മാനത്തൂന്ന് മണ്ണിനെത്തേടിയെത്തുന്ന കുളിര്… മണ്ണിൽ അലിഞ്ഞ് ചേരാൻ കാത്തിരുന്ന ഹിമകണങ്ങള്‍ ആവേശത്തോടെ യാത്ര ആരംഭിച്ചിട്ടുണ്ട്. ഈ വർഷത്തെ തണുപ്പുകാലം ഇങ്ങെത്തിയെന്നേ… എന്നുവച്ചാൽ ഒരു വിൻ്റർ ട്രിപ്പിന് പ്ലാൻ ഉണ്ടെങ്കിൽ ബാഗ് പായ്‌ക്ക് ചെയ്യാൻ സമയമായെന്ന്. ഇത്തവണത്തെ മഞ്ഞുകാലത്ത് നമുക്ക് ഹിമാലയൻ ഗ്രാമങ്ങളിൽ പോയി രാപ്പാർത്താലോ?
അല്‍പം ശാന്തമായ എവിടേക്കെങ്കിലും യാത്ര പോകണം എന്ന് ആഗ്രഹിക്കുന്നവരാണെങ്കിൽ കണ്ണുംപൂട്ടി വച്ചുപിടിക്കാം. കുറച്ച് ഗ്രാമങ്ങളൊക്കെ കറങ്ങി കുറേ മനുഷ്യരെയൊക്കെ കണ്ട് മനസും ശരീരവും തണുപ്പിച്ചിങ്ങ് പോരാം. ദൂരെ മഞ്ഞും മഴയും കാടും കഥ പറയുന്ന ചില ഇടങ്ങളെ പരിചയപ്പെടാം.
ഹിമാചൽ പ്രദേശിൻ്റെ നാക്കോ ഗ്രാമം
ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിലെ ട്രാൻസ്ഹിമാലയൻ മേഖലയിൽ ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നാക്കോ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,662 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നാക്കോ തടാകത്തിന് ചുറ്റുമാണ് സ്ഥിതി ചെയ്യുന്നത്.
ശാന്തമായ അന്തരീക്ഷവും മനോഹരമായ കാഴ്‌ചകളുമുള്ള ഈ ഗ്രാമത്തിൽ തിക്കും തിരക്കുമില്ല, എവിടെയും ശാന്തത മാത്രം. തിരക്കേറിയ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് നാക്കോ ഗ്രാമം.
ഗ്രാമത്തിന്‍റെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന നാക്കോ തടാകമാണ് ഇവിടുത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്ന്. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ തടാകത്തിന്‍റെ ഉപരിതലത്തിൽ ഐസ് സ്കേറ്റിങും നടത്താവുന്നതാണ്. നാക്കോ തടാകം, വില്ലോ, പോപ്ലർ മരങ്ങൾ എന്നിവ നിറഞ്ഞ ഈ ഗ്രാമത്തിൽ പദ്‌മ സംഭവനെ ആരാധിക്കുന്നവരാണ് ഏറെയും. അതിനാൽ തന്നെ നാല് ബുദ്ധക്ഷേത്രങ്ങൾ ഈ ഗ്രാമത്തിനടുത്ത് ഉണ്ട്.
ഗുരു റിംബോച്ചെ എന്നറിയപ്പെടുന്ന പദ്‌മ സംഭവ എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ഇന്ത്യൻ ബുദ്ധിസ്റ്റ് മാസ്റ്റർ ആയിരുന്നു. അൽപം ചരിത്രമൊക്കെ താത്പര്യമുള്ളവർക്ക് ബുദ്ധമതത്തിൻ്റെ അവശേഷിപ്പുകളും കണ്ട് തിരികെ മടങ്ങാവുന്നതാണ്. തഷിഗാങ് എന്ന ഗ്രാമത്തിനടുത്തുള്ള ഗുഹകളിൽ പദ്‌മ സംഭവൻ ധ്യാനിച്ചിരുന്നതായാണ് വിശ്വാസം.
1025ല്‍ നിര്‍മിച്ച നാക്കോ മൊണാസ്ട്രിയാണ് മറ്റൊരു പ്രധാനകാഴ്‌ച. 500 വർഷത്തിലേറെ പഴക്കമുള്ള ഒരു പ്രാർത്ഥനാ ചക്രമുള്ള ചാംഗോ ഗോമ്പയും നിരവധി സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ്. പ്രകൃതി രമണീയമായ നാക്കോ ഗ്രാമത്തില്‍ ട്രെക്കിങ്, ഹൈക്കിങ് മുതലായവയ്ക്ക് പറ്റിയ ഒട്ടേറെ പാതകളുണ്ട്. നാക്കോയിൽ നിന്ന് ചാംഗോ, ഹാംഗോ, താഷിഗാംഗ് ഗ്രാമങ്ങളിലേക്ക് നയിക്കുന്ന ചെറിയ വഴികളിലൂടെയും ട്രെക്കിങ് നടത്താം.







