എറണാകുളം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 13,590 രൂപയിലും പവന് 760 രൂപ കുറഞ്ഞ് 1,08,720 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ വില കുറയുന്നത് ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിപണിയിൽ അനുഭവപ്പെടുന്ന ഈ ചാഞ്ചാട്ടം ഉപയോക്താക്കൾ സസൂക്ഷ്മമാണ് നിരീക്ഷിക്കുന്നത്.
മറ്റ് കാരറ്റുകളുടെ വില
മറ്റ് കാരറ്റുകളിലുള്ള സ്വർണത്തിനും ഇന്ന് നേരിയ വിലക്കുറവ് ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,165 രൂപയും പവന് 89,320 രൂപയുമാണ് ഇന്നത്തെ വിപണി വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 8,700 രൂപയും പവന് 69,600 രൂപയുമായി നിരക്ക് താഴ്ന്നു. അതേസമയം ഒൻപത് കാരറ്റ് സ്വർണത്തിന് 40 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 5,610 രൂപയും പവന് 44,880 രൂപയുമാണ് ഇന്നത്തെ വില.
വെള്ളി വില
സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് മാറ്റം പ്രകടമാണ്. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 2,350 രൂപയുമായി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വെള്ളി വിലയിലും നേരിയ കുറവ് വന്നിട്ടുണ്ട്. സ്വർണത്തിനൊപ്പം വെള്ളിവിലയും ഉയർന്ന നിരക്കിൽ തുടരുന്നത് വിപണിയിൽ വലിയ പ്രതിഫലനമാണ് ഉണ്ടാക്കുന്നത്. വ്യാവസായിക ആവശ്യങ്ങൾക്കും ആഭരണ നിർമാണത്തിനും വെള്ളിയുടെ ഉപയോഗം വർധിച്ചതാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. വൈദ്യുത വാഹനങ്ങളുടെ നിർമാണം, സോളാർ പാനലുകൾ തുടങ്ങിയ വ്യാവസായിക ആവശ്യങ്ങൾക്കായി ആഗോളതലത്തിൽ വെള്ളിയുടെ ഡിമാൻഡ് കുതിച്ചുയരുകയാണ്. ഇത് വരും ദിവസങ്ങളിലും വെള്ളി വിലയിൽ പ്രതിഫലിച്ചേക്കാം.
താഴ്ന്ന കാരറ്റുകൾക്ക് പ്രിയമേറുന്നു
സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിൽ തുടരുന്നതിനാൽ സാധാരണക്കാർക്ക് ഉയർന്ന വില കൊടുത്ത് ആഭരണം വാങ്ങാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അതിനാൽ താഴ്ന്ന കാരറ്റിലുള്ള ആഭരണങ്ങളെയാണ് ആളുകൾ കൂടുതലായി ആശ്രയിക്കുന്നത്. പ്രധാനമായും ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് ഈ കാരറ്റുകളിൽ ലഭ്യമാകുന്നത്. സാധാരണ സ്വർണാഭരണങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് പണിക്കൂലി അൽപം കൂടുതലായിരിക്കും. വിവാഹ സീസണും ഉത്സവകാലവും അടുത്തുവരുന്ന സാഹചര്യത്തിൽ വില ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയും ഉപയോക്താക്കൾക്കിടയിലുണ്ട്. അതിനാൽ പലരും അഡ്വാൻസ് ബുക്കിങ് സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. പഴയ സ്വർണം മാറ്റി പുതിയത് വാങ്ങുന്നവരും വിപണിയിൽ സജീവമാണ്.
വിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കുകളിൽ വരുത്തുന്ന മാറ്റങ്ങൾ, പണപ്പെരുപ്പം, ഡോളറിൻ്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ എന്നിവ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്. ഇതിന് പുറമെ, പശ്ചിമേഷ്യയിലെ ഇസ്രയേൽ – പലസ്തീൻ സംഘർഷങ്ങളും ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. ഓഹരി വിപണിയിലെ തകർച്ചയും മറ്റ് സാമ്പത്തിക പ്രതിസന്ധികളും ഉണ്ടാകുമ്പോൾ നിക്ഷേപകർ സ്വർണത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
ണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. രൂപയുടെ മൂല്യത്തകർച്ചയും ആഭ്യന്തര വിപണിയിലെ ഡിമാൻഡും വില നിർണയത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. വരും മാസങ്ങളിൽ വിവാഹ സീസൺ സജീവമാകുന്നതോടെ കേരളത്തിലെ വിപണിയിൽ സ്വർണത്തിൻ്റെ ഡിമാൻഡ് വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്.








