വയനാട്ടിൽ സ്വകാര്യ ബസുകൾ ഇന്നുമുതൽ സർവീസുകൾ നിർത്തും

0
2
കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെത്തുടർന്ന് വരുമാന നഷ്ടമുണ്ടാകുന്നു എന്നാരോപിച്ച് വയനാട് ജില്ലയിലെ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ജൂലൈ 1 മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കുമെന്നു അറിയിച്ച ബസ് ഉടമകൾ ജില്ലാ സിവിൽ സ്റ്റേഷനിലേക്കു മാർച്ചും നടത്തി.
ബസ് ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് റാം മാർച്ച് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി, സിഐടിയു, എഐടിയുസി തുടങ്ങിയ പ്രമുഖ തൊഴിലാളി സംഘടനകളിൽപ്പെട്ട നൂറുകണക്കിന് ബസ് ജീവനക്കാർ സമരത്തിൽ പങ്കെടുത്തു.
സ്വകാര്യ ബസുകൾ സർവീസ് നിർത്തിയതോടെ യാത്രക്കാർ പൂർണ്ണമായും കെഎസ്ആർടിസി ബസുകളെ ആശ്രയിക്കേണ്ടി വന്നു. കൽപറ്റ ഡിപ്പോയിൽ നിന്ന് മൂന്നും സുൽത്താൻ ബത്തേരിയിൽ നിന്നും രണ്ടും അധിക സർവീസുകൾ കെഎസ്ആർടിസി നടത്തിയെങ്കിലും യാത്രാക്ലേശത്തിന് പരിഹാരമായില്ല. മണിക്കൂറുകളോളമാണ് ആളുകൾ ബസ് സ്റ്റോപ്പുകളിലും സ്റ്റാൻഡുകളിലും കാത്തിരിക്കേണ്ടി വന്നത്.
സർവീസ് നടത്തിയ ബസുകളിലെല്ലാം യാത്രക്കാരുടെ കനത്ത തിരക്കായിരുന്നു. മാനന്തവാടി ഡിപ്പോയ്ക്ക് കീഴിലും കെഎസ്ആർടിസി കൂടുതൽ ട്രിപ്പുകൾ ഓടിച്ചെങ്കിലും പ്രതിസന്ധി തുടരുകയാണ്.സ്വകാര്യ ബസ് സമരം വിദ്യാർഥികളുടെ പഠനത്തെയും ബാധിച്ചു. കൽപറ്റ നഗരത്തിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിൽ പകുതിയോളം കുട്ടികൾ മാത്രമാണ് എത്തിയത്.
ബത്തേരി, പനമരം, അച്ചൂർ തുടങ്ങി ഒട്ടേറെ പ്രദേശങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് ക്ലാസിൽ എത്താനായില്ല. കെഎസ്ആർടിസി സർവീസുകൾ കുറവുള്ള ആദിവാസി മേഖലകളിൽ നിന്നുള്ള കുട്ടികളെയാണ് സമരം ഏറ്റവും കൂടുതൽ ബാധിച്ചത്.ജില്ലയിൽ സർവീസ് നടത്തുന്ന 300 സ്വകാര്യ ബസുകളിൽ 160 എണ്ണം ഓട്ടം നിർത്തുന്നതായി കാണിച്ച് മോട്ടർ വാഹന വകുപ്പിന് ജി–ഫോം സമർപ്പിച്ചിട്ടുണ്ട്. സ്വകാര്യ ബസ് മേഖലയെക്കൂടി സർക്കാർ പരിഗണിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here