കോട്ടയം: കേരളത്തിൽ വിദഗ്ധരായ ടാപ്പിങ് തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാൻ റബ്ബർ ബോർഡിൻ്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം വരുന്നു. ടാപ്പിങ് നടത്താതെ കിടക്കുന്ന തോട്ടങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനാണ് ‘ഐഎൻആർ കണക്റ്റ്’ (INR Konnect) വികസിപ്പിച്ചിരിക്കുന്നത്. വെബ്സൈറ്റായും പ്ലേ സ്റ്റോറിലെ ആപ്പായും ലഭ്യമായ ‘ഐഎൻആർ കണക്റ്റ്’ റബ്ബർ കർഷകരെയും ടാപ്പിംഗ് തൊഴിലാളികളെയും, ടാപ്പിംഗ് പ്രവർത്തനങ്ങൾക്കായി തോട്ടങ്ങൾ ഏറ്റെടുക്കാൻ താത്പര്യമുള്ള ഏജൻസികളെയും തമ്മിൽ ബന്ധിപ്പിക്കുന്നു.
താത്പര്യമുള്ളവർക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് ഈ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യാം. കർഷകർക്ക് 100 രൂപയാണ് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ്. ടാപ്പിംഗ് തൊഴിലാളികൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. പ്രവർത്തനരഹിതമായ തോട്ടങ്ങളെ വീണ്ടും ഉത്പാദനക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി പറയുന്നു.
രാജ്യത്ത് ഏകദേശം 1.72 ലക്ഷം ഹെക്ടർ റബ്ബർ തോട്ടങ്ങളിൽ ഇപ്പോള്‍ ടാപ്പിംഗ് നടക്കുന്നില്ല. ഇത്തരം തോട്ടങ്ങൾ ഏറ്റെടുക്കുന്നതിനും, ടാപ്പിംഗ് പുനരാരംഭിക്കുന്നതിനും, അവയുടെ ഉത്പാദനക്ഷമത വീണ്ടെടുക്കുന്നതിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ 7,56,110 ഹെക്ടർ റബ്ബർ തോട്ടങ്ങൾ ടാപ്പിംഗിനായി സജ്ജമാണെങ്കിലും, 5,83,300 ഹെക്ടറിൽ മാത്രമാണ് പതിവായി ടാപ്പിംഗ് നടക്കുന്നത്.
ഉടമസ്ഥരുടെ അഭാവം, ടാപ്പിംഗ് തൊഴിലാളികളുടെ കുറവ്, കുറഞ്ഞ ഉത്പാദനക്ഷമത, ഭൂമി പല കഷണങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നത്, റബ്ബർ വിലയിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയ കാരണങ്ങളാൽ ടാപ്പിംഗ് നടത്താതെ കിടക്കുന്ന തോട്ടങ്ങളുടെ പ്രശ്നം പരിഹരിക്കുന്നതിനാണ് ഐഎൻആർ കണക്റ്റ് വികസിപ്പിച്ചത്. കാർഷിക മേഖലയിലേക്ക്, പ്രത്യേകിച്ച് റബ്ബർ കൃഷിയിലേക്ക് യുവതലമുറയെ ആകർഷിക്കാനും ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സർക്കാരിൻ്റെ ‘റിഫോംസ് ഉത്സവ് 2026’ പദ്ധതിയുടെ ഭാഗമായി കോട്ടയത്തെ റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ കഴിഞ്ഞ ദിവസം ഐ.എൻ.ആർ കണക്റ്റിനെകുറിച്ചുളള ഒരു അവബോധ പരിപാടി സംഘടിപ്പിച്ചിരുന്നു. റബ്ബർ കർഷകർ, ടാപ്പർമാർ, തോട്ടം നടത്തിപ്പിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർ, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവർക്ക് ഈ പ്ലാറ്റ്ഫോമിനെക്കുറിച്ച് അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടന്നത്.
നിലവില്‍ റബ്ബര്‍ വില റെക്കോഡ് നിലവാരത്തില്‍ എത്തിയ സാഹചര്യത്തില്‍ വിദഗ്ധരായ ടാപ്പര്‍മാരുടെ ക്ഷാമം പല കര്‍ഷകര്‍ക്കും ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നുണ്ട്. പ്രകൃതിദത്ത റബ്ബറിൻ്റെ വില ഉടൻ തന്നെ കിലോയ്ക്ക് 300 രൂപ എന്ന ചരിത്രപരമായ നിലവാരം മറികടക്കാൻ സാധ്യതയുണ്ട്. എന്നാല്‍ പല തോട്ടങ്ങളിലും ടാപ്പിംഗ് കൃത്യമായി നടത്താത്തത് കാരണം വിലക്കയറ്റത്തിൻ്റെ നേട്ടം മുതലാക്കാനുള്ള അവസരം കർഷകർക്ക് നഷ്ടപ്പെടുകയാണ്. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് തോട്ടം ഉടമകളെയും വിദഗ്ധരായ ടാപ്പര്മാരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി റബ്ബര്‍ ബോര്‍ഡ് ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നത്.
കേരള സർക്കാർ റബറിൻ്റെ തറവില ഉയർത്തി പുതുക്കി പ്രഖ്യാപിക്കണം
റബ്ബർ, കുരുമുളക്, ഏലം, കൊപ്ര, അടയ്ക്ക തുടങ്ങിയ നാണ്യവിളകൾക്ക് വിപണിയിൽ റെക്കോഡ് വില ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതിൽ കേന്ദ്രസർക്കാർ സ്വീകരിച്ച കർഷക അനുകൂല നയങ്ങൾ അഭിനന്ദനാർഹമാണെന്ന് മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ആഭ്യന്തര കർഷകരുടെ താൽപര്യം സംരക്ഷിക്കുന്നതിനും ഇറക്കുമതി നിയന്ത്രണങ്ങളിലൂടെ ആഭ്യന്തര ഉത്പന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനും കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകൾ വിലവർധനവിന് അനുകൂലമായ സാഹചര്യമൊരുക്കി. ഈ നേട്ടം കർഷകരുടെ വരുമാനവർധനവായി മാറുന്നതിന് സംസ്ഥാന സർക്കാരും കർഷക സംഘടനകളും കൂട്ടായി പ്രവർത്തിക്കണം. ഉത്പാദനവും വിപണനവും ശക്തിപ്പെടുത്താനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.
റബ്ബർ മേഖലയെ സംരക്ഷിക്കുന്നതിനായി കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ ഈ രംഗത്ത് നിർണായകമാണ്. റബ്ബർ ഇറക്കുമതി രണ്ട് തുറമുഖങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയതും സ്വാഭാവിക റബ്ബറിൻ്റെ ഇറക്കുമതി തീരുവ 25 ശതമാനമായി ഉയർത്തിയതും കോമ്പൗണ്ട് റബ്ബറിൻ്റെ തീരുവ 10 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കിയതും ആഭ്യന്തര ഉത്പാദകർക്ക് ഗുണകരമായി. കയറ്റുമതിക്കായുള്ള ഇറക്കുമതിയുടെ കാലാവധി 18 മാസത്തിൽ നിന്ന് ആറുമാസമായി കുറച്ചതും ഗുണനിലവാരമില്ലാത്ത കപ്പ് ലമ്പ് ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും ഇതിൻ്റെ ഭാഗമാണ്. റീപ്ലാൻ്റിങ് സബ്സിഡി ഹെക്ടറിന് 25,000 രൂപയിൽനിന്ന് 40,000 രൂപയായി ഉയർത്തിയതും റബ്ബർ തൊഴിലാളികൾക്ക് ഭവന, ആരോഗ്യ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഏർപ്പെടുത്തിയതും അഭിനന്ദനീയമാണ്. ഇതിൻ്റെ ഫലമായി റബ്ബർ വില കിലോഗ്രാമിന് 300 രൂപയിലേക്ക് എത്തിയിരിക്കുകയാണ്.
കുരുമുളകിൻ്റെ കാര്യത്തിൽ കിലോഗ്രാമിന് 500 രൂപയിൽ താഴെയുള്ള ഇറക്കുമതി നിരോധിക്കുകയും സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ നിർബന്ധമാക്കുകയും ചെയ്തതോടെ വില 760 രൂപയിലെത്തി. ഏലത്തിൻ്റെ കാര്യത്തിൽ 500 രൂപയിൽ താഴെയുള്ള ഇറക്കുമതി തടയുന്നതിനൊപ്പം ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ 75 ശതമാനം കേന്ദ്രവിഹിതത്തോടെ കാലാവസ്ഥാ ഇൻഷുറൻസ് നടപ്പാക്കിയതും കർഷകർക്ക് ആശ്വാസമാണ്. ഏലത്തിൻ്റെ വില കിലോഗ്രാമിന് 3,000 രൂപയ്ക്ക് മുകളിലെത്തി. നാളികേര മേഖലയെ സംരക്ഷിക്കാൻ കൊപ്രയുടെ വ്യക്തിഗത ഇറക്കുമതി നിയന്ത്രിച്ച് സ്റ്റേറ്റ് ട്രേഡിംഗ് എൻ്റർപ്രൈസസ് വഴിയുള്ള ഇറക്കുമതി മാത്രമാക്കി. ബോൾ കൊപ്രയുടെ താങ്ങുവില ക്വിന്റലിന് ഏകദേശം 400 രൂപ വർധിപ്പിക്കുകയും ചെയ്തു. അടയ്ക്കയുടെ കാര്യത്തിൽ കിലോഗ്രാമിന് 351 രൂപയിൽ താഴെയുള്ള ഇറക്കുമതി തടഞ്ഞതോടെ വില ക്വിൻ്റലിന് 31,000 രൂപയിലെത്തി.
എന്നാൽ റബ്ബറിൻ്റെ വില കിലോഗ്രാമിന് 300 രൂപയിലെത്തിയിട്ടും സംസ്ഥാനത്തെ തോട്ടങ്ങളിൽ ആവശ്യത്തിന് ടാപ്പിംഗ് നടക്കുന്നില്ലെന്നത് ആശങ്കാജനകമാണ്. തൊഴിലാളികളുടെ ക്ഷാമമാണ് പ്രധാന തടസ്സം. അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള വൈദഗ്ധ്യമുള്ള തൊഴിലാളികൾ കർണാടകയിലേക്ക് എത്തുന്നുണ്ട്. സമാനമായ സാധ്യത കേരളവും പ്രയോജനപ്പെടുത്തണം. റബ്ബർ ബോർഡ് സൗജന്യ പരിശീലനം നൽകാൻ തയ്യാറാണ്. സംസ്ഥാന സർക്കാർ പരസ്യം നൽകി താൽപര്യമുള്ള തൊഴിലാളികളെ കണ്ടെത്തി പരിശീലനം നൽകി ഈ മേഖലയിലെ മനുഷ്യവിഭവശേഷി ഉറപ്പാക്കണം. റബ്ബർ വിലസ്ഥിരതാ പദ്ധതിയുടെ തറവിലയും നിലവിലെ വിപണി സാഹചര്യത്തിനനുസരിച്ച് ഉയർത്തി പുതുക്കി പ്രഖ്യാപിക്കണം.
റബ്ബറിൻ്റെ വില കിലോഗ്രാമിന് 300 രൂപയാക്കിയാൽ പിന്തുണയ്ക്കാമെന്ന് നേരത്തെ പ്രഖ്യാപിച്ച മത-സാമൂഹിക നേതാക്കളും ഇപ്പോഴത്തെ സാഹചര്യത്തിൽ കർഷകർക്കൊപ്പം നിൽക്കണം. യുവാക്കളെയും തൊഴിലാളികളെയും ടാപ്പിംഗ് മേഖലയിലേക്ക് ആകർഷിക്കുന്നതിന് ബോധവൽക്കരണ പരിപാടികളും സെമിനാറുകളും സംഘടിപ്പിക്കേണ്ടതുണ്ട്.
പ്രവാസികളിൽനിന്നുള്ള പണമൊഴുക്ക് കുറയുന്ന സാഹചര്യത്തിൽ കേരളത്തിൻ്റെ സമ്പദ്വ്യവസ്ഥയ്ക്ക് നാണ്യവിളകൾ കൂടുതൽ നിർണായകമാവുകയാണ്. കേന്ദ്രസർക്കാരിൻ്റെ നയപരമായ ഇടപെടലുകൾ തുറന്നുനൽകിയ ഈ അവസരം സംസ്ഥാന സർക്കാർ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. കാർഷിക ഉത്പാദനം വർധിപ്പിക്കുന്നതിനും കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും തൊഴിലാളി ലഭ്യതയും ഉറപ്പാക്കണം. കേന്ദ്രസർക്കാരിൻ്റെ കർഷക അനുകൂല നടപടികൾക്ക് പൂർണ പിന്തുണ നൽകി കേരളത്തിൻ്റെ കാർഷിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്താൻ എല്ലാവരും മുന്നോട്ടുവരണമെന്നും ജോർജ് കുര്യൻ ആവശ്യപ്പെട്ടു.







