കൗമാരപ്രായത്തിലുള്ള ഗർഭധാരണം എന്നത് കേവലം ഒരു വൈദ്യശാസ്ത്രപരമായ സംഭവം മാത്രമല്ല; അത് സാമൂഹികമായ സ്റ്റിഗ്മയും മാനസികമായ കടുത്ത സമ്മർദ്ദവും നിറഞ്ഞ ഒന്നാണ്. 15 വയസ്സുള്ള പെൺകുട്ടിക്ക് 31 ആഴ്ച പ്രായമുള്ള (ഏഴ് മാസം) ഗർഭം അലസിപ്പിക്കാൻ സുപ്രീം കോടതി നൽകിയ അനുമതി ഈ യാഥാർത്ഥ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
ഗർഭവുമായി മുന്നോട്ട് പോകാൻ പെൺകുട്ടിയെ നിർബന്ധിക്കുന്നത് അവളുടെ അന്തസ്സിന് നേരെയുള്ള കടന്നുകയറ്റമാണെന്നും ആത്മഹത്യാ ശ്രമങ്ങൾ ഉൾപ്പെടെയുള്ള കടുത്ത മാനസിക ക്ലേശങ്ങൾ അവൾ അനുഭവിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.പെൺകുട്ടിക്കും കുടുംബത്തിനും ഈ വിധി ആശ്വാസകരമാണെങ്കിലും, വൈകിയ വേളയിലുള്ള ഗർഭഛിദ്രം ഉയർത്തുന്ന വൈദ്യശാസ്ത്രപരവും ധാർമ്മികവുമായ സങ്കീർണ്ണതകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
31 ആഴ്ച: ഇത് സാധാരണ ഗർഭഛിദ്രമല്ല
31 ആഴ്ചയിലെത്തുമ്പോൾ ഇതൊരു സാധാരണ ഗർഭഛിദ്രം എന്നതിലുപരി പ്രീ-ടേം ഡെലിവറിക്ക് (അകാല പ്രസവം) തുല്യമാണ്. ഗർഭപാത്രത്തിന് പുറത്ത് അതിജീവിക്കാൻ ഗർഭസ്ഥ ശിശുവിന് സാധ്യതയുള്ള (Threshold of viability) ഘട്ടമാണിത്. അതിനാൽ തന്നെ ആദ്യ ആഴ്ചകളിൽ നടത്തുന്ന ലളിതമായ പ്രക്രിയകളിൽ നിന്ന് വ്യത്യസ്തമായി ഇതിനെ ഡോക്ടർമാർ കാണുന്നു.
അപകടസാധ്യതകളും ശാരീരിക മാറ്റങ്ങളും
കൗമാരപ്രായത്തിലുള്ള ഗർഭധാരണം തന്നെ ഉയർന്ന അപകടസാധ്യതയുള്ളതാണ്. 15 വയസ്സിൽ ഒരു പെൺകുട്ടിയുടെ ശരീരം പൂർണ്ണമായി ഗർഭധാരണത്തിന് സജ്ജമായിരിക്കില്ല. വിളർച്ച (Anaemia), ഉയർന്ന രക്തസമ്മർദ്ദം, പ്രീ-എക്ലാംപ്സിയ (Pre-eclampsia) തുടങ്ങിയവ വരാൻ സാധ്യതയുണ്ട്.
ഏഴ് മാസമെത്തിയ ഗർഭം അലസിപ്പിക്കുന്നത് സാധാരണ അബോർഷൻ രീതിയിലൂടെയല്ല, മറിച്ച് പ്രസവവേദന കൃത്രിമമായി ഉണ്ടാക്കി (Induced labour) ശിശുവിനെ പുറത്തെടുക്കുകയാണ് ചെയ്യുന്നത്. ഇതിൽ അമിത രക്തസ്രാവം, അണുബാധ തുടങ്ങിയ ശാരീരിക വെല്ലുവിളികളും അനസ്തേഷ്യയുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളും ഉണ്ടാകാം. എന്നാൽ മികച്ച സൗകര്യങ്ങളുള്ള ആശുപത്രികളിൽ ഇവ വിദഗ്ധമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. നന്ദിത പൽഷേത്കർ പറയുന്നു.
അദൃശ്യമായ മാനസികാരോഗ്യ ഭാരം
പ്രായപൂർത്തിയാകാത്ത കുട്ടികളിലെ അനാവശ്യ ഗർഭധാരണം പലപ്പോഴും ഭയം, ലജ്ജ, ഉത്കണ്ഠ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളെക്കാൾ വലിയ മാനസികാഘാതം ഇത് കുട്ടികളിൽ ഉണ്ടാക്കുന്നു. 24 ആഴ്ച പിന്നിട്ട കേസുകളിൽ മെഡിക്കൽ ബോർഡുകൾ ഓരോ കേസും പ്രത്യേകം പരിശോധിച്ചാണ് തീരുമാനമെടുക്കുന്നത്. പെൺകുട്ടിയുടെ ശാരീരിക-മാനസിക ആരോഗ്യവും ഗർഭസ്ഥ ശിശുവിന്റെ വളർച്ചയും തമ്മിലുള്ള തുലനം ഇവിടെ പ്രധാനമാണ്.
മറ്റൊരു പ്രധാന വെല്ലുവിളി 28 ആഴ്ചയ്ക്ക് ശേഷമുള്ള ഗർഭഛിദ്രം ചിലപ്പോൾ കുഞ്ഞ് ജീവനോടെ പുറത്തുവരുന്നതിന് കാരണമായേക്കാം എന്നതാണ്. അത്യാധുനിക നിയോനാറ്റൽ ഇന്റൻസീവ് കെയർ (NICU) സൗകര്യങ്ങൾ ലഭ്യമാണെങ്കിൽ ഇങ്ങനെയുള്ള ശിശുക്കൾ അതിജീവിക്കാൻ സാധ്യതയുണ്ട്. ഇത് വലിയൊരു ധാർമ്മിക ചോദ്യമാണ് ഉയർത്തുന്നത്.
“15 വയസ്സുള്ള ഒരു പെൺകുട്ടി ശാരീരികമായും വൈകാരികമായും വളർന്നുവരുന്ന ഘട്ടത്തിലാണ്. ഇവിടെ പ്രഥമ പരിഗണന പെൺകുട്ടിയുടെ ക്ഷേമത്തിനായിരിക്കണം. അവൾക്ക് ആരോഗ്യകരമായ ഒരു ഭാവി നൽകുക എന്നതിനാണ് മുൻഗണന,” എന്ന് ഗൈനക്കോളജിസ്റ്റ് ഡോ. റീത്ത ബക്ഷി അഭിപ്രായപ്പെടുന്നു.
ഏഴ് മാസം പ്രായമുള്ള ഗർഭം അലസിപ്പിക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ചിലർ വിയോഗം പ്രകടിപ്പിച്ചിട്ടുണ്ട്. ദത്തെടുക്കൽ പോലുള്ള മാർഗ്ഗങ്ങൾ ആലോചിച്ചു കൂടേ എന്നും നിയമം അമ്മയുടെയും ശിശുവിന്റെയും അവകാശങ്ങൾ തുല്യമായി കാണുന്നുണ്ടോ എന്നും ചോദ്യങ്ങൾ ഉയരുന്നു. എന്നാൽ അമ്മയുടെ ആരോഗ്യത്തിനും സ്വയംഭരണാധികാരത്തിനും പ്രാധാന്യം നൽകുമ്പോഴും ഏഴ് മാസത്തെ ഗർഭം അലസിപ്പിക്കുക എന്നത് ലളിതമായ ഉത്തരങ്ങളില്ലാത്ത ഒരു സങ്കീർണ്ണമായ അവസ്ഥയായി തുടരുന്നു.







