സംസ്ഥാനത്ത് ഇന്നും മഴ തുടരും; ശബരിമലയിലും മഴയ്ക്ക് സാധ്യത, 8 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

0
76

കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. മകരജ്യോതിക്ക് ഒരുങ്ങവെ ശബരിമലയിലും മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും മഴ തുടരും. നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. 16.5 മില്ലി മീറ്റർ മുതൽ 64.5 മില്ലി മീറ്റർ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്‌തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകൾ നിർത്താതെ മഴ പെയ്‌തിരുന്നു.

ശബരിമലയിലും മഴയ്ക്ക് സാധ്യത

ശബരിമല മകരജ്യോതിക്ക് ഒരുങ്ങവെ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് മഴയ്ക്ക് സാധ്യത. ഇവിടത്തെ ആകാശം ഇന്ന് പൊതുവെ മേഘാവൃതമായിരിക്കും. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

ജാഗ്രതാ നിർദേശങ്ങൾ

  • ഇടിമിന്നലിൻ്റെ ആദ്യ ലക്ഷണം കണ്ട് കഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ ഉൾപ്പെടെ കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്‌ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
  • മഴ മേഘങ്ങള്‍ കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റിൽ മറിഞ്ഞ് വീഴാൻ സാധ്യതയുള്ള വസ്‌തുക്കൾ കെട്ടി വയ്‌ക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here