സംസ്ഥാന ബജറ്റിൽ പണം വകയിരുത്തിയിട്ടില്ല എന്നതും ധനകാര്യ കമ്മിഷൻ്റെ അംഗീകാരം ലഭിച്ചില്ല എന്നതുമാണ് സർവേ റദ്ദാക്കാൻ കോടതി ചൂണ്ടിക്കാട്ടിയ പ്രധാന കാരണങ്ങൾ.
എറണാകുളം: സർക്കാരിന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി നൽകിക്കൊണ്ട് നവകേരള സർവേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. രാഷ്ട്രീയ കാമ്പയിനുകളുടെ മറവിൽ സർക്കാർ ചെലവിൽ സർവേ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സാമ്പത്തിക ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള രാഷ്ട്രീയ നീക്കമാണിതെന്നുമുള്ള ഹർജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
നവകേരള സർവേയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനാണ് കോടതിയിൽ നിന്ന് നിർണായകമായ തിരിച്ചടി നേരിട്ടത്. നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരിൽ 2025 ഒക്ടോബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിച്ചത്. നാടിൻ്റെ പുരോഗതി സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാനായി സന്നദ്ധ പ്രവർത്തകർ മുഖേന പഠനം നടത്തുന്നുവെന്നായിരുന്നു സർക്കാരിൻ്റെ വിശദീകരണം. എന്നാൽ നവകേരള സർവേയുടെ കാര്യത്തിൽ സാമ്പത്തിക ചട്ടങ്ങളുടെ വലിയ തോതിലുള്ള വ്യതിചലനമുണ്ടായെന്ന് ഹൈക്കോടതി വിലയിരുത്തി. എറണാകുളം ജില്ലാ പഞ്ചായത്തംഗവും കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവിയർ, ജനറൽ സെക്രട്ടറി മുബാസ് എന്നിവരും നൽകിയ പൊതുതാത്പര്യ ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി.
കോടതി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ
സർവേയുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് കാരണങ്ങളാണ് കോടതി വിധിയിൽ വ്യക്തമാക്കുന്നത്. ഒന്നാമതായി, സംസ്ഥാന ബജറ്റിൽ ഈ സർവേയുമായി ബന്ധപ്പെട്ട് പണം വകയിരുത്തിയിട്ടില്ല. രണ്ടാമതായി, ധനകാര്യ കമ്മിഷൻ്റെ അംഗീകാരവും ഈ സർവേ നടത്തുന്നതിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പൊതുഖജനാവിൽ നിന്ന് പണം ചെലവഴിച്ച് ഇത്തരമൊരു സർവേ നടത്തുന്നത് പൂർണമായും നിയമവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. സർവേ നടത്താൻ ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി സർക്കാരിന് കത്ത് നൽകിയിരുന്നുവെന്ന ഗുരുതരമായ ആരോപണവും കോടതിയിൽ ഉന്നയിക്കപ്പെട്ടിരുന്നു. ഈ കത്തിൻ്റെ ആധികാരികതയടക്കം ഹൈക്കോടതിയുടെ പരിഗണനയിൽ വന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ലക്ഷ്യമിട്ടത് എൺപത് ലക്ഷം വീടുകൾ
സിപിഎം പ്രവർത്തകരെ വോളൻ്റിയർമാരാക്കി പഞ്ചായത്തുകൾ തോറും എൺപത് ലക്ഷത്തോളം വീടുകളിൽ കയറി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും അവരുടെ അഭിപ്രായങ്ങൾ ശേഖരിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. വരുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നയരൂപീകരണത്തിനും പ്രകടന പത്രികയിൽ ഉൾപ്പെടുത്താനുള്ള ആശയങ്ങളുടെ സമാഹരണത്തിനുമായാണ് സർക്കാർ സർവേ പ്രഖ്യാപിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രധാന ആരോപണം. സർക്കാർ ഖജനാവിൽ നിന്ന് ഇരുപത് കോടി രൂപ ചെലവഴിച്ച് നടത്തുന്ന സർവെയ്ക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളാണുള്ളതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.
രാഷ്ട്രീയ തിരിച്ചടി
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, സിപിഎം കേഡർമാരെ ഉപയോഗിച്ച് സർക്കാർ ചെലവിൽ പാർട്ടി പ്രചാരണം നടത്താനുള്ള നീക്കമാണ് കോടതി വിധിയിലൂടെ തടയപ്പെട്ടത്. സർവേ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നതിനിടയിലാണ് ഹൈക്കോടതിയുടെ അപ്രതീക്ഷിത ഉത്തരവ് വന്നിരിക്കുന്നത്. സർവേ പ്രഖ്യാപിച്ച ഘട്ടം മുതൽ പ്രതിപക്ഷം ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് പുതിയ കോടതി വിധി. വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം തേടാനെന്ന പേരിൽ പാർട്ടിക്ക് വേണ്ടി സർക്കാർ ചെലവിൽ വിവരശേഖരണം നടത്താനുള്ള നീക്കത്തിനാണ് ഇതോടെ കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്.






