ചോര വീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽ സലാം ഉം…ഉം..ലാൽ സലാം.”
ഇന്ന് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ സ്ഥാപകമായിട്ട് നൂറ് വർഷം പിന്നിട്ടിരിക്കുകയാണ്. അവകാശ പോരാട്ടങ്ങളുടെയും സാമൂഹ്യ മുന്നേറ്റങ്ങളുടെയും കഥയാണ് ഇന്ന് ഓരോ സഖാക്കൾക്കും പറയാൻ ഉള്ളത്. സമത്വത്തിലും ജനാധിപത്യത്തിലും അധിഷ്‌ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച ലക്ഷക്കണക്കിനു വിപ്ലവകാരികളുടെ ത്യാഗങ്ങളുടെ ഫലമാണ് ഇന്ന് കാണുന്ന സിപിഐ പാർട്ടി.
മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്നതവസാനിപ്പിക്കാൻ സോഷ്യലിസത്തിനും അതിൽ നിന്നും കമ്മ്യൂണിസത്തിലേയ്‌ക്കുള്ള പരിവർത്തനത്തിനും മാത്രമേ സാധിക്കുകയുള്ളൂ എന്ന് തെളിയച്ചവരാണ് ഓരോ കമ്മ്യൂണിസ്റ്റുകാരും. അന്ന് തൊട്ട് ഇന്ന് വരെ അതിൽ യാതൊരു മാറ്റവും വന്നിട്ടില്ല. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം നടക്കുന്നത്. വാർഷികത്തോട് അനുബന്ധിച്ച് ഇന്ന് ഡല്‍ഹിയില്‍ കേന്ദ്രകമ്മിറ്റി ഓഫീസായ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തും. രാജ്യമെമ്പാടുമുള്ള പ്രവർത്തകരും നേതാക്കളും വാർഷിക ദിനം അതിഗംഭീരമായി ആഘോഷിക്കും.
1925ലാണ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് പേര് സ്വീകരിക്കുന്നത്. അന്ന് മുതൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനും, തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സ്ത്രീകൾ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ എന്നിവര്‍ക്കിടയിൽ കൂടുതലാഴത്തിൽ ഇറങ്ങി ചെലാനും അവരിൽ ഒരാളായി പ്രവർത്തിക്കാനും പാർട്ടിക്ക് സാധിച്ചു. ജനങ്ങൾക്കും രാജ്യങ്ങൾക്കും വേണ്ടി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊണ്ടിട്ടുള്ളത്. ആയിരത്തിലധികം രക്തസാക്ഷികളുടെ ചോര വീണ ഈ മണ്ണിൽ സഖാക്കൾ കണ്ടത് നാളത്തെ ചെമ്പൻ പുലരിയാണ്.
ചരിത്രം സാക്ഷി
രാജ്യത്തെ ഏറെ പഴക്കമുള്ള രാഷ്‌ട്രീയ പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ അഥവ സിപിഐ. എങ്കിലും പാര്‍ട്ടിയുടെ സ്ഥാപകദിനം സംബന്ധിച്ച് ഇന്നും ചര്‍ച്ച തുടരുന്നു. രാജ്യത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല ചരിത്രം പോരാട്ടത്തിന്‍റേതായിരുന്നു.
1920ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു വിഭാഗം എം എന്‍ റോയിയുടെ നേതൃത്വത്തില്‍ താഷ്‌കെന്‍ഡില്‍ പ്രവര്‍ത്തനം തുടങ്ങി. 1921 മുതല്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചെറു ചെറു സംഘങ്ങളായി കമ്യൂണിസ്റ്റ് പ്രസ്ഥാനം മുളച്ച് പൊന്തി. 1925ല്‍ കാണ്‍പൂരില്‍ ഒരു കമ്യൂണിസ്റ്റ് ദേശീയ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. രാജ്യത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ തകര്‍ക്കപ്പെട്ടു കൊണ്ടേയിരുന്നു. ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്‌തും നിയമനടപടികളെടുത്തുമായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി മുളപൊട്ടുന്നത് തടയാന്‍ അധികൃതര്‍ ശ്രമിച്ചത്.
സാര്‍വദേശീയതലത്തില്‍ സാമ്രാജ്യത്വ ഭരണത്തോട് ഉണ്ടായ അസംതൃപ്‌തിയും ലോകമെമ്പാടും സംഭവിച്ച പ്രത്യയശാസ്‌ത്ര മാറ്റങ്ങളുമാണ് 1920ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ) എന്ന മഹാപ്രസ്ഥാനത്തിന്‍റെ പിറവിക്ക് കാരണമായത്. 1917ല്‍ സോവിയറ്റ് യൂണിയനിലുണ്ടായ വിപ്ലവത്തിന്‍റെ കാഹളം, സാമൂഹ്യ സാമ്പത്തിക നീതിക്കും ഇന്ത്യയുടെ സ്വതന്ത്ര്യസമരപോരാട്ടങ്ങളില്‍ മാറ്റം വരുത്താനും കമ്യൂണിസമാണ് മാര്‍ഗമെന്ന് കരുതിയ ഇന്ത്യന്‍ വിപ്ലവകാരികള്‍ക്കും പ്രചോദനമായി.
ആഗോള സ്വാധീനം
ഇതിന് പുറമെ ഇന്ത്യന്‍ വിപ്ലവകാരികളായ എം എന്‍ റോയ്, അബനി മുഖര്‍ജി തുടങ്ങിയവര്‍ വിദേശത്തേക്ക് പഠനത്തിനും ജോലിക്കുമായി ചേക്കേറിയതും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പിറവിക്ക് ആക്കം കൂട്ടി. സാര്‍വദേശീയ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുമായി അവര്‍ സഹകരിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ സമൂഹത്തിന്‍റെ പ്രശ്‌നങ്ങള്‍ക്കുള്ള മികച്ചൊരു പരിഹാരമാണ് കമ്യൂണിസം എന്നൊരു ബോധം അവരിലുണ്ടായി. ഇതും പ്രസ്ഥാനത്തിന്‍റെ പിറവിയിലേക്ക് നയിച്ചു.
സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സോവിയറ്റ് യൂണിയന്‍റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണല്‍ നിലവില്‍ വന്നു. തത്ഫലമായി 1920 ഒക്‌ടോബര്‍ പതിനേഴിന് താഷ്‌കെന്‍ഡില്‍ വച്ച് സിപിഐ എന്ന പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടു. ഈ സാര്‍വദേശീയ പങ്കാളിത്തം സിപിഐയ്ക്ക് ഒരു സവിശേഷ പ്രത്യയശാസ്‌ത്ര അടിത്തറയുണ്ടാക്കി. സോഷ്യലിസത്തിലും വര്‍ഗബോധത്തിലും ഊന്നിയുള്ള ഒരു സാമ്രാജ്യത്വവിരുദ്ധ ദേശീയതയായിരുന്നു അത്.
എല്ലാവര്‍ക്കും തുല്യ അവസരവും ജനാധിപത്യ അവകാശങ്ങളും ഉറപ്പ് നല്‍കുന്ന ഒരു സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക എന്നതായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രാഥമിക ലക്ഷ്യം. ജാതി, വര്‍ഗ, ലിംഗ ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്നതും പാര്‍ട്ടി ലക്ഷ്യമിട്ടു. അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ വിയര്‍പ്പ് തുള്ളികള്‍ കൊണ്ട് സൃഷ്‌ടിക്കുന്ന ധനം പ്രത്യേക അവകാശാധികാരങ്ങളും ഒരു സംഘം ന്യൂനപക്ഷത്തിന്‍റെ കൈകളിലേക്ക് കേന്ദ്രീകരിക്കുന്നത് തടയാനും പുതിയ പ്രസ്ഥാനം ലക്ഷ്യം വച്ചു.
സിപിഐയും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം
1964 നവംബര്‍ ഏഴിന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(സിപിഐ) രണ്ടായി പിളര്‍ന്നു. സിപിഐയും സിപിഐ മാര്‍ക്‌സിസ്റ്റും. മുതലാളിത്തവും കമ്യൂണിസവും സഹവര്‍ത്തിത്തത്തിലൂടെ മുന്നോട്ട് പോകുന്ന സോവിയറ്റ് മാതൃകയിലുള്ള കമ്യൂണിസത്തിലാണ് സിപിഐ വിശ്വസിച്ചത്. അധ്വാനിക്കുന്ന ജനവിഭാഗത്തെ ശാക്തീകരിക്കാനുള്ള മാര്‍ഗം ജനാധിപത്യമാണെന്നും ഇവര്‍ വിശ്വസിച്ചു.
ഈ കമ്യൂണിസ്റ്റ് നയം കൂടുതല്‍ ഉദാരമാണെന്ന് പൊതുവെ വിലയിരുത്തലുണ്ടായി. അത് കൊണ്ട് തന്നെ ഇതിന്‍റെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങളും ഉണ്ടായില്ല. എന്നാല്‍ സിപിഎം ചൈനീസ് കമ്യൂണിസ്റ്റ് പാതയാണ് സ്വീകരിച്ചത്. വര്‍ഗ ബഹുജന പിന്തുണയായിരുന്നു സംഘടനയുടെ മുഖമുദ്ര. അതായത് നയരൂപീകരണത്തില്‍ മുഴുവന്‍ ജനങ്ങളെയും പങ്കാളികളാക്കുക. വിദേശവസ്‌തുക്കളുടെ ഇറക്കുമതി ഇവര്‍ എതിര്‍ത്തു. ആഭ്യന്തര സമ്പദ്ഘടനയ്ക്ക് അവര്‍ കൂടുതല്‍ ഊന്നല്‍ നല്‍കി. തൊഴിലാളിവര്‍ഗത്തെക്കാള്‍ കര്‍ഷത്തൊഴിലാളികളെയാണ് ഉദ്ധരിക്കേണ്ടത് എന്ന് അവര്‍ വിശ്വസിച്ചു.
രാജ്യത്തെ പ്രധാന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍
കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് മുതല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വരെയുള്ളവര്‍ സിപിഎമ്മില്‍ നിന്നുള്ളവരാണ്. ഇ കെ നായനാര്‍, വി എസ് അച്യുതാനനന്ദന്‍ എന്നിവരും സിപിഎമ്മില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലെത്തി. കേരളത്തിലെ മുന്‍മുഖ്യമന്ത്രിമാരായ സി അച്യുതമേനോനും പി കെ വാസുദേവന്‍ നായരും സിപിഐയില്‍ നിന്നുള്ളവരായിരുന്നു.
പശ്ചിമബംഗാളില്‍ സിപിഎം ഭരിച്ച 34 കൊല്ലം ജ്യോതി ബസുവും ബുദ്ധദേബ് ഭട്ടാചാര്യയും മുഖ്യമന്ത്രി പദമലങ്കരിച്ചു. നൃപന്‍ ചക്രബര്‍ത്തി, ദശരഥ് ദേബ്ബര്‍മ്മ, മാണിക് സര്‍ക്കാര്‍ എന്നിവര്‍ ത്രിപുരയില്‍ മുഖ്യമന്ത്രിമാരായി. ത്രിപുരയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി പദമലങ്കരിച്ച മുഖ്യമന്ത്രിയെന്ന പദവി മാണിക് സര്‍ക്കാര്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു





