ഗൾഫ് രാജ്യങ്ങൾക്ക് കനത്ത മുന്നറിയിപ്പുമായി ഇറാൻ, വെടിനിർത്തൽ സമയം നീട്ടി അമേരിക്ക;

0
32

വാഷിങ്ടൺ: സമാധാന ചർച്ചകൾക്കായി ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു. രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് സമയം അനിശ്ചിതകാലത്തേക്ക് നീട്ടി നൽകിയതായി ട്രംപ് പ്രഖ്യാപിച്ചത്.

വെടിനിർത്തൽ സംബന്ധിച്ച് ഇറാൻ ഭരണകൂടം അന്തിമമായ തീരുമാനവും രൂപരേഖയും സമർപ്പിക്കുന്നത് വരെ സമയം അനുവദിക്കുമെന്നും അതേസമയം ഇറാനിയൻ തുറമുഖങ്ങളിലെ യുഎസ് ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കൻ ഉപരോധം നീക്കണമെന്നത് ഇറാൻ്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്.

മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ്റെ അഭ്യർഥന മാനിച്ചും ആഭ്യന്തരമായി ഭിന്നിച്ചുനിൽക്കുന്ന ഇറാൻ ഭരണകൂടത്തിന് കൃത്യമായ രൂപരേഖ തയ്യാറാക്കാൻ സമയം നൽകാനുമാണ് തീരുമാനമെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. നിലവിലെ വെടിനിർത്തൽ സാഹചര്യങ്ങളെ നേരിടാനും ഉപരോധം തുടരാനും യുഎസ് സൈന്യത്തിന് നിർദേശം നൽകിയിട്ടുണ്ട്.

സൈന്യം പൂർണമായും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ വെടിനിർത്തൽ സമയം നീട്ടില്ലെന്നും സമയപരിധി കഴിഞ്ഞാൽ ബോംബിങ് ഉൾപ്പെടെയുള്ള ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച അർധരാത്രിയോടെ ആദ്യ വെടിനിർത്തൽ അവസാനിച്ചിരുന്നു. എന്നാൽ ഇറാൻ്റെ ഭാഗത്തുനിന്ന് യാതൊരുവിധ സൈനിക നീക്കങ്ങളോ ഔദ്യോഗിക പ്രതികരണങ്ങളോ ഈ വിഷയത്തിൽ ഉണ്ടായില്ല.

മധ്യസ്ഥത വഹിച്ച് പാകിസ്ഥാൻ

ഇറാൻ്റെ രൂപരേഖ ലഭിക്കാത്തതിനാൽ സമാധാന ചർച്ചകൾക്കായി യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് ചൊവ്വാഴ്ച പാകിസ്ഥാനിലേക്ക് നടത്തിയിരുന്ന യാത്ര റദ്ദാക്കിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇനി നേരിട്ടുള്ള കൂടിക്കാഴ്ചകളിൽ പിന്നീട് തീരുമാനമെടുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

യുഎസ്, ഇറാൻ പ്രതിനിധികളുടെ കൂടിക്കാഴ്ച നിശ്ചയിച്ചിട്ടില്ലെങ്കിലും ഇസ്‌ലാമാബാദിലെ ഭരണസിരാകേന്ദ്രങ്ങളിൽ സൈന്യവും പൊലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വെടിനിർത്തൽ നീട്ടിയ യുഎസ് തീരുമാനത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസും സ്വാഗതം ചെയ്തു.

അതേസമയം ഗൾഫ് രാജ്യങ്ങളെ ഉപയോഗിച്ച് തങ്ങൾക്കെതിരെ ആക്രമണം നടത്തിയാൽ മിഡിൽ ഈസ്റ്റിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങൾ പൂർണമായി തകർക്കുമെന്ന് ഇറാൻ വ്യോമസേന കമാൻഡർ മജീദ് മൂസാവി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പാകിസ്ഥാനിലെ ആദ്യഘട്ട ചർച്ചകൾക്ക് പിന്നാലെ ഇറാൻ തുറമുഖങ്ങൾ യുഎസ് ഉപരോധിക്കുകയും ഇതിന് മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങളും വെടിനിർത്തൽ ലംഘിച്ചതായി പരസ്പരം ആരോപിക്കുന്നുണ്ട്. അതിനിടെ ഇറാനെ സഹായിക്കുന്ന ശൃംഖലകളെ തടയുന്നതിൻ്റെ ഭാഗമായി ഔദ്യോഗിക രേഖകളില്ലാത്ത ഒരു കപ്പൽ ഗൾഫ് മേഖലയിൽ യുഎസ് പ്രതിരോധ വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.

യുദ്ധഭീതിയും ഇപ്പോഴത്തെ വെടിനിർത്തലും തങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചതായി ഇറാൻ തലസ്ഥാനത്തെ ജനങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഈ സാഹചര്യങ്ങൾക്കിടയിലും ഓഹരി വിപണികളിൽ ചൊവ്വാഴ്ച നേട്ടമുണ്ടായി.

പരാജയപ്പെട്ട ഇറാൻ്റെ ഇപ്പോഴത്തെ നിലപാടുകൾ അമേരിക്കയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. യുഎസ്, ഇറാൻ രാജ്യങ്ങളുടെ സൈനിക ശക്തികൾ തമ്മിലുള്ള പോരാട്ടത്തേക്കാൾ വലിയ വിലപേശലുകളുടെയും രാഷ്ട്രീയ നിലനിൽപ്പിൻ്റെയും ഘട്ടത്തിലാണ് ഇപ്പോഴത്തെ സാഹചര്യങ്ങളെന്ന് സെൻ്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇൻ്റർനാഷണൽ സ്റ്റഡീസ് പ്രതിനിധി ഡാനിയൽ ബിമാൻ നിരീക്ഷിച്ചു.

ഇസ്രയേൽ-ലെബനൻ ചർച്ച

ഇസ്രയേലും ലെബനനും തമ്മിലുള്ള പുതിയ ചർച്ചകൾ വ്യാഴാഴ്ച വാഷിങ്ടണിൽ തുടങ്ങുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ട് നയതന്ത്ര ബന്ധമില്ലാത്ത സാഹചര്യത്തിലാണ് ചർച്ച. ഹിസ്ബുല്ലയെ കൂടി ഉൾപ്പെടുത്തി പത്ത് ദിവസത്തെ വെടിനിർത്തലിന് കഴിഞ്ഞിയാഴ്ച ഇസ്രയേലും ലെബനനും ധാരണയായിരുന്നു. എന്നാൽ തെക്കൻ ലെബനനിൽ ഇപ്പോഴും ചെറിയ തോതിൽ സംഘർഷം തുടരുകയാണ്. ഇവിടേക്ക് ജനങ്ങൾ ഇപ്പോൾ മടങ്ങരുതെന്ന് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച ലെബനനിലെ ഇസ്രയേൽ സൈന്യത്തിന് നേരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണം നടത്തി. വെടിനിർത്തൽ ലംഘിച്ചതിലുള്ള തിരിച്ചടിയാണ് ആക്രമണമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള ആദ്യ ആക്രമണമാണിത്. റോക്കറ്റ് വിക്ഷേപിച്ച കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യവും അറിയിച്ചു. യുദ്ധം തുടങ്ങിയതിന് ശേഷം ലെബനനിൽ 2,454 പേർ കൊല്ലപ്പെട്ടതായാണ് പുതിയ റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here