ഇൻസ്റ്റാഗ്രാമിൽ ഇനി കമൻ്റുകൾ എഡിറ്റ് ചെയ്യാം;

0
70

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന ഫീച്ചർ ഒടുവിൽ അവതരിപ്പിച്ചു. ഇനി മുതൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കമന്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കും. വ്യാഴാഴ്ചയാണ് സോഷ്യൽ മീഡിയ ഭീമനായ മെറ്റ ഈ പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്. നിലവിൽ ഫേസ്ബുക്കിലും വാട്സാപ്പിലും ലഭ്യമായ എഡിറ്റ് ഫീച്ചറുകൾക്ക് സമാനമായാണ് ഇൻസ്റ്റാഗ്രാമിലും ഈ മാറ്റം കൊണ്ടുവരുന്നത്.

പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഒരു കമന്റ് പോസ്റ്റ് ചെയ്ത് 15 മിനിറ്റിനുള്ളിൽ ഉപയോക്താക്കൾക്ക് അതിൽ തിരുത്തലുകൾ വരുത്താം. ഈ സമയപരിധിക്കുള്ളിൽ എത്ര തവണ വേണമെങ്കിലും കമന്റ് എഡിറ്റ് ചെയ്യാൻ സാധിക്കും. മുൻപ് കമന്റുകളിൽ എന്തെങ്കിലും അക്ഷരപ്പിശകോ മറ്റോ വന്നാൽ അത് ഡിലീറ്റ് ചെയ്ത ശേഷം വീണ്ടും ടൈപ്പ് ചെയ്യേണ്ട അവസ്ഥയായിരുന്നു. പുതിയ മാറ്റം ലോകമെമ്പാടുമുള്ള 300 കോടിയിലധികം വരുന്ന ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാകും.

ഇൻസ്റ്റാഗ്രാമിലെ ഒരു കമന്റ് എഡിറ്റ് ചെയ്യാൻ ആ കമന്റിൽ അല്പനേരം അമർത്തിപ്പിടിക്കുക (Press and hold). അപ്പോൾ വരുന്ന ഓപ്ഷനുകളിൽ നിന്ന് ‘എഡിറ്റ്’ (Edit) എന്നത് തിരഞ്ഞെടുക്കാം. കമന്റിൽ മാറ്റം വരുത്തിക്കഴിഞ്ഞാൽ അതിന് താഴെയായി ചാരനിറത്തിൽ ‘Edited’ എന്ന ലേബൽ ദൃശ്യമാകും. ഇത് സുതാര്യത ഉറപ്പുവരുത്താനാണ് ഇൻസ്റ്റാഗ്രാം നൽകുന്നത്.

എന്നാൽ എഡിറ്റ് ചെയ്യുന്നതിന് മുൻപുള്ള യഥാർത്ഥ കമന്റ് എന്തായിരുന്നു എന്ന് മറ്റുള്ളവർക്ക് കാണാൻ സാധിക്കില്ല. കൂടാതെ, ടെക്സ്റ്റ് കമന്റുകൾ മാത്രമേ എഡിറ്റ് ചെയ്യാൻ സാധിക്കൂ. ചിത്രങ്ങൾക്കൊപ്പം നൽകുന്ന കമന്റുകളിൽ ടെക്സ്റ്റ് ഭാഗം മാത്രമേ തിരുത്താൻ കഴിയൂ എന്നും ഇൻസ്റ്റാഗ്രാം വ്യക്തമാക്കിയിട്ടുണ്ട്.

മെറ്റയുടെ തന്നെ വാട്സാപ്പിലും സമാനമായ ഫീച്ചർ ലഭ്യമാണ്. വാട്സാപ്പിൽ സന്ദേശങ്ങൾ അയച്ച് 15 മിനിറ്റിനുള്ളിൽ അവ എഡിറ്റ് ചെയ്യാൻ സാധിക്കും. എഡിറ്റ് ചെയ്ത സന്ദേശങ്ങൾക്ക് സമീപം ‘Edited’ എന്ന് രേഖപ്പെടുത്താറുമുണ്ട്.

മറ്റ് പുതിയ മാറ്റങ്ങൾ

വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിനായി ഇൻസ്റ്റാഗ്രാം മറ്റ് പല പരിഷ്കാരങ്ങളും നടപ്പിലാക്കുന്നുണ്ട്. ഇന്ത്യയിൽ ‘ടീൻ അക്കൗണ്ടുകൾ’ (Teen Accounts) അടുത്തിടെ അവതരിപ്പിച്ചിരുന്നു. 13 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കൂടുതൽ സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം. സെൻസിറ്റീവ് ആയ ഉള്ളടക്കങ്ങൾ കുട്ടികളുടെ ഫീഡിലും സെർച്ചിലും വരുന്നത് നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും.കൂടാതെ, രക്ഷിതാക്കൾക്ക് കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ നിരീക്ഷിക്കാനായി ‘ലിമിറ്റഡ് കണ്ടന്റ്’ (Limited Content) എന്ന പുതിയ ക്രമീകരണവും ഇൻസ്റ്റാഗ്രാം ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകളുമായുള്ള ഇടപെടലുകൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here