രാഷ്ട്രപതി പമ്പയിലേക്ക്; ഗണപതി കോവിലില്‍ കെട്ടുനിറച്ച് സന്നിധാനത്തേക്ക്, ദര്‍ശനം 11.50ന്

0
34

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു പമ്പയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ രാവിലെ 8.40 ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു.

ആന്‍റോ ആന്‍റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു. തുടര്‍ന്ന് പമ്പയിലേക്ക് റോഡ് മാർഗം കനത്ത സുരക്ഷയിലാണ് യാത്ര. പമ്പയിലും സന്നിധാനതും ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. പമ്പ ഗണപതി കോവിലില്‍ കെട്ടു നിറച്ച ശേഷം ഗൂര്‍ഖ ജീപ്പിലാണ് രാഷ്ട്രപതിയുടെ സന്നിധാനത്തേക്കുള്ള യാത്ര. 11.50ന് രാഷ്ട്രപതി സന്നിധാനത്തെത്തും. 11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും. തുടര്‍ന്ന് ഇരുമുടിക്കെട്ടുമായ പതിനെട്ടാംപടി ചവിട്ടിയുള്ള ദർശനത്തിനുശേഷം രാഷ്ട്രപതി ഉച്ചയ്ക്ക് 12.20 ന് സന്നിധാനത്തെ ഗസ്റ്റ് ഹൗസിൽ എത്തി വിശ്രമിക്കും.

ദർശനത്തിനു ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിൽ തങ്ങി ഉച്ചഭക്ഷണം കഴിക്കുന്ന രാഷ്ട്രപതി, വൈകിട്ട് 3 മണിയോടെ പമ്പയിലേക്ക് മടങ്ങും. തുടർന്ന് റോഡ് മാർഗം നിലയ്ക്കലെത്തി വൈകിട്ട് 4.20ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ശബരിമല ദർശനം കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന രാഷ്ട്രപതി, രാജ്ഭവനിൽ വച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നൽകുന്ന പ്രത്യേക അത്താഴ വിരുന്നിൽ പങ്കെടുക്കും. ഒക്ടോബർ 23ന് രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെആർ നാരായണൻ്റെ അർധകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും. കേരളത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയെ ആദരിക്കുന്ന ഈ ചടങ്ങിൽ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 12.50ന് വർക്കല ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി സമ്മേളനത്തിൽ രാഷ്ട്രപതി മുഖ്യാതിഥിയാകും.

ഗുരുദേവ സന്ദേശങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്ന ഈ ചടങ്ങിൽ വിവിധ മതമേലധ്യക്ഷന്മാരും സാമൂഹ്യ പരിഷ്കർത്താക്കളും സംബന്ധിക്കും. വൈകിട്ട് 4.15ന് പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യും. ശേഷം രാത്രി കുമരകം താജ് റിസോർട്ടിൽ രാഷ്ട്രപതി വിശ്രമിക്കും.

ഒക്ടോബർ 24ന് കൊച്ചിയിലെ സെൻ്റ് തെരേസാസ് കോളജിൻ്റെ ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. ഈ ചടങ്ങുകൾക്ക് ശേഷം ബോൾഗാട്ടി പാലസിലെ ഉച്ചഭക്ഷണത്തിനു ശേഷം ഉച്ചയ്ക്ക് 1.20ന് കൊച്ചി നേവൽ ബേസിൽ നിന്നും ഹെലികോപ്റ്ററിൽ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകും. ഇവിടെ നിന്ന് വൈകിട്ട് 4.05ന് ഡൽഹിയിലേക്ക് മടങ്ങുന്നതോടെ രാഷ്ട്രപതിയുടെ നാല് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാകും.

സുരക്ഷാ ക്രമീകരണങ്ങളും സ്വീകരണവും

രാഷ്ട്രപതിയുടെ സുരക്ഷയ്ക്കായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) ഉദ്യോഗസ്ഥർക്ക് പുറമെ കേരള പൊലീസിലെയും മറ്റ് സുരക്ഷാ ഏജൻസികളിലെയും ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. കനത്ത സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here