പാചകവാതക ലഭ്യത ഉറപ്പാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി,

0
5

തിരുവനന്തപുരം: ഗാര്‍ഹിക, വാണിജ്യ പാചകവാതക ലഭ്യത ഉറപ്പാക്കണമെന്നും വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക വിതരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. അടുത്തിടെയുണ്ടായ വില വര്‍ധന സാധാരണ കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തികഭാരമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഇതിനുപുറമെ ഗാര്‍ഹിക കണക്ഷനുകളുടെ അടുത്ത ബുക്കിംഗിനുള്ള ഇടവേള 27 ദിവസമായി പരിമിതപ്പെടുത്തിയത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. റമദാന്‍ മാസം കൂടിയായതിനാല്‍ പാചകവാതകത്തിന് ആവശ്യം ഏറുന്ന സമയമാണിത്. വിതരണത്തിലെ തടസ്സം സംസ്ഥാനത്തെ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും ഗുരുതരമായി ബാധിക്കുമെന്നും ഇത് സാധാരണക്കാരുടെ ഭക്ഷണ ലഭ്യതയെപ്പോലും ചോദ്യം ചെയ്യുമെന്നും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ആവശ്യമായ എല്‍പിജി ലഭ്യമാക്കുന്നതിനൊപ്പം സബ്സിഡി നല്‍കി ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ ദൗര്‍ലഭ്യം കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് തേടി കേന്ദ്ര മന്ത്രിക്ക് മന്ത്രി ജി ആര്‍ അനില്‍ കത്തയച്ചു. പാചകവാതക ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഓയില്‍ കമ്പനി പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. യുദ്ധസാഹചര്യത്തില്‍ എല്‍പിജി സ്റ്റോക്കിന്‍റെ ലഭ്യത കുറഞ്ഞതോടെ സിലിണ്ടര്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരിക്കല്‍ ബുക്ക് ചെയ്താല്‍ അടുത്ത ബുക്കിംഗിന് 25 ദിവസം കഴിഞ്ഞു മാത്രമേ സാധിക്കൂ എന്ന നിലവിലെ സാഹചര്യം ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നതായി മന്ത്രി പറഞ്ഞു.

എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തില്‍ നിലവില്‍ കുറവില്ലെന്നും ആശുപത്രികള്‍ പോലുള്ള അത്യാവശ്യ സ്ഥാപനങ്ങളെ നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്നും ഓയില്‍ കമ്പനികള്‍ യോഗത്തില്‍ അറിയിച്ചു.

പാചകവാതക ലഭ്യത കുറയുന്ന പശ്ചാത്തലത്തില്‍ സിലിണ്ടറുകളുടെ പൂഴ്ത്തിവെപ്പും വഴിതിരിച്ചുവിടലും തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ സപ്ലൈ ഓഫീസര്‍മാരുടെയും നേതൃത്വത്തില്‍ പ്രത്യേക പരിശോധന സ്ക്വാഡുകള്‍ രൂപീകരിക്കും.

അനാവശ്യമായി ഗ്യാസ് സിലിണ്ടറുകള്‍ പൂഴ്ത്തിവെക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വകുപ്പ് സെക്രട്ടറി രാജമാണിക്യം ഐ.എ.എസ്, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ ഹിമ ഐ.എ.എസ്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ജീവന്‍ ബാബു ഐ.എ.എസ് തുടങ്ങിയവരും വിവിധ ഓയില്‍ കമ്പനികളുടെ ഏരിയ മാനേജര്‍മാരും യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here