ഇന്ത്യയിൽ പ്രമേഹ രോഗികൾ കൂടുന്നു; മുൻനിര പട്ടികയിൽ കേരളവും

0
34

പ്രഭാതഭക്ഷണത്തിന് മുൻപ് പ്രഭാതസവാരിക്കിറങ്ങിയ പ്രായമായ വ്യക്തി, ചായയിൽ കൃത്യമായി അളന്ന് പഞ്ചസാരയിടുന്ന മധ്യവയസ്കൻ, കൈയിലെ സെൻസറുമായി ബന്ധിപ്പിച്ച ആപ്പിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് നില പരിശോധിക്കുന്ന യുവതി… എന്നിങ്ങനെ ഇന്ത്യയിലെ വഴിയോരങ്ങളിൽ എവിടെ തിരിഞ്ഞാലും പ്രമേഹത്തെ നേരിടുന്ന ആരെയെങ്കിലും കാണുകയെന്നത് ഇന്ന് വളരെ സാധാരണം മാത്രമായി മാറിയിരിക്കുകയാണ്.

കേവലം മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് കേട്ടുകേൾവി മാത്രമായിരുന്ന, ധനികരായ നഗരവാസികളെയോ പ്രായമായവരെയോ മാത്രം ബാധിച്ചിരുന്ന പ്രമേഹമെന്ന രോഗം, ഇന്ന് ആധുനിക ഇന്ത്യയുടെ മുഖ്യ ആരോഗ്യപ്രശ്നമായി വളർന്നിരിക്കുന്നത് ഏറെ ആശങ്കപ്പെടുത്തുന്ന ഒന്നാണ്. പ്രമേഹമെന്നത് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെപ്പോലും ഭീതിയിലാഴ്ത്തുന്ന വലിയൊരു മഹാമാരിയായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഇതിനെ ചെറുക്കേണ്ടത് ഓർമപ്പെടുത്തുന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ, നഗരവത്കരണം, ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങൾ, ഇന്ത്യാക്കാരിൽ കണ്ടുവരുന്ന ജനിതകമായ പ്രത്യേകതകൾ തുടങ്ങിയവയാണ് ഈ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ചത്. രാജ്യത്തുടനീളം ഒരേ നിരക്കിലല്ല പ്രമേഹം വർധിക്കുന്നതെന്ന് ഗവേഷകർ കണ്ടെത്തി. ചില സംസ്ഥാനങ്ങൾ പ്രമേഹത്തിൻ്റെ തീവ്രബാധിത പ്രദേശങ്ങളായി മാറി. ഈ മാറ്റങ്ങളുടെ കാരണങ്ങൾ പരിശോധിക്കുന്നത് രാജ്യത്തുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നൽകുന്നതാണ്.

ഗോവയിൽ രോഗികൾ കൂടുതൽ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ ഐസിഎംആർ-ഇന്ത്യാബ് (ICMR-INDIAB) പദ്ധതിയുടെ ഭാഗമായി ദി ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി (The Lancet Diabetes & Endocrinology) മാസികയിൽ ജൂൺ 2023ൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഇന്ത്യയിൽ 10 കോടിയിലധികം ആളുകൾ പ്രമേഹബാധിതരാണ്. എന്നാൽ ഈ രോഗികളുടെ എണ്ണം രാജ്യത്തുടനീളം ഒരേപോലെയല്ല എന്നതും ശ്രദ്ധേയമാണ്. പ്രമേഹവ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഗോവയാണ്. അവിടുത്തെ ജനസംഖ്യയുടെ 26.4 ശതമാനത്തിലധികം പേർക്കും പ്രമേഹമുണ്ട്. അതായത് ഗോവയിൽ ഏകദേശം നാല് പേരിൽ ഒരാൾക്ക് വീതം ഈ രോഗബാധയുണ്ട്.

തമിഴ്നാട്, കേരളം, പുതുച്ചേരി, പഞ്ചാബ്, ഛണ്ഡിഗഡ് എന്നിവയാണ് ഉയർന്ന രോഗനിരക്കുള്ള മറ്റ് പ്രദേശങ്ങൾ. ഈ അടുത്ത് 2023നും 2025നും ഇടയിൽ പുറത്തുവന്ന മറ്റൊരു വിശകലന റിപ്പോർട്ട് പ്രകാരം പ്രായാനുപാതികമായ പ്രമേഹവ്യാപനത്തിൽ (എഎസ്പിആർ- ASPR) തമിഴ്നാടാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോവയും കർണാടകയുമാണ് തൊട്ടുപിന്നിൽ. എന്നാൽ ഇതേസമയം ഉത്തർപ്രദേശിൽ പ്രമേഹനിരക്ക് കേവലം 4.8 ശതമാനം മാത്രമാണ്. രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നാണിത്.

രോഗവ്യാപനത്തിൻ്റെ കാരണങ്ങൾ

ജീവിതശൈലി, ഭക്ഷണശീലം, ജനസംഖ്യാപരമായ പ്രത്യേകതകൾ തുടങ്ങി നിരവധി ഘടകങ്ങൾ കൂടിച്ചേർന്നതാണ് ഗോവയിലെ ഉയർന്ന പ്രമേഹനിരക്കിന് കാരണമെന്ന് ബെംഗളൂരുവിലെ സ്പാർഷ് ആശുപത്രിയിലെ വിദഗ്ധൻ ഡോ. അശോക് എംഎൻ വ്യക്തമാക്കി.

പ്രമേഹം വരാൻ നിരവധി ഘടകങ്ങളുണ്ടെന്നും അത് പൂർണ്ണമായും ജനിതകമല്ലെന്നും ഹൈദരാബാദിലെ യശോദ ആശുപത്രിയിലെ വിദഗ്ധൻ ഡോ. ദിലീപ് ഗുഡെ ഇടിവി ഭാരതിനോട് പറഞ്ഞു. വ്യായാമമില്ലാത്ത സ്വഭാവം, നാരുകൾ കുറഞ്ഞതും കാർബോഹൈഡ്രേറ്റ് കൂടിയതുമായ ഭക്ഷണം, അമിതമായ നഗരവത്കരണം, തടസമില്ലാത്ത മാനസിക സമ്മർദം, ഉറക്കക്കുറവ്, ഉയർന്ന കലോറിയുള്ള ഭക്ഷണക്രമം എന്നിവയെല്ലാം ഇതിനെ സാരമായി ബാധിക്കുന്നു. ഇതെല്ലാം കാരണം വളരെ നേരത്തെതന്നെ രോഗം വരാൻ തുടങ്ങുന്നു.

ജനിതകമായി 45 വയസിൽ പ്രമേഹം വരാൻ സാധ്യതയുള്ള വ്യക്തികൾക്ക് ഇപ്പോൾ 28 അല്ലെങ്കിൽ 30 വയസാകുമ്പോൾത്തന്നെ രോഗം സ്ഥിരീകരിക്കുകയാണ്. വർധിച്ച മാനസിക സമ്മർദം, ഉറക്കക്കുറവ്, വെള്ളയരി, മൈദ, വൈറ്റ് ബ്രെഡ്, വറുത്ത ഭക്ഷണങ്ങൾ, ട്രാൻസ് ഫാറ്റ് എന്നിവയെല്ലാം ഉൾപ്പെടുന്ന പുതിയ ഭക്ഷണശീലമാണ് നേരത്തെയുള്ള രോഗബാധയ്ക്ക് പ്രധാന കാരണം. കൊഴുപ്പും കലോറിയും കൂടിയ ഭക്ഷണം ഒഴിവാക്കിയാൽ രോഗം വരുന്നത് വലിയൊരളവുവരെ വൈകിപ്പിക്കാനും തടയാനും കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരവത്കരണം കൂടുതലുള്ള പ്രദേശങ്ങളിലെ ദൈനംദിന ജീവിതം നോക്കിയാൽ ഈ വിവരങ്ങൾ കൂടുതൽ വ്യക്തമാകും. നഗരവാസികളിൽ പലരും ഡെസ്കുകളിൽ ഇരുന്ന് ദീർഘനേരം ജോലിചെയ്യുന്നവരാണ്. ഇതോടെ ശാരീരികമായ അധ്വാനം കുറയുന്നു. പെട്ടെന്ന് പാകംചെയ്യാവുന്ന ഭക്ഷണങ്ങളും സംസ്കരിച്ച പലഹാരങ്ങളും, മധുരപാനീയങ്ങളും പരമ്പരാഗത ഭക്ഷണങ്ങളെ ഇല്ലാതാക്കി. ഇത് ഗോവയിലും തമിഴ്നാട്ടിലും വളരെ പ്രകടമാണ്.

നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച ജനസംഖ്യാ കണക്കുകളിലെ പഠനമനുസരിച്ച് പ്രമേഹം കൂടുതലുള്ള മിക്ക പ്രദേശങ്ങളിലും ജനങ്ങളിൽ കുടവയറും അമിതവണ്ണവും ഗണ്യമായി വർധിക്കുന്നുണ്ട്. കൂടാതെ ഈ സംസ്ഥാനങ്ങളിലെ നഗരവത്കരണവും ഇതിനൊരു പ്രധാന കാരണമാണ്.

ധാന്യങ്ങൾക്കും പച്ചക്കറികൾക്കും പകരം അപകടകരമായ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണമാണ് പലരും ഉപയോഗിക്കുന്നത്. ഇതിന് പുറമെ മറ്റുള്ളവരെ അപേക്ഷിച്ച് ഇൻസുലിൻ പ്രതിരോധത്തിൽ ഇന്ത്യാക്കാർക്ക് ജനിതകപരമായി ഉയർന്ന സാധ്യതയുണ്ടെന്നും ചില പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കേരളം, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ മികച്ച ആരോഗ്യസംവിധാനങ്ങളും പരിശോധനാ സൗകര്യങ്ങളും ഉള്ളതിനാൽ കൂടുതൽ രോഗികളെ കണ്ടെത്തുന്നുവെന്നതും കണക്കുകളിൽ വിടവ് വരാൻ കാരണമാകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here