രഞ്ജി ട്രോഫിയിൽ കേരളത്തിന് നാളെ നിര്‍ണായക മത്സരം;

0
32

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ നാളെ നടക്കുന്ന നിര്‍ണായക പോരില്‍ കേരളം സൗരാഷ്ട്രയെ നേരിടും. തിരുവനന്തപുരം മംഗലപുരത്തെ കെസിഎ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കർണ്ണാടകയോട് ഇന്നിങ്സ് തോൽവി വഴങ്ങിയ കേരളത്തെ സംബന്ധിച്ച് നാളത്തെ മത്സരത്തില്‍ ജയിച്ചേ മതിയാകു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിൻ്റ് മാത്രമാണ് കേരളത്തിനുള്ളത്. കളിച്ച മൂന്ന് മത്സരങ്ങളും സമനിലയിൽ അവസാനിച്ച സൗരാഷ്ട്രയ്ക്ക് അഞ്ച് പോയിൻ്റാണുള്ളത്.

സൗരാഷ്ട്രയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി കേരള ടീമിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സി കെ നായിഡു ടൂർണ്ണമെൻ്റിൽ മികച്ച പ്രകടനം കാഴ്ച വച്ച വരുൺ നായനാർ, ആകർഷ് എ കൃഷ്ണമൂർത്തി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. പുറമെ കെസിഎല്ലിലടക്കം മികവ് തെളിയിച്ച സിബിൻ പി ഗിരീഷും പുതുതായി ടീമിലെത്തി. മറുവശത്ത് മുൻ ഇന്ത്യൻ താരം ജയ്ദേവ് ഉനദ്ഘട്ടിൻ്റെ നേതൃത്വത്തിലാണ് സൗരാഷ്ട്ര കളിക്കാനിറങ്ങുക.

കഴിഞ്ഞ മത്സരത്തില്‍ കര്‍ണാടകയോട് കേരളം നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. മത്സരത്തില്‍ ഇന്നിങ്സിനും 164 റൺസിനുമാണ് വീണത്. ആദ്യ ഇന്നിങ്സിൽ 348 റൺസിൻ്റെ ലീഡ് വഴങ്ങി ഫോളോ ഓൺ ചെയ്‌ത കേരളം രണ്ടാം ഇന്നിങ്സിൽ 184 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാൻ്റെ ബൗളിങ്ങാണ് രണ്ടാം ഇന്നിങ്സിൽ കേരളനിരയെ തകർത്തത്. ഇരട്ട സെഞ്ച്വറികൾ നേടിയ കരുൺ നായരുടെയും ആർ സ്‌മരണിൻ്റെയും ഇന്നിങ്സുകളാണ് കര്‍ണാടകയെ മികച്ച സ്കോറിലെത്തിച്ചത്.

നേരത്തെ കേരളവും പഞ്ചാബും തമ്മിലുള്ള മത്സരം സമനിലയിലായിരുന്നു കലാശിച്ചത്. ലീഡിൻ്റെ മികവിൽ പഞ്ചാബിന് മത്സരത്തിൽ നിന്ന് മൂന്ന് പോയിൻ്റും കേരളത്തിന് ഒരു പോയിൻ്റും ലഭിച്ചു. 170 റൺസെടുത്ത ഹർനൂർ സിങ്ങാണ് പ്ലെയർ ഓഫ് ദി മാച്ച്. മഹാരാഷ്ട്രയ്‌ക്കെതിരായ ആദ്യ മത്സരത്തിലും കേരളം സമനില വഴങ്ങിയിരുന്നു.

കേരള ടീം – മൊഹമ്മദ് അസറുദ്ദീൻ, ബാബ അപരാജിത്, രോഹൻ എസ് കുന്നുമ്മൽ, കൃഷ്ണപ്രസാദ്, അഹ്മദ് ഇമ്രാൻ, സച്ചിൻ ബേബി, ആകർഷ് എ കൃഷ്ണമൂർത്തി, വരുൺ നായനാർ, അഭിഷേക് പി നായർ, സച്ചിൻ സുരേഷ്, അങ്കിത് ശർമ്മ, ഹരികൃഷ്ണൻ എം യു, നിധീഷ് എം ഡി, ബേസിൽ എൻ പി, ഏദൻ ആപ്പിൾ ടോം, സിബിൻ പി ഗിരീഷ്.

LEAVE A REPLY

Please enter your comment!
Please enter your name here