ന്യൂഡല്‍ഹി: സര്‍ക്കാരിന്‍റെ നയങ്ങളുടെയും പരിഷ്‌കാരങ്ങളുടെയും നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താനും കൂടുതല്‍ നിക്ഷേപം നടത്തിശേഷി വര്‍ദ്ധിപ്പിക്കാനും ഇന്ത്യന്‍ വ്യവസായ ലോകത്തോട് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. യുവാക്കളെ നൈപുണ്യവത്ക്കരിക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അവര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാരുമായി നിരന്തരം ഇടപെടല്‍ നടത്തണമെന്നും അവര്‍ പറഞ്ഞു. ബജറ്റിന് മുന്നോടിയായി മാത്രമല്ല ഇത്തരം ഇടപെടലുകള്‍ വേണ്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഗുണപരമായ കൈകാര്യം ചെയ്യലിലൂടെയാണ് വികസിത ഭാരതത്തിലേക്ക് എത്തിച്ചേരേണ്ടതെന്നും ഇന്ത്യന്‍ ഫൗണ്ടേഷന്‍ ഓഫ് ക്വാളിറ്റി മാനേജ്‌മെന്‍റ് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ പങ്കെടുത്ത് സംസാരിക്കവെ ധനമന്ത്രി ചൂണ്ടിക്കാട്ടി. ഉത്പാദന സേവന മേഖലകളില്‍ ഏതൊക്കെ തലങ്ങളില്‍ ഇടപെടല്‍ വേണമെന്ന് തിരിച്ചറിയണമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കൂടുതല്‍ നിക്ഷേപം നടത്തുക, സര്‍ക്കാരുമായി ചേര്‍ന്ന് യുവാക്കളെ നൈപുണ്യവത്ക്കരിക്കുക, സര്‍ക്കാരുമായി വര്‍ഷം മുഴുവനും ഇടപെടുക തുടങ്ങിയ മൂന്ന് സുപ്രധാന കാര്യങ്ങളും ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍റെ ചോദ്യത്തിന് ഉത്തരമായി നിര്‍മ്മല ചൂണ്ടിക്കാട്ടി. ബജറ്റിന് മുമ്പ് മാത്രമല്ല സര്‍ക്കാരുമായി ഇടപെടേണ്ടതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ മതിയായ ഗൗരവത്തോടെയാണ് മുന്നോട്ട് പോകുന്നത്. വ്യവസായം സുഗമമാക്കാന്‍ നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നികുതി ആനുകൂല്യങ്ങള്‍, കൂടുതല്‍ വിദേശ നിക്ഷേപ സാധ്യതകള്‍ എന്നിവ വ്യവസായം സുഗമമാക്കാന്‍ വേണ്ടി സര്‍ക്കാര്‍ നല്‍കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി പരിഷ്‌കാരങ്ങള്‍ക്ക് ഒരിക്കലും എതിര് നില്‍ക്കുന്നയാളല്ല. വ്യവസായികളുടെ താത്‌പര്യങ്ങളെ അവഗണിക്കുന്ന ആളുമല്ലെന്നും നിര്‍മ്മല പറഞ്ഞു. വ്യവസായികള്‍ നിക്ഷേപം നടത്തുന്നതിന് മടിച്ച് നില്‍ക്കേണ്ട യാതൊരു ആവശ്യവുമില്ല. ശേഷി വര്‍ദ്ധിപ്പിക്കുക, രാജ്യത്ത് കൂടുതല്‍ ഉത്പാദനം നടത്തുക, സര്‍ക്കാര്‍ ഇനിയും എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ ആവശ്യപ്പെടുക എന്നും നിര്‍മ്മല പറഞ്ഞു.
യുവാക്കള്‍ക്ക് വേഗത്തിലും നേരിട്ടും തൊഴില്‍ ലഭിക്കുന്നതിന് സ്വകാര്യമേഖല സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നിര്‍മ്മല പറഞ്ഞു. സര്‍ക്കാര്‍ വ്യവസായികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പ്രതികരിക്കാനും തയാറാണെന്നും അവര്‍ വ്യക്തമാക്കി.
ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും സര്‍ക്കാര്‍ നല്‍കുന്ന അവസരങ്ങള്‍ വളരെ വലുതാണെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ചെറുതും വലുതും ഇടത്തരവുമായ ധാരാളം കമ്പനികളും വന്‍കിട കുത്തക കമ്പനികളും ധാരാളം നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്. തനിക്ക് വലിയ ആത്മവിശ്വാസമുണ്ട്. ഇത്തരം നിക്ഷേപങ്ങളില്ലാതെ തങ്ങള്‍ക്ക് അവസരം ലഭ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകം സുസ്ഥിരതയ്ക്കും വിതരണ ശൃംഖലയ്ക്കും ബദല്‍ ഉറവിടങ്ങള്‍ക്കും ആഹ്വാനം ചെയ്യുന്നു. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ നമുക്ക് വേണ്ടതെല്ലാം പ്രദാനം ചെയ്യുന്നുവെന്നും ചന്ദജ്രശേഖരന്‍ ചൂണ്ടിക്കാട്ടി. കോവിഡ് കാലത്ത് സാമ്പത്തിക മേഖല സംരക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ അടിസ്ഥാന സൗക്യങ്ങളില്‍ നിക്ഷേപിച്ച് കൊണ്ട് മൂലധന ചെലവ് വര്‍ദ്ധിപ്പിച്ചു. 2025-26ല്‍ 11.21 ലക്ഷം കോടി മൂലധന ചെലവാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ നാലുമാസത്തില്‍ 33 ശതമാനമായ 3.47ലക്ഷം കോടി ചെലവിട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ സ്വകാര്യ മേഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ സ്വകാര്യ മേഖല ഇപ്പോഴും ഇക്കാര്യത്തില്‍ പൊതുമേഖലയ്ക്ക് പിന്നിലാണ്.
ഏപ്രിലില്‍ സ്ഥിതി വിവര മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയിലെ നിക്ഷേപം 2026 സാമ്പത്തിക വര്‍ഷം 26ശതമാനം കുറഞ്ഞ് 4.89 ലക്ഷം കോടിയാകുമെന്നാണ് വിലയിരുത്തുന്നത്. മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം സ്വകാര്യമേഖലയില്‍ 2024 സാമ്പത്തിക വര്‍ഷം 4.22 ലക്ഷം കോടിയായിരുന്നു മൂലധന ചെലവ്. 2023ല്‍ ഇത്5.72 ലക്ഷം കോടിയും 2022ല്‍ 3.95 ലക്ഷം കോടിയുമായിരുന്നു.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് കുടില്‍-ചെറുകിട-ഇടത്തരം വ്യവസായ മേഖലയാണെന്നും നിര്‍മ്മല പറഞ്ഞു.സ്മോള്‍ ഇന്‍ഡസ്‌ട്രീസ് ഡെവലപ്പ്മെന്‍റ് ബാങ്ക് ഓഫ് ഇന്ത്യ(സിഡ്‌ബി)എംഎസ്എംഇയില്‍ പെടുന്നതാണെന്നും നിര്‍മ്മല ചൂണ്ടിക്കാട്ടി. .






