തിരുവനന്തപുരം: ഉഷ്ണമേഖല വനപ്രദേശങ്ങളിലെ മാലിന്യം ഇല്ലാതാക്കുന്ന പുതിയ കൂൺ ഇനം കണ്ടെത്തി ഗവേഷക സംഘം. തലസ്ഥാനത്തെ വഴുതക്കാട് സർകാർ വനിതാ കോളജിൽ നിന്നുമാണ് പുതിയ ഇനത്തെ കണ്ടെത്തിയത്. കൊളിബിയോപ്‌സിസ് ബ്രൂണ്ണിഗലേര എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ കൂൺ ഇനത്തെ കോളജ് വളപ്പിലെ ചാരക്കൊന്ന, മഴമരം, യൂക്കാലി എന്നി മരങ്ങളുടെ ചുവട്ടിൽനിന്നും മരത്തോലിൽ നിന്നുമാണ് ഗവേഷകർ കണ്ടെത്തിയത്. ഡിഎൻഎ വിശകലനത്തിലൂടെ ഇന്ത്യയിൽ നിന്ന് സ്ഥിരീകരിക്കുന്ന കൊളിബിയോപ്‌സിസിൻ്റെ രണ്ടാമത്തെ പുതിയ സ്പീഷീസ് ആണ് കൊളിബിയോപ്‌സിസ് ബ്രൂണ്ണിഗലേര.
മാലിന്യമുക്തമാക്കുന്ന പ്രകൃതിയുടെ സഹായി
ഭക്ഷ്യയോഗ്യം അല്ലെങ്കിലും, പ്രകൃതിയിലെ പോഷക ചക്രണത്തിൽ ഇതുപോലുള്ള ഫംഗസുകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ഉഷ്ണമേഖലാ വനപ്രദേശത്ത് ഒടിഞ്ഞു വീഴുന്ന മരങ്ങൾ, ചില്ലകൾ, ഇലകൾ എന്നിവ അഴുകുന്നതിൽ (decompose) ഇവ പ്രധാന പങ്ക് വഹിക്കുന്നു. ഇത്തരത്തിൽ കാട്ടിൽ അടിഞ്ഞു കൂടുന്ന മാലിന്യം വളരെ വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് പുതിയ കൂൺ ഇനമെന്ന് പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആന്‍ഡ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയർ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. സി കെ പ്രദീപ് ഇ ടിവി ഭാരതിനോട് പറഞ്ഞു. നഗരത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പച്ചപ്പ് നിറഞ്ഞ കലാലയ കാമ്പസ് ഇനിയും പല പുതിയ കൂൺ ഇനങ്ങളുടെയും കലവറ ആകാം എന്നാണ് ഗവേഷകർ കരുതുന്നത്.
ഗവേഷണത്തിന് പിന്നിൽ
പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ (JNTBGRI), വഴുതക്കാട് വനിതാ കോളജ് എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. ബൊട്ടാണിക്കൽ ഗാർഡനിലെ മൈക്രോബയോളജി മേധാവിയും സീനിയർ പ്രിൻസിപ്പൽ സയൻ്റിസ്റ്റുമായ ഡോ. സി കെ. പ്രദീപ്, ഗവേഷകൻ ഡോ. രതീഷ് എസ്, വഴുതക്കാട് സർക്കാർ വനിതാ കോളജിലെ ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസറും സെൻ്റർ ഫോർ അപ്ലൈഡ് മൈക്കോളജി ആൻഡ് ലൈക്കെനോളജിയിലെ ഡയറക്ടർ കൂടിയായ ഡോ. മനോജ് കുമാർ എ എന്നിവരടങ്ങിയ സംഘമാണ് പുതിയ ഇനത്തെ കണ്ടെത്തിയതും പഠനങ്ങൾ നടത്തിയതും. ന്യൂസിലൻഡിൽ നിന്നുള്ള രാജ്യാന്തര ജേണലായ ‘ഫൈറ്റോടാക്‌സ’യുടെ (Phytotaxa) ഫെബ്രുവരി ലക്കത്തിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പേരിന് പിന്നിലെ കൗതുകം
കണ്ടെത്തിയ പുതിയ കൂൺ ഇനത്തിന് കൊളിബിയോപ്‌സിസ് ബ്രൂണ്ണിഗലേര എന്ന് പേര് നൽകിയത് അതിൻ്റെ നിറം കൊണ്ടാണ്. തവിട്ട് നിറത്തിലാണ്(BROWN) ഇവ കാണപ്പെടുന്നത്. പുതിയ ഇനങ്ങൾ കണ്ടെത്തുമ്പോൾ അതിൻ്റെ സ്വഭാവ സവിശേഷതകൾ നോക്കിയാണ് നാമകരണം ചെയ്യുന്നത്. ഈ കൂൺ ഇനത്തിൻ്റെ നിറത്തിൻ്റെ അടിസ്ഥാനത്തിൽ ലാറ്റിൻ ഭാഷയിലാണ് പേരിട്ടത്.
ഭക്ഷ്യയോഗ്യമായ ഇന്ത്യയിലെ കൂണുകള്‍
ഇന്ത്യയിൽ സാധാരണയായി കൃഷി ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന പ്രധാന ഭക്ഷ്യയോഗ്യമായ കൂണുകൾ ബട്ടൺ കൂൺ, ചിപ്പിക്കൂൺ (Oyster), പാൽക്കൂൺ (Milky), വൈക്കോൽ കൂൺ (Paddy Straw) എന്നിവയാണ്. ഇവ പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നവും ആരോഗ്യത്തിന് വളരെ ഗുണപ്രദവുമാണ്. കൂൺ തിരഞ്ഞെടുക്കുമ്പോൾ ഭക്ഷ്യയോഗ്യമാണെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും വിപണിയിൽ ലഭിക്കുന്നതുമായ കൂൺ ഇനമാണ് ബട്ടൺ കൂൺ (Agaricus bisporus). വേഗത്തിൽ വളരുന്നതും പോഷകഗുണമുള്ളതുമായ ഇനമാണ് ചിപ്പിക്കൂൺ. ചൂടുള്ള കാലാവസ്ഥയിൽ നന്നായി വളരുന്ന കൂണിനമാണ് പാൽക്കൂൺ. പ്രധാനമായും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന ഇനമാണ് വൈക്കോൽ കൂൺ. മരത്തടികളിൽ വളരുന്ന, ഔഷധഗുണമുള്ള കൂണാണ് ഷിറ്റാകെ കൂൺ. ചില വിഷ കൂണുകൾക്കും ഭക്ഷ്യയോഗ്യമായ കൂണുകൾക്കും നല്ലരീതിയിൽ രൂപ സാദൃശ്യമുള്ളതിനാൽ ഇവയെ തിരിച്ചറിയാൻ കഴിവുള്ളവരുടെ സഹായത്താൽ മാത്രമേ കൂണുകൾ തിരഞ്ഞെടുക്കാവു. അല്ലെങ്കിൽ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഇതിന് പുറമേ കേരളത്തിലെ വനങ്ങളിൽ ഭക്ഷ്യയോഗ്യമായ 39 ഇനം കൂണുകൾ ഉണ്ടെന്നും സീനിയർ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. സി. കെ. പ്രദീപ് കണ്ടെത്തിയിട്ടുണ്ട്.
എന്താണ് കൂണുകൾ?






