മക്കളെ അപകടത്തിലാക്കുന്ന മരണക്കെണി, ഓണ്‍ലൈന്‍ ഗെയിമുകള്‍ സൂക്ഷിക്കണമെന്ന് വിദഗ്‌ധര്‍

0
22

മുംബൈ: ഇലക്‌ട്രോണിക് ഡിവൈസുകള്‍ പ്രത്യേകിച്ച് ടിവി, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ എന്നിവ തൊല്ലൊന്നുമല്ല നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. ഒരോ നിമിഷങ്ങളിലും ഇവ ഉപയോഗപ്പെടുത്തേണ്ടതായിട്ട് വരും. സമയം പോക്കിന് പോലും ഇത് ആവശ്യമാണ്.

ഇത്തരത്തിലുള്ള ഉപയോഗം മൂലം പലരും ഇത്തരം ഉപകരണങ്ങളുടെ അടിമകളായിട്ടുണ്ട്. അതില്‍ ഉള്‍പ്പെടുന്നവരില്‍ കുട്ടികളാണ് ഏറെയുള്ളത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഗെയിമിങ്ങിലുമാണ് കുട്ടികള്‍ ഏറെ നേരം ചെലവഴിക്കുന്നത്. ഇത് അവരുടെ പഠനത്തെയും അതോടൊപ്പം ജീവിതത്തെയും തകിടം മറിക്കും.

കുട്ടികളെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട ഇനങ്ങളിലൊന്നാണ് ഓണ്‍ലൈന്‍ ഗെയിമുകള്‍. അടുത്തിടെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞ ഇത്തരത്തിലുള്ള ഒരു വാര്‍ത്ത രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചതാണ്. ഓണ്‍ലൈന്‍ ഗെയിമിന് അടിമകളായ മൂന്ന് സഹോദരിമാര്‍ വീടിന് മുകളില്‍ നിന്നും താഴേക്ക് ചാടി ജീവനൊടുക്കിയ സംഭവം. കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ടുള്ള അപകടകരമായ ഓൺലൈൻ ടാസ്‌ക് അധിഷ്‌ഠിത ഗെയിമുകള്‍ വളരെ അപകടകരമാണെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തുടനീളം ഇതിനകം 20,000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ കുട്ടികളുടെ ഫോൺ ഉപയോഗം കർശനമായി നിരീക്ഷക്കണമെന്ന് രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി മനഃശാസ്ത്രജ്ഞനായ ഡോ.ശൈലേഷ് ഉമതേ. അമിതമായ സ്‌ക്രീൻ സമയം കുട്ടികളുടെ മാനസികാരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ബാധിക്കുമെന്നും ചിലപ്പോൾ ആത്മഹത്യ വരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ കുട്ടി നിങ്ങൾക്ക് അറിയാത്ത കാര്യങ്ങൾ മൊബൈലിൽ ചെയ്യുന്നത് കാണുമ്പോൾ അതിനെ വലിയ കാര്യമായി കാണുകയും അവൻ അല്ലെങ്കിൽ അവൾ അതിൽ മിടുക്കനാണെന്നും പറഞ്ഞ് അഭിനന്ദിക്കുകയല്ല വേണ്ടതെന്നും ഡോ.ശൈലേഷ് പറഞ്ഞു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ കാരണമായത് കൊറിയൻ ലവ് എന്ന ടാസ്‌ക് ബേസഡ് ഗെയിമാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ അനിയന്ത്രിതമായ ഓൺലൈൻ ഗെയിമിൻ്റെ അപകടങ്ങളെ എടുത്തുകാണിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം ഓൺലൈൻ ഗെയിമുകളിൽ അജ്ഞാതരായ ആളുകൾ മെസേജിങ് ആപ്പുകൾ വഴി ബന്ധപ്പെട്ട് പ്രണയത്തിലോ സൗഹൃദത്തിലോ ആയി കുട്ടികളെ കുരുക്കും. ഇതോടെ എന്ത് ചെയ്യണം എന്നറിയാതെ വരും.

കുട്ടികളുടെ ദൗർബല്യം മുതലെടുക്കുക എന്നതാണ് തട്ടിപ്പ് സംഘങ്ങൾ ആദ്യം ചെയ്യുന്ന കാര്യം. വിശ്വസ്‌തത തെളിയിക്കാൻ നേരംപോക്ക് എന്ന പേരിൽ ലളിതമായ ടാസ്‌കുകൾ നൽകിയാണ് ഇതിന് തുടക്കമിടുന്നത്. ബ്ലൂ വെയ്‌ൽ ചലഞ്ചിന് സമാനമായി തുടക്കത്തിൽ ലളിതമായ ജോലികൾ നൽകി കുട്ടികളെ ഇതിലേക്ക് അടുപ്പിക്കുന്നു.

രാത്രി വൈകി എഴുന്നേറ്റിരിക്കുക, പാട്ടുകൾ കേൾക്കുക തുടങ്ങിയ കാര്യങ്ങളിലൂടെ കുട്ടികളെ ഗെയിമിന് അടിമകളാക്കുന്നു. ഏകദേശം 50 ദിവസത്തോളം നീണ്ടുനിൽക്കുന്ന ടാസ്‌കുകളുള്ള ഒരു വെല്ലുവിളിയാണിത്. ഇത്തരം ടാസ്‌കുകളിലൂടെ കുട്ടികളുടെ മാനസികനില തകരാറിലാക്കുന്നു.

ഇതോടെ കുട്ടികൾ ഈ വെർച്വൽ ഇടപെടൽ ഇഷ്‌ടപ്പെടാൻ തുടങ്ങുകയും സ്‌കൂളിൽ പോകുക, ഭക്ഷണം കഴിക്കുക, പഠിക്കുക, തുടങ്ങിയ ദൈനംദിന കാര്യങ്ങൾ മറക്കുകയും ചെയ്യുന്നുവെന്ന് ഡോക്‌ടർ പറഞ്ഞു. ഈ ഓൺലൈൻ ലോകത്ത് അകപ്പെട്ടുപോയ ഇവർ പിന്നീട് അവർ പരിചയപ്പെട്ട ആളുകളെ പോലെ സംസാരിക്കാനും പ്രതികരിക്കാനും തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മിഥ്യ നിറഞ്ഞ ലോകത്തിൽ നിന്ന് മാതാപിതാക്കൾ അവരെ അകറ്റി നിർത്താൻ ശ്രമിച്ചാൽ കുട്ടികൾ പ്രകോപിതരും ആക്രമണകാരികളുമായി മാറുമെന്ന് ഡോ. ഉമതേ പറഞ്ഞു. അവർ മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനേക്കാൾ കൂടുതൽ സ്വയം ഉപദ്രവിക്കുകയും ഇത് ആത്മഹത്യക്ക് കാരണമാവുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കുട്ടികൾക്ക് ആവശ്യഘട്ടത്തിൽ അല്ലാതെ മൊബൈൽ ഫോൺ നൽകരുതെന്ന് അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണം അല്ലെങ്കിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് പകരം സാധാരണ ഫോണുകൾ നൽകണമെന്നും സർജൻ ഡോ. കൈലാഷ് പവാർ പറഞ്ഞു. ഓൺലൈൻ ഗെയിമിങ് കുറയ്ക്കുന്നത് ആത്മഹത്യകൾ തടയാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മൊബൈൽ ഉപയോഗിക്കുന്നതിന് പകരം മാതാപിതാക്കൾ കുട്ടികളുമായി കുറച്ച് അധികം സമയം ചെലവഴിക്കുക. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആശയവിനിമയം വർധിപ്പിക്കുന്നതിലൂടെ അവർക്ക് നിങ്ങളുടെ അടുത്ത് എന്തും ധൈര്യമായി വന്ന് പറയാനാവും. ഇത് നിങ്ങളോടുള്ള ഭയം കുറക്കുമെന്നും ഡോക്‌ടർമാർ പറഞ്ഞു.

അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ ദോഷങ്ങൾ

  • അമിതമായ മൊബൈൽ ഫോണിൻ്റെ ഉപയോഗം മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു.
  • ഉറക്കം കുറയാൻ അമിത മൊബൈൽ ഫോൺ ഉപയോഗം കാരണമാകുന്നു.
  • കാഴ്‌ച ശക്തി കുറക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here