തിരുവനന്തപുരം: തുലാവര്‍ഷം ശക്തമായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, ഇടുക്കി ജില്ലകളിലാണ് മഴ ഏറ്റവും കൂടുതല്‍ ശക്തിപ്രാപിച്ചിരിക്കുന്നത്.
ശക്തമായ മഴയ്ക്കൊപ്പം ദേശീയ പാത നിര്‍മാണത്തിനിടെ കൊച്ചി-ധനുഷ്കോടി പാതയിലേക്ക് കൂറ്റന്‍ പാറ വീണു. സംഭവത്തിന് പിന്നാലെ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. സുരക്ഷാ ഭീഷണി പൂർണമായും ഒഴിവാകുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ദേശീയപാത നിർമാണത്തിനായി മണ്ണ് നീക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്.ഇതിന് പുറമേ അപകടകരമായി നിൽക്കുന്ന മറ്റ് പാറകളും വൻമരങ്ങളും പ്രദേശത്തുണ്ട്. ഇവ സുരക്ഷിതമായി നീക്കം ചെയ്യാനും റോഡിൽ പതിച്ച പാറ പൊട്ടിച്ചുമാറ്റാനും മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തൽ.
ഗതാഗത ക്രമീകരണം
മൂന്നാറിൽ നിന്ന് അടിമാലി ഭാഗത്തേക്ക്: രണ്ടാം മൈലിൽ നിന്ന് തിരിഞ്ഞ് ആനച്ചാൽ, ഇരുട്ടുകാനം വഴി അടിമാലിയിലെത്താം.
അടിമാലിയിൽ നിന്ന് മൂന്നാറിലേക്ക്: ഇരുട്ടുകാനത്തു നിന്ന് തിരിഞ്ഞ് ആനച്ചാൽ വഴി രണ്ടാം മൈലിലെത്തി മൂന്നാറിലേക്ക് പോകാം.
മാങ്കുളം ഭാഗത്തേക്ക്: ഇരുട്ടുകാനത്തു നിന്ന് കല്ലാർ ജങ്ഷനിലെത്തി മാങ്കുളത്തേക്ക് തിരിയണം.
സ്ഥലത്തെ തടസങ്ങൾ നീക്കി മൂന്ന് ദിവസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കാൻ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പ്രോജക്ട് ഡയറക്ടർക്ക് കലക്ടർ നിർദേശം നൽകി. അപകടനില പൂർണമായും ഒഴിവായെന്ന് വിദഗ്ധ സാങ്കേതിക സമിതി ഉറപ്പുവരുത്തിയ ശേഷമേ ഗതാഗതം പുനരാരംഭിക്കൂ. പ്രദേശത്ത് ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും രാത്രികാല സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്താൻ ജില്ലാ പൊലീസ് മേധാവിക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചുമതല നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കുത്തനെ മണ്ണ് നീക്കുന്നതിന് (Vertical Cutting) പകരം ശാസ്ത്രീയമായ ബെഞ്ച് കട്ടിങ് (Bench Cutting) രീതി അവലംബിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്.
അതിശക്തമായ കാറ്റിനും സാധ്യത
ശക്തമായ മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ടിനും മണ്ണിടിച്ചിലും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മലയോര-തീരദേശ മേഖലകളില്‍ മഴ ശക്തമായതോടെ പലയിടത്തും ആശങ്കാജനകമായ സാഹചര്യമാണുള്ളത്. വിതുര, പൊന്മുടി എന്നിവിടങ്ങളില്‍ മഴ ശക്തമാണ്. മഴ കനത്തതോടെ വാമനപുരം നദിയിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ പാലങ്ങള്‍ വെള്ളത്തിനടിയിലായി. മക്കിയാര്‍ നദിയും കരകവിഞ്ഞൊഴുകുകയാണ്. ചാത്തന്നൂര്‍ ദേശീയപാതയിലും സര്‍വീസ് റോഡിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു
ഇടുക്കി കല്ലാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു. 20 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടി എന്ന നിലയിലാണ് ഷട്ടറുകൾ തുറന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാലുമാണ് ഷട്ടർ തുറന്നത്. നിലവിൽ 821 മീറ്ററാണ് ഡാമിലെ ജലനിരപ്പ് (പരമാവധി ജലനിരപ്പ് 824.48 മീറ്റർ). ഷട്ടറുകൾ തുറന്നതോടെ 80 ക്യുമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്. ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്ത് ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.






