അർണബ് ചുഴലിക്കാറ്റ് നാളെ കരതൊടും; പേരിന് പിന്നിലെന്ത്? ആന്ധ്രയിലും കേരളത്തിലും റെഡ് അലർട്ട്

0
3

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ന്യൂനമർദം അർണബ് ചുഴലിക്കാറ്റായി മാറി ബുധനാഴ്‌ചയോടെ ആന്ധ്രാപ്രദേശ് തീരം തൊടും. മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റോടെ കരയിലേക്ക് പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ കിഴക്കൻ തീരങ്ങളിൽ കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.

തീവ്ര ചുഴലിക്കാറ്റായി മാറും
വിശാഖപട്ടണത്തിന് 650 കിലോമീറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന അർണബ് ഇന്ന് അർധരാത്രിയോടെ തീവ്ര ചുഴലിക്കാറ്റായും 27ന് അതിതീവ്ര ചുഴലിക്കാറ്റായും മാറും. ഒക്‌ടോബർ 28ന് ഉച്ചയ്ക്ക് മുൻപായി ബാപറ്റ്‌ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ യാനത്തിന് സമീപം കാറ്റ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. കരയിൽ പ്രവേശിക്കുമ്പോൾ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെ വേഗതയുണ്ടാകും. ഇത് ചിലപ്പോൾ 140 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്.

ആന്ധ്രാപ്രദേശിൽ കനത്ത ജാഗ്രത
ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ആന്ധ്രാപ്രദേശിലും യാനത്തിലും 27, 28 തീയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ, വടക്കൻ തീരദേശ ജില്ലകളിലെ 5,70,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. വൈദ്യുതി വകുപ്പ് 4000 ജീവനക്കാരെ അടിയന്തര സാഹചര്യങ്ങൾ നേരിടാനായി നിയോഗിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പമ്പ് ചെയ്ത് കളയാനുള്ള സംവിധാനങ്ങളും ഒരുക്കി. ജീവഹാനി തടയുന്നതിനായി 24 മണിക്കൂറും ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

ഒഡിഷയിലും ബിഹാറിലും മുന്നറിയിപ്പ്
ഒഡിഷയിലെ ഗഞ്ചം, ഗജപതി, രായഗഡ, കോരാപുട്ട്, മൽക്കൻഗിരി എന്നീ അഞ്ച് തെക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ അവധി നൽകി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിക്കുകയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനായി 225 സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ചരൺ മാജി എട്ട് മന്ത്രിമാരെ നിയോഗിച്ചു. ഇതിന് പുറമെ ബിഹാറിലും 27 മുതൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇത് ഖാരിഫ് വിളകളെ നശിപ്പിക്കാൻ സാധ്യതയുണ്ട്.

കേരളത്തിലും തമിഴ്‌നാട്ടിലും മഴ കനക്കും
അർണബ് ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചു. കേരളത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 20 സെൻ്റീമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

നദികളിൽ ജലനിരപ്പ് ഉയരുന്നു
പത്തനംതിട്ടയിലെ മണിമല, അച്ചൻകോവിൽ, കോട്ടയത്തെ മീനച്ചിൽ, കോഴിക്കോട്ടെ കോരപ്പുഴ, വയനാട്ടിലെ കബനി എന്നീ നദികളിൽ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാൽ വിനോദസഞ്ചാരത്തിനും ട്രെക്കിങ്ങിനും വിലക്ക് ഏർപ്പെടുത്തി. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. വയനാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം പൂർണമായും നിരോധിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ സംസ്ഥാന സർക്കാർ നിർദേശം നൽകി.

അർണബ്: പേരിന് പിന്നിൽ
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഈ ചുഴലിക്കാറ്റിന് ‘അർണബ്’ എന്ന പേര് നൽകിയത് ബംഗ്ലാദേശാണ്. ബംഗാളി ഭാഷയിൽ സമുദ്രം എന്നാണ് ഈ വാക്കിൻ്റെ അർഥം. 2020ൽ ലോക കാലാവസ്ഥ സംഘടനയും (WMO) യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ ഏഷ്യ ആൻഡ് ദി പസഫിക്കും (ESCAP) അംഗീകരിച്ച ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ ഔദ്യോഗിക പട്ടികയിൽ നിന്നാണ് ഈ പേര് തെരഞ്ഞെടുത്തത്.

ഇന്ത്യ, ബംഗ്ലാദേശ്, ഇറാൻ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ശ്രീലങ്ക, തായ്‌ലൻഡ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യെമൻ എന്നീ 13 രാജ്യങ്ങൾ ചേർന്നാണ് വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത്. ഓരോ രാജ്യവും 13 പേരുകൾ വീതം നൽകി ആകെ 169 പേരുകളുള്ള പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. ഇതിൽ നിന്നാണ് ക്രമമനുസരിച്ച് പേരുകൾ നൽകുന്നത്. മുന്നറിയിപ്പുകൾ നൽകാനും ആശയവിനിമയം എളുപ്പമാക്കാനും ജനങ്ങളിൽ പെട്ടെന്ന് അവബോധം സൃഷ്ടിക്കാനുമാണ് ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here