കാസർകോട്: കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രാവിലെ മുതൽ ആരംഭിച്ച പെരുമഴയ്ക്ക് ഇതുവരെ ശമനമില്ല. വടക്കൻ കേരളത്തിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നത് ഇന്നാണ്. റെഡ് അലെർട് മുന്നയിപ്പും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു.
ചക്രവാതച്ചുഴി നാളെയോടെ കിഴക്കോട്ടു നീങ്ങുന്നതോടെ മഴ കുറയാനാണു സാധ്യതയെന്നു നിരീക്ഷകർ പറഞ്ഞു. 10 നു ശേഷം മഴ നന്നായി കുറയുമെന്നും കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു. നാളെ നൽകിയ റെഡ് അലെർട്ട് പിൻവലിച്ചു. പകരം ഓറഞ്ച് അലെർട്ട് നൽകിയിട്ടുണ്ട്.
കാസർകോട് മുതൽ തൃശൂർ വരെയുള്ള ഏഴ് ജില്ലകളിൽ ആണ് നാളെ ഓറഞ്ച് അലെർട്ട് മുന്നറിയിപ്പ് ഉള്ളത്. ബാക്കി ഏഴു ജില്ലകളിൽ യെലോ അലെർട്ട് മുന്നറിയിപ്പുമുണ്ട്. ഒൻപതു വരെ വടക്കൻ കേരളത്തിൽ ഓറഞ്ച് അലെർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേ സമയം ഇതുവരെ 27% അധിക മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കാസർകോട് മുതൽ മലപ്പുറം വരെയുള്ള അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് മുന്നറിയിപ്പ് ഉണ്ട്. ആറ് ജില്ലകളിൽ ഓറഞ്ച് അലെർട്ടും മൂന്ന് ജില്ലകളിൽ യെലോ അലെർട്ടുമാണ്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ഇന്ന് (06/06/2026) മുതൽ 09/06/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പ്രത്യേക ജാഗ്രത നിർദേശം
ഇന്ന് മുതല്‍ 10 വരെ സോമാലിയ തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യത.
ഒന്‍പതാം തീയതി വരെ തെക്കൻ മഹാരാഷ്ട്ര, ഗോവ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്ക് കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
ജൂണ്‍ പത്തിന് ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, തമിഴ്‌നാട് തീരം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കാസർകോട് മതിൽ ഇടിഞ്ഞുവീണു; വൻ ദുരന്തം ഒഴിവായത് അത്ഭുതകരമായി
കനത്ത മഴ തുടരുന്നതിനിടെ കാസർകോട് കൈകമ്പയിൽ വൻ അപകടം ഒഴിവായി. കൈകമ്പ സ്വദേശിയായ ഖാലിദിൻ്റെ വീടിന് മുകളിലേക്ക് അയൽക്കാരൻ പുതുതായി നിർമിച്ച മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.
അപകടസമയത്ത് ഖാലിദിൻ്റെ ഭാര്യ ഖൈറുനിസ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ഒപ്പം ഒൻപത് വയസുകാരനായ മകനുമുണ്ടായിരുന്നു. പെട്ടെന്ന് വലിയ ശബ്ദം കേട്ട് ഇവർ അടുക്കളയിൽ നിന്ന് ഓടി മാറിയതിനാലാണ് ജീവൻ തിരിച്ചുലഭിച്ചത്. കോൺക്രീറ്റ് സിമൻ്റ് ബീം അടക്കമുള്ള മതിൽ അടുക്കളയ്ക്ക് മുകളിലേക്കാണ് തകർന്നുവീണത്. ഇടിഞ്ഞു വീഴലിൻ്റെ ആഘാതത്തിൽ അടുക്കള ജനാലയുടെ ചില്ലുകൾ തകർന്ന് പാകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണത്തിലേക്ക് തെറിച്ചുവീണു. വൻ നാശനഷ്ടം സംഭവിച്ചെങ്കിലും അമ്മയും മകനും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മധൂരിൽ കാറിന് മുകളിൽ മരം വീണു
കാസർകോട് മധൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ തീർഥാടകരുടെ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. പാർക്ക് ചെയ്തിരുന്ന കാറായതിനാൽ ഉള്ളിൽ ആളുകളുണ്ടായിരുന്നില്ല. മരം വീണ് കാർ തകർന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.
മാവുങ്കാലില്‍ കനത്ത മഴയിൽ റോഡരികിലേക്ക് മതിൽ ഇടിഞ്ഞുവീണു. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്കാണ് കല്ല് തെറിച്ചുവീണത്. സ്കൂട്ടർ യാത്രക്കാരനായ പരപ്പ സ്വദേശി പ്രിയേഷിനും വിഷ്ണുവിനും പരുക്കേറ്റു.
വടക്കൻ കേരളത്തിൽ പരക്കെ കനത്ത നാശനഷ്ടങ്ങളാണ് മഴമൂലം റിപ്പോർട്ട് ചെയ്യുന്നത്. നദികളിലെ ജലനിരപ്പ് ഉയരുന്നതിനാലും മണ്ണൊലിപ്പ് സാധ്യതയുള്ളതിനാലും മലയോര മേഖലകളിലും തീരദേശങ്ങളിലും ഉള്ളവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.








