ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെയും അമേരിക്ക-ഇറാൻ യുദ്ധത്തിൻ്റെയും പശ്ചാത്തലത്തിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ വർധന. വിലക്കുറവിനേക്കാൾ ഉപരിയായി പശ്ചിമേഷ്യയിലെ വിതരണ തടസങ്ങളാണ് റഷ്യൻ എണ്ണയെ കൂടുതലായി ആശ്രയിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതെന്ന് ആക്സിസ് ബാങ്ക് ഇക്കണോമിക് റിസർച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്ക-ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം പ്രതിമാസം ശരാശരി 60 ദശലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഇന്ത്യ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. 2023-26 സാമ്പത്തിക വർഷങ്ങളിൽ ഇത് പ്രതിമാസം 46 ദശലക്ഷം ബാരലായിരുന്നു. യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെ 298 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നാണ് ആക്സിസ് ബാങ്ക് ഇക്കണോമിക് റിസർച്ചിൻ്റെ പുതിയ റിപ്പോർട്ടിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
വിലക്കുറവല്ല പ്രധാന കാരണം
2022 മാർച്ച് മുതൽ 2023 ജൂൺ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയുടെ പങ്ക് പൂജ്യത്തിൽ നിന്ന് 30 ശതമാനമായി കുതിച്ചുയർന്നിരുന്നു. അന്ന് ലഭിച്ച വൻ വിലക്കുറവായിരുന്നു ഇതിന് പ്രധാന കാരണം. എന്നാൽ 2026 മാർച്ച് മുതൽ പ്രതിദിനം ഒരു ദശലക്ഷം ബാരൽ അധികമായി ഇറക്കുമതി ചെയ്യുന്നത് വിലക്കുറവ് കൊണ്ടുമാത്രമല്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
2023 മുതൽ പശ്ചിമേഷ്യൻ ക്രൂഡ് ഓയിലിനെ അപേക്ഷിച്ച് റഷ്യൻ എണ്ണയ്ക്ക് ബാരലിന് മൂന്ന് മുതൽ അഞ്ച് ഡോളർ വരെ മാത്രമാണ് ശരാശരി വിലക്കുറവ് ലഭിക്കുന്നത്. ചില സമയങ്ങളിൽ ബാരലിന് ഏഴ് ഡോളർ വരെ അധികവില നൽകേണ്ടി വന്നിട്ടും റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചു. ഈ അധികമായി വേണ്ടിവരുന്ന 60 മുതൽ 80 ദശലക്ഷം ബാരൽ എണ്ണ സ്പോട്ട് മാർക്കറ്റിൽ നിന്ന് ഇന്ത്യ വാങ്ങിയിരുന്നെങ്കിൽ നിലവിലുള്ളതിനേക്കാൾ വലിയ രീതിയിൽ എണ്ണവില കുതിച്ചുയരുമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ രാഷ്ട്രീയത്തിലെ സ്വാധീനം
വ്യാപാര ചർച്ചകളിൽ ഉയർന്ന താരിഫ് ഏർപ്പെടുത്തുമെന്ന ഭീഷണി ഒരു വിലപേശൽ തന്ത്രമായി ഉപയോഗിക്കുന്നതാണ് സമീപകാലത്തെ രീതി. എണ്ണവില വർധിക്കുന്നത് അമേരിക്കയിലെ ചില്ലറ വിലക്കയറ്റത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഉയർന്ന ഊർജ വില കാരണം അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി ഇതിനകം തന്നെ പ്രതിരോധത്തിലായിരിക്കുകയാണ്.
കോൺഗ്രസിൻ്റെ പിന്തുണയുള്ളതിനാൽ താരിഫ് ഭീഷണികൾ നിയമപരമായി നിലനിൽക്കുന്നതാണ്. അതേസമയം അധിക ശേഷി സംബന്ധിച്ച സെക്ഷൻ 301-ൻ്റെ ഫലങ്ങൾ താരിഫുകളിൽ ചാഞ്ചാട്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. 2026 ഫെബ്രുവരിയിൽ ഐ.ഇ.ഇ.പി.എ അധികാരത്തിന് കീഴിലുള്ള താരിഫുകൾ അമേരിക്കൻ സുപ്രീം കോടതി അസാധുവാക്കുന്നതിന് മുൻപ് അംഗീകരിച്ച 18 ശതമാനം ഹെഡ്‌ലൈൻ നിരക്കാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം. എന്നാൽ വിവിധ ഇളവുകൾ ഉള്ളതിനാൽ പ്രായോഗിക തലത്തിൽ ഈ നിരക്ക് കുറവായിരിക്കും.
കയറ്റുമതിയിലെ കുതിപ്പ്
നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതുവരെ ഇന്ത്യയുടെ കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 19 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, വാഹനങ്ങൾ, വാഹനങ്ങളുടെ ഭാഗങ്ങൾ, ലോഹങ്ങൾ, ശുദ്ധീകരിച്ച പെട്രോളിയം ഉത്പന്നങ്ങൾ എന്നിവയാണ് കയറ്റുമതിയിലെ ഈ കുതിപ്പിന് നേതൃത്വം നൽകുന്നത്. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയും പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്ത്, അത് ശുദ്ധീകരിച്ച് പെട്രോളിയം ഉത്പന്നങ്ങളായി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന തന്ത്രം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ രീതിയിൽ കരുത്തേകുന്നുണ്ട്. പശ്ചിമേഷ്യയിലെ വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ ആഗോള വിപണിയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും, റഷ്യൻ എണ്ണയുടെ കൃത്യമായ ഉപയോഗത്തിലൂടെ ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.








