ചാറ്റ്ജിപിടിക്ക് 10 കോടി സജീവ ഉപയോക്താക്കൾ, ഇന്ത്യ രണ്ടാമത്തെ വലിയ വിപണി’:

0
17
xr:d:DAFWoD7VYeg:11,j:44593341580,t:23010316

ഇന്ത്യൻ വിപണിയിൽ ചാറ്റ്ജിപിടിയുടെ വളർച്ച എടുത്തുകാണിച്ച് സാം ആൾട്ട്‌മാൻ. ആഴ്‌ചതോറുമുള്ള സജീവ ഉപയോക്താക്കളുടെ എണ്ണം 100 ദശലക്ഷത്തിൽ എത്തിയതായും ഓപ്പൺഎഐ സിഇഒ.

ഹൈദരാബാദ്: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലോകമെമ്പാടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ വളർച്ച വ്യക്തമായി കാണാനാകുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാൽ തന്നെ ലോകമെമ്പാടുമുള്ള എഐ, ടെക് കമ്പനികൾ ബിസിനസ് വികസിപ്പിക്കാൻ ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുന്നുണ്ട്. അതിലൊന്നാണ് ഓപ്പൺഎഐ. ഇന്ത്യ അതിന്‍റെ രണ്ടാമത്തെ വലിയ വിപണിയായി മാറിയിരിക്കുന്നതായി ഓപ്പൺഎഐ സിഇഒ സാം ആൾട്ട്‌മാൻ വെളിപ്പെടുത്തി.

ഡൽഹിയിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്‌ട് ഉച്ചകോടി 2026ൽ പങ്കെടുക്കുന്നതിന് മുൻപായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ലാർജ് ലാംഗ്വേജ് മോഡലുകളിൽ (LLMs) ഒന്നാണ് ഓപ്പൺഎഐയുടെ ചാറ്റ്‌ജിപിടി. ഉച്ചകോടി ആരംഭിക്കുന്നതിന് മുൻപ് ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിലാണ് വെളിപ്പെടുത്തൽ നടത്തിയത്.

ഫെബ്രുവരി 20 വരെ അഞ്ച് ദിവസങ്ങളിലായാണ് ഇന്ത്യ എഐ ഇംപാക്‌ട് സമ്മിറ്റ് 2026 നടക്കുക. എഐ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ആഗോള നേതാക്കന്മാർ ഒത്തുചേരുന്ന പരിപാടിയി ആർടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനുള്ള ഒരു വേദിയാകും. അഞ്ച് ദിവസത്തെ പരിപാടിയിൽ ലോകത്തിലെ മികച്ച ടെക്, എഐ കമ്പനികളുടെ സിഇഒമാരും 45-ലധികം രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിതല പ്രതിനിധികളും പങ്കെടുക്കും.

ഇന്ത്യയിൽ ചാറ്റ്ജിപിടിയുടെ ആഴ്‌ചതോറുമുള്ള സജീവ ഉപയോക്താക്കളുടെ എണ്ണം 100 ദശലക്ഷത്തിൽ (10 കോടി) എത്തിയതായും യുഎസിന് ശേഷം ചാറ്റ്ജിപിടിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ മാറിയതായുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇത് നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യ ഈ സ്ഥാനം നിലനിർത്തുന്നുണ്ടെന്ന് സാം ആൾട്ട്‌മാൻ പറഞ്ഞു. ഇത് ഒരു വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിക്ക വിദ്യാർത്ഥികളും ചാറ്റ്‌ജിപിടി ഉപയോഗിക്കുന്നു
ലോകത്തിൽ ഏറ്റവും കൂടുതൽ ചാറ്റ്ജിപിടി ഉപയോഗിക്കുന്ന വിദ്യാർഥികൾ ഉള്ളത് ഇന്ത്യയിലാണെന്ന് സാം ആൾട്ട്മാൻ പറഞ്ഞു. ഇന്ത്യൻ യുവാക്കൾ വിനോദത്തിന് മാത്രമല്ല, പഠനവും കഴിവുകളും മെച്ചപ്പെടുത്തുന്നതിനും എഐ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. കൂടാതെ ഓപ്പൺഎഐയുടെ പുതിയ സൗജന്യ ക്ലൗഡ് അധിഷ്‌ഠിത വർക്ക്‌സ്‌പെയ്‌സായ പ്രിസത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. പ്രിസം ഉപയോഗത്തിന്‍റെ കാര്യത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്. ശാസ്ത്ര ഗവേഷണത്തിനും സഹകരണത്തിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന Prism എന്ന പുതിയ ടൂൾ അടുത്തിടെയാണ് ഓപ്പൺഎഐ പുറത്തിറക്കിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഇന്ത്യയിൽ ചാറ്റ്ജിപിടി ഗോ എന്ന പേരിൽ താങ്ങാനാവുന്ന വിലയിൽ ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ അവതരിപ്പിച്ചത്. പിന്നീട് ഇത് സൗജന്യമായി ലഭ്യമാക്കി. ഇതോടൊപ്പം, കമ്പനി ഇന്ത്യയിലെ ആദ്യത്തെ ഓഫിസിലേക്കുള്ള റിക്രൂട്ട്‌മെന്‍റും ആരംഭിച്ചിരുന്നു. ന്യൂഡൽഹിയിൽ തുറക്കുന്ന ഈ ഓഫീസിലേക്ക് സെയിൽ വകുപ്പിലെ നിരവധി പ്രധാന തസ്തികകളിൽ ആളുകളെ നിയമിക്കുന്നുണ്ട്.

ഇന്ത്യയിൽ നിരവധി ഡാറ്റാ സെന്‍ററുകൾ തുറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അതുവഴി ഇവിടുത്തെ ഉപയോക്താക്കൾക്ക് മികച്ചതും വേഗതയേറിയതുമായ സേവനം ലഭ്യമാക്കാൻ സാധിക്കും. സാം ആൾട്ട്മാനോടൊപ്പം ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും എഐ ഇംപാക്റ്റ് സമ്മിറ്റ് 2026 ൽ പങ്കെടുക്കും. ഇന്ത്യ ഇപ്പോൾ ആഗോള എഐ മത്സരത്തിൽ അതിവേഗം മുന്നേറുകയാണെന്നും ലോകത്തിലെ വൻകിട ടെക് കമ്പനികൾ ഇന്ത്യൻ വിപണിയെ ഗൗരവമായി കാണുന്നുവെന്നും ഇത് വ്യക്തമായ സൂചന നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here