രാജീവ് ചന്ദ്രശേഖറിന്‍റെ പത്രിക മാറ്റിവെച്ചു; സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന് കോൺഗ്രസ്

0
44

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ സത്യവാങ്മൂലത്തിൽ സ്വത്തുവിവരങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണവുമായി കോൺഗ്രസ്. ഇതോടെ സൂക്ഷ്മപരിശോധനയ്ക്കിടെ രാജീവിന്‍റെ പത്രിക വരണാധികാരി മാറ്റിവെച്ചു. ബെംഗളൂരുവിലെ കോറമംഗലയിൽ 49,000 ചതുരശ്രയടിയുള്ള കൊട്ടാരത്തിന്‍റെ വിവരങ്ങൾ മറച്ചുവെച്ചുവെന്ന ആരോപണമാണ് കോൺഗ്രസ് ഉന്നയിച്ചിരിക്കുന്നത്. ഇത് രേഖാമൂലം കോൺഗ്രസ് സ്ഥാനാർഥി കെഎസ് ശബരീനാഥൻ സൂഷ്മ പരിശോധനയിൽ പരാതി രേഖാമൂലം ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെയ്ക്കാൻ വരണാധികാരി തീരുമാനമെടുത്തത്.

രാജ്യത്തെ തന്നെ ഏറ്റവും വിലയേറിയ പ്രദേശത്താണ് ഈ ഒന്നര ഏക്കർ ഭൂമി സ്ഥിതി ചെയ്യുന്നത്. ചതുരശ്രയടിക്ക് 35,000 രൂപ മുതൽ 50,000 രൂപ വരെയാണ് ഇവിടെ വില. ഭൂമിയുടെ വില മാത്രം ഏകദേശം 200 കോടി രൂപ വരും. മാർച്ച് 17-നാണ് ഇതിന്‍റെ നികുതി അടച്ചതെന്നും ആർക്കു വേണമെങ്കിലും പരിശോധിക്കാമെന്നും വ്യക്തമാക്കി അതിന്‍റെ ലിങ്കും കോൺഗ്രസ് എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചിട്ടുണ്ട്. ‘ഐഎൻസി കേരള’ എന്ന എക്സ് അക്കൗണ്ട് വഴിയാണ് വിവരങ്ങൾ പുറത്തുവിട്ടിട്ടുള്ളത്. 2024-ലെ സത്യവാങ്മൂലത്തിൽ ഈ സ്വത്ത് രേഖപ്പെടുത്തിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണിതെന്നും കോൺഗ്രസ് ആരോപിച്ചു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെടണമെന്നും നടപടിയെടുക്കണമെന്നുമാണ് പാർട്ടിയുടെ ആവശ്യം.

കഴിഞ്ഞ ദിവസം നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച്, രാജീവ് ചന്ദ്രശേഖറിന് 93.88 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കർണാടകയിലെ കോറമംഗലയിൽ 15.07 കോടി രൂപ വിലമതിക്കുന്ന 9,600 ചതുരശ്രയടിയുള്ള വീട്, 369.12 ഗ്രാം സ്വർണവും വജ്രവും ഉൾപ്പെടെ 3.58 കോടിയുടെ ആഭരണങ്ങൾ, 10,000 രൂപ വിലമതിക്കുന്ന 1942 മോഡൽ കാർ, പലിശയിനത്തിൽ ലഭിച്ച 5 ലക്ഷം രൂപ, ഓഹരികളിലും കടപ്പത്രങ്ങളിലും ബോണ്ടുകളിലുമായി 35.83 കോടിയുടെ നിക്ഷേപം, ബാങ്കുകളിൽ 4.37 കോടിയുടെ സ്ഥിരനിക്ഷേപം, വിവിധ സ്ഥാപനങ്ങൾ വഴി വായ്പയായി നൽകിയ 34.96 കോടി രൂപ എന്നിവയാണ് സ്വത്തുക്കളിൽ ഉൾപ്പെടുന്നത്. കൈവശം 64,100 രൂപ മാത്രമാണുള്ളത്. ആദായനികുതി വകുപ്പിൽ സമർപ്പിച്ച റിട്ടേൺ പ്രകാരം പ്രതിവർഷ വരുമാനം 92.91 ലക്ഷം രൂപയാണ്.

ഭാര്യ അഞ്ജുവിന് 60.50 ലക്ഷം രൂപയാണ് പ്രതിവർഷ വരുമാനം. 9.08 കോടിയുടെ ആഭരണങ്ങളടക്കം ഭാര്യയുടെ ആകെ സ്വത്ത് 18.10 കോടി രൂപയാണ്. കൈവശം 3.40 ലക്ഷം രൂപയുമുണ്ട്. വായ്പകൾ ഉൾപ്പെടെ രാജീവിന് 107.39 കോടിയുടെയും ഭാര്യയ്ക്ക് 1.62 കോടിയുടെയും ബാധ്യതകളാണുള്ളത്. കളമശേരി സ്‌ഫോടനത്തെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ പ്രതികരണം നടത്തിയതുമായി ബന്ധപ്പെട്ട് രാജീവിനെതിരെ എറണാകുളത്ത് ക്രിമിനൽ കേസുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here