർമുല ഉപയോഗിച്ചാണ് ഈ Permanent Account Number (PAN) നിർമ്മിക്കുന്നത്. PAN നമ്പർ സാധാരണയായി ഇങ്ങനെ കാണാം, ABCDE1234F. ഇതിൽ ആദ്യത്തെ മൂന്ന് അക്ഷരങ്ങൾ (AAA മുതൽ ZZZ വരെ) സീരിയൽ ക്രമത്തിൽ നൽകുന്ന അക്ഷരങ്ങളാണ്. നാലാമത്തെ അക്ഷരം പാൻ കാർഡ് ഏത് വിഭാഗത്തിൽപ്പെടുന്നതാണെന്ന് വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ‘P’ എന്നത് Individual (വ്യക്തി), ‘C’ Company, ‘H’ Hindu Undivided Family (HUF), ‘F’ Firm, ‘A’ Association of Persons (AOP) എന്നിവയെ സൂചിപ്പിക്കുന്നു. ഈ അക്ഷരം നിങ്ങൾ ആരാണെന്ന് വെളിപ്പെടുത്തുന്നു.
P – Individual ( ഒരു വ്യക്തിയാണെന്ന് അർത്ഥം)
C – Company (കമ്പനികൾക്ക്)
H – Hindu Undivided Family (HUF)
F – Firm (പങ്കാളിത്ത സ്ഥാപനങ്ങൾ)
T – Trust (ട്രസ്റ്റുകൾ)
അഞ്ചാമത്തെ അക്ഷരം നിങ്ങളുടെ ഇനീഷ്യലിനെ (Surname) സൂചിപ്പിക്കുന്നു. നിങ്ങളുടെ സർപ്പേരിലെ ആദ്യ അക്ഷരമായിരിക്കും ഇത്. ഉദാഹരണത്തിന്, നിങ്ങളുടെ പേര് ‘Rahul Kumar’ എന്നാണെങ്കിൽ അഞ്ചാമത്തെ അക്ഷരം ‘K’ ആയിരിക്കും. അടുത്ത നാല് അക്കങ്ങൾ (1234), ഇത് 0001 മുതൽ 9999 വരെയുള്ള ക്രമത്തിൽ വരുന്ന നമ്പറുകളാണ്.
അവസാന അക്ഷരം ഒരു ‘ആൽഫബെറ്റ് ചെക്ക് ഡിജിറ്റ്’ (Alphabet check digit) ആണ്. മുൻപുള്ള ഒൻപത് അക്കങ്ങളെ അടിസ്ഥാനമാക്കി ഒരു കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെ നിശ്ചയിക്കുന്ന അക്ഷരമാണിത്.
പാൻ കാർഡ് -ചില അറിവുകൾ
ഇത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ (laminated)ആയ ഒരു കാർഡ് ആണ്. ATM Card പോലെ. ഇതിൽ താഴെ പറയുന്ന സംഗതികൾ ഉണ്ടായിരിക്കും[1] :-
- PAN
- കാർഡ് ഉടമയുടെ പേര്
- കാർഡ് ഉടമയുടെ അച്ഛന്റെ പേര്
- ജനനത്തീയതി
- ഫോട്ടോ
- ബാങ്ക് അക്കൗണ്ട് നമ്പർ (ഒളിഞ്ഞു കിടക്കുന്നു)
- ഒപ്പ്
- കാർഡ് അനുവദിച്ച തിയ്യതി (ഇത് കാർഡിലെ ഫോട്ടോയുടെ വലതു വശത്തു ലംബമായി കാണപ്പെടുന്നു)







