ന്യൂഡൽഹി: ₹1000ല്‍ താഴെ പെട്രോള്‍ നല്‍കില്ലെന്ന സോഷ്യൽ മീഡിയ പ്രചരണത്തിന് വിശദീകരണവുമായി Reliance Industries. ഇത്തരത്തിലുള്ള നിയന്ത്രണം തങ്ങളുടെ പമ്പുകളില്‍ എവിടെയും നിലവിലില്ലെന്നും കമ്പനി വ്യക്തമാക്കി.
റിലയന്‍സും ബ്രിട്ടീഷ് കമ്പനി ബിപിയും ചേര്‍ന്നുള്ള ജിയോബിപി പെട്രോള്‍ പമ്പുകളില്‍ കുറഞ്ഞത് ₹1000 രൂപയ്ക്ക് മാത്രമേ ഇന്ധനം നല്‍കൂ എന്നായിരുന്നു പ്രചരണം. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമം ഉണ്ടായതുകൊണ്ടാണ് ഈ നിയന്ത്രണം എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.
എന്നാല്‍ ഈ വിവരം വാസ്തവവിരുദ്ധമാണെന്നും രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന ജിയോബിപി പമ്പുകളില്‍ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
പ്രാദേശികമായ ചില പ്രശ്നങ്ങളോ തെറ്റിദ്ധാരണകളോ കാരണം ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചിരിക്കാമെന്നാണ് കമ്പനി വിശദീകരിക്കുന്നത്.
അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ഹോര്‍മൂസ് കടലിടുക്ക് വഴി വരുന്ന എണ്ണക്കപ്പലുകളുടെ വരവ് കുറയുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാലും, റഷ്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി വര്‍ധിപ്പിച്ച് ഇന്ത്യ നിലവില്‍ വിതരണ പ്രശ്നം കൈകാര്യം ചെയ്യുകയാണ്.






