ഈ എടിഎമ്മിൽ പണം കിട്ടില്ല; പകരം 24 മണിക്കൂറും ശുദ്ധമായ പാൽ കിട്ടും

0
52

ഭോപാൽ: പണം എടുക്കാൻ എടിഎം എന്നതുപോലെ പാൽ വാങ്ങാനും എടിഎം സൗകര്യം. ഈ എടിഎമ്മിലൂടെ ഏത് സമയം വേണമെങ്കിലും ഉപഭോക്താക്കൾക്ക് പാൽ ലഭ്യമാകും. പണം നേരിട്ട് എടിഎമ്മിൽ അടച്ചും യുപിഐ, സ്‌കാനർ എന്നിവയിലൂടെയും പാൽ വാങ്ങാം. നിരവധി പ്രത്യേകതകളോടെയാണ് മിൽക്ക് എടിഎം അഥവാ ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീൻ പ്രവർത്തിക്കുന്നത്.

ഇതിനോടകം തന്നെ രാജ്യത്ത് പലയിടങ്ങളിലും മിൽക്ക് എടിഎം പ്രവർത്തിച്ചുവരുന്നു. പുതിയ മിൽക്ക് എടിഎം ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത് മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ്. യുവ സംരംഭകനായ ആകാശ് സൂര്യവംശി എന്നയാളാണ് ചിന്ദ്വാരയിലെ ജനങ്ങൾക്ക് എടിഎം സമർപ്പിച്ചത്.

പ്രധാന നഗരങ്ങളിൽ പാൽ എടിഎമ്മുകൾ കണ്ടിട്ടുണ്ടെന്ന് ആകാശ് സൂര്യവംശി വിശദീകരിച്ചു. “പാൽ ഉത്‌പന്നങ്ങളും കടകളും കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനാണ് ഇപ്പോൾ ചിന്ദ്വാരയിൽ ഇത് ആരംഭിച്ചത്. 24 മണിക്കൂറും എടിഎമ്മിലൂടെ ആവശ്യാനുസരണം പാൽ ലഭ്യമാകും” എന്ന് ആകാശ് പറഞ്ഞു.

പ്രവർത്തനം

പണം പിൻവലിക്കാനായി ഉപയോഗിക്കുന്ന എടിഎം മോഡലിലാണ് മിൽക്ക് എടിഎം രൂപകൽപന ചെയ്‌തിരിക്കുന്നത്. 24 മണിക്കൂറും ഇതുവഴി പാൽ ലഭ്യമാകും. ദിവസേന 200 ലിറ്റർ പാൽ സൂക്ഷിക്കാനുള്ള ശേഷിയുണ്ട്. സുരക്ഷിത സംഭരണവും നൽകുന്നു. 5 ദിവസം വരെ പാൽ കേടുകൂടാതെ സൂക്ഷിക്കാനുള്ള ക്രമീകരണം വെൻഡിംഗ് മെഷീനിലുണ്ട്.

പണം നേരിട്ടും അല്ലാതെയും അടയ്‌ക്കാം. സ്‌കാനറോ, ക്യുആർ കോഡുകളോ, യുപിഐ വഴിയോ പണമടച്ച് പാൽ വാങ്ങാം. എത്ര അളവ് പാൽ ആണോ വേണ്ടത് അതിനനുസരിച്ചുള്ള തുക മെഷീനിടുക. ശേഷം മെഷീനിൻ്റെ മധ്യഭാഗത്തായി പാൽ എടുക്കാനുള്ള പാത്രം വയ്‌ക്കുക. ഇതിലേയ്‌ക്ക് കൃത്യമായ അളവിൽ പാൽ ലഭിക്കും. ശേഷം മെഷീൻ ഓഫായതിന് പിന്നാലെ പാൽ പാത്രം എടുക്കാം. ഇങ്ങനെയാണ് ഇതിൻ്റെ പ്രവർത്തന രീതി.

ക്ഷീരോൽപാദകർക്കും ഇത് പ്രയോജനകരം

മിൽക്ക് എടിഎം സ്ഥാപിച്ച ആകാശ് സൂര്യവംശി തൻ്റെ ഗ്രാമത്തിൽ ഒരു പാൽ ശേഖരണ കേന്ദ്രം നടത്തുന്നുണ്ടെന്ന് പറഞ്ഞു. ഈ മെഷീൻ സ്ഥാപിക്കുന്നത് പാൽ ഉൽപാദകർക്കും ക്ഷീര കർഷകർക്കും ഗുണം ചെയ്യും. മുമ്പ് ഒരു നിശ്ചിത സമയത്താണ് പാൽ ശേഖരിച്ചിരുന്നത്.

എന്നാൽ ഈ മെഷീൻ വന്നതോടെ അവർക്ക് 24 മണിക്കൂറും പാൽ കൊണ്ടുവരാൻ കഴിയും. ഇത് പാൽ ഉപഭോഗം വർധിപ്പിക്കുകയും കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയും ചെയ്യുന്നു.

ശുചിത്വം പാലിച്ച് മുന്നോട്ട്

“പുതിയ സ്റ്റാർട്ടപ്പിൽ ശുചിത്വം പ്രോത്സാഹിപ്പിക്കുകയും ജനങ്ങൾക്ക് ശുദ്ധവും ഗുണമേന്മയുള്ളതുമായ പാൽ നൽകുകയുമാണ് മിൽക്ക് എടിഎം എന്ന സംരംഭത്തിൻ്റെ പ്രധാന ലക്ഷ്യം. എടിഎമ്മിലൂടെ പാൽ വാങ്ങാൻ വരുന്ന ആളുകൾ ക്യാനുകളും കുപ്പികളും കൊണ്ടുവരും. ഇതിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ കഴിയും. നഗരം മാലിന്യമുക്തമാക്കാനും സാധിക്കും” എന്ന് വാർഡ് കൗൺസിലർ സന്ദീപ് സിംഗ് ചൗഹാൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here