പാകിസ്താനിലെ ബലൂചിസ്താൻ, ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യകളിലെ ഐസിസ് (ISIS) കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി അഫ്ഗാൻ വ്യോമസേന. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ട കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച ആക്രമണം നടത്തിയതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയതായി ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ബലൂചിസ്താനിലെ പിഷിൻ ജില്ലയിലുള്ള സരണാൻ പ്രദേശത്തെ ഐസിസ് സംയുക്ത കേന്ദ്രം, ഖൈബർ പഖ്തൂൺഖ്വയിലെ ചിത്രാൽ ഷാ സലിം വാലി, കംബർ ഖേൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ എന്നിവയാണ് അഫ്ഗാൻ വ്യോമസേന ലക്ഷ്യമിട്ടത്. സരണാനിൽ ഐസിസ് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഒരു സ്കൂളിന് നേരെയും ആക്രമണമുണ്ടായി.
ആക്രമണത്തിൽ നിരവധി ഐസിസ് ഭീകരർ കൊല്ലപ്പെട്ടതായും സിവിലിയന്മാർക്ക് പരിക്കേറ്റിട്ടില്ലെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് കേന്ദ്രവും ലക്ഷ്യമിടുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അഫ്ഗാൻ അതിർത്തിക്കുള്ളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാന്റെ ഈ തിരിച്ചടി. പാകിസ്താൻ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 28 സിവിലിയന്മാർ കൊല്ലപ്പെടുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുഎൻ അസിസ്റ്റൻസ് മിഷൻ സ്ഥിരീകരിച്ചിരുന്നു. എന്നാൽ തങ്ങൾ 29 തീവ്രവാദികളെയാണ് വധിച്ചതെന്നാണ് പാക് സുരക്ഷാസേനയുടെ അവകാശവാദം.
അഫ്ഗാൻ മണ്ണിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. പാകിസ്താന്റേത് പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും പ്രാദേശിക സമാധാനത്തിന് നേരിട്ടുള്ള ഭീഷണിയാണെന്നും ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. സ്വന്തം ആഭ്യന്തര പരാജയങ്ങൾ മറച്ചുവെക്കാനാണ് പാകിസ്താൻ അതിർത്തി കടന്നുള്ള അതിക്രമങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ഇന്ത്യ കുറ്റപ്പെടുത്തി.








