സ്വര്‍ണം വിറ്റൊഴിവാക്കുന്നു; പഴയ സ്വര്‍ണത്തിന് വില കുറച്ച് വ്യാപാരികള്‍

0
29

സ്വര്‍ണവില കുത്തനെ ഇടിയാന്‍ തുടങ്ങിയതോടെ കൈയ്യിലുള്ള സ്വര്‍ണം വിറ്റഴിച്ച് ഉപഭോക്താക്കള്‍. വലിയ തോതില്‍ ഇനിയും വില കുറയുമെന്ന ആശങ്കയിലാണിത്. വില വന്‍തോതില്‍ കുറഞ്ഞാല്‍ പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ മൂല്യം ലഭിക്കില്ലെന്ന് ഉപഭോക്താക്കള്‍ കരുതുന്നു. ജ്വല്ലറികളിലേക്ക് ആളുകള്‍ എത്തുന്നത് സ്വര്‍ണം വില്‍ക്കാനാണ് എന്ന് വ്യാപാരികള്‍ പറയുന്നു.

ഒരു പവന്‍ സ്വര്‍ണത്തിന് 97360 രൂപ വരെ എത്തിയ ശേഷം 91720 രൂപയിലേക്ക് ഇടിഞ്ഞു. മൂന്ന് ദിവസത്തിനിടെയാണ് 5500 രൂപയില്‍ അധികം കുറഞ്ഞത്. ഇനിയും കുറഞ്ഞ് 70000 രൂപ വരെ എത്തുമെന്ന് പ്രവചനങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് ആശങ്കയിലായ ഉപഭോക്താക്കള്‍ പഴയ സ്വര്‍ണം വില്‍ക്കുന്നതില്‍ തിടുക്കം കാണിക്കുന്നത്. എന്നാല്‍ ഈ വേളയില്‍ മറ്റൊരു മാറ്റം സംഭവിക്കുന്നുണ്ട്….

സ്വര്‍ണവില കുതിച്ചുകൊണ്ടിരുന്ന ഘട്ടത്തില്‍ പഴയ സ്വര്‍ണത്തിന് ഏകദേശം മാര്‍ക്കറ്റ് വിലയ്ക്ക് അടുത്തുള്ള തുക ലഭിച്ചിരുന്നു. ഇനിയും വില കൂടുമെന്ന ആശ്വാസത്തിലാണ് ജ്വല്ലറി വ്യാപാരികള്‍ ഉയര്‍ന്ന വില കൊടുത്തിരുന്നത്. മാത്രമല്ല, തങ്കത്തിന് ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയതും നേട്ടമായി. എന്നാല്‍ വില ഇടിയാന്‍ തുടങ്ങിയതോടെ പഴയ സ്വര്‍ണം എടുക്കുന്നത് നഷ്ടമാകുമെന്ന് വ്യാപാരികള്‍ ഭയക്കുന്നു. പഴയ സ്വര്‍ണം നേരിടുന്ന വെല്ലുവിളി സാധാരണ ആഭരണം വാങ്ങിയ ജ്വല്ലറികളില്‍ തന്നെയാണ് ഉപഭോക്താക്കള്‍ തിരിച്ചുകൊടുക്കാറുള്ളത്. ഇത്തരത്തില്‍ തിരച്ചെത്തുന്ന പഴയ സ്വര്‍ണം വ്യാപാരികള്‍ വേഗത്തില്‍ ഇടപാടുകാര്‍ക്ക് കൈമാറുകയാണ് ചെയ്യുക. വില കുറയുന്ന വേളയില്‍ പ്രത്യേകിച്ചും. ഒരു ദിവസം പിന്നിട്ടാല്‍ പോലും വലിയ നഷ്ടമാകുമോ എന്നാണ് വ്യാപാരികളുടെ ഭയം. എന്നാല്‍ ഇടപാടുകാര്‍ പഴയ സ്വര്‍ണത്തിന് വലിയ മൂല്യം നല്‍കുന്നില്ല.
വിപണിയില്‍ പണത്തിന്റെ ലഭ്യത കുറഞ്ഞിരിക്കുന്നതും തിരിച്ചടിയായി. പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് വേഗത്തില്‍ പണം നല്‍കാന്‍ ജ്വല്ലറിക്കാര്‍ക്ക് സാധിക്കുന്നില്ല. പഴയ സ്വര്‍ണം വില്‍ക്കുന്നവരുടെ എണ്ണം കൂടിയത് ജ്വല്ലറി ഉടമകളെയും പ്രതിസന്ധിയിലാക്കി. ഈ ഘട്ടത്തില്‍ എല്ലാവര്‍ക്കും പണം കൊടുക്കാന്‍ ഇല്ലാത്ത സാഹചര്യമുണ്ട് എന്ന് ജ്വല്ലറി ഉടമകള്‍ പറയുന്നു. സ്വര്‍ണവില തിരിച്ചുകയറിയേക്കാം ഒരുപക്ഷേ സ്വര്‍ണവില തിരിച്ചുകയറാനുള്ള സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. വലിയ തോതിലുള്ള വര്‍ധനവ് ഉണ്ടായില്ലെങ്കിലും വില കുറയുന്നത് നിലച്ചേക്കും. റഷ്യയ്‌ക്കെതിരെ അമേരിക്ക ഉപരോധം ശക്തമാക്കുകയും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയുടെ എണ്ണ വാങ്ങുന്നത് കുറയ്ക്കാന്‍ തീരുമാനിച്ചു എന്ന വിവരങ്ങള്‍ പുറത്തുവന്നതുമാണ് ട്രെന്‍ഡ് മാറാന്‍ വഴിയൊരുക്കിയത്.

രാജ്യാന്തര വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് അല്‍പ്പം വില ഉയരുന്നുണ്ട്. 4380 ഡോളര്‍ വരെ എത്തിയ സ്വര്‍ണം 4040 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ 4100 കടന്നിട്ടുണ്ട്. വ്യാപാരം പുരോഗമിക്കുന്നതിനാല്‍ സ്വര്‍ണവിലയില്‍ ഇനിയും മാറ്റം പ്രതീക്ഷിക്കാം. അതുകൊണ്ടുതന്നെ കേരള വിപണിയിലും സ്വര്‍ണവില വര്‍ധിക്കാനുള്ള സാധ്യത തള്ളാനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here