കോഴിക്കോട്: ക്ലാസ് മുറികളിലെ ബോർഡുകൾക്കും ചോക്കുകൾക്കും പകരം സ്മാർട്ട് ഫോണുകളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും വിദ്യാർഥികളുടെ ലോകം കീഴടക്കുമ്പോൾ, അധ്യാപകരും പുതിയ തലമുറയും തമ്മിലുള്ള അകലം വർധിക്കുകയാണ്. ഡിജിറ്റൽ യുഗത്തിൽ ജനിച്ചുവീഴുന്ന കുട്ടികളെ പഴയകാല ശീലങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നത് വലിയ സംഘർഷങ്ങൾക്കാണ് വഴിവയ്ക്കുന്നത്. മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായം അടിയന്തരമായി പൊളിച്ചെഴുതേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അധ്യാപകനും എഴുത്തുകാരനുമായ ഡോക്‌ടർ പി സുരേഷ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു.
ഇന്നത്തെ വിദ്യാർഥികൾ ജനിച്ചുവീഴുന്നത് തന്നെ ഡിജിറ്റൽ സൈബർ ലോകത്തേക്കാണ്. പഴയ കാലത്തെക്കുറിച്ചുള്ള ഗൃഹാതുരത്വമോ നഷ്‌ടബോധമോ ഇല്ലാത്ത ഈ തലമുറയുടെ അഭിരുചികളും ഭാഷയും പൂർണമായും വ്യത്യസ്‌തമാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റീലുകൾ, ഷോർട്ട് വീഡിയോകൾ തുടങ്ങിയവ സൃഷ്‌ടിക്കുന്ന ദൃശ്യബോധം ക്ലാസ് മുറികൾക്കകത്ത് ലഭിക്കാത്തതാണ് പ്രധാന വെല്ലുവിളി.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കടന്നുവരവോടെ പരമ്പരാഗത പഠന രീതികൾക്കും ഹോംവർക്കുകൾക്കും പ്രസക്തി കുറഞ്ഞു. നിർമിത ബുദ്ധിയെ അമിതമായി ആശ്രയിക്കുന്നത് കുട്ടികളുടെ സ്വതന്ത്ര ചിന്തയ്ക്കും ഗവേഷണ സ്വഭാവത്തിനും വലിയ കുറവ് സംഭവിക്കാൻ കാരണമാകുന്നുണ്ടെന്ന് ശാസ്ത്രലോകവും ചൂണ്ടിക്കാണിക്കുന്നു.
മൊബൈൽ ഫോൺ എന്നത് ജീവിതത്തിൻ്റെ ഒഴിവാക്കാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞു. അതിനാൽ ഫോണുകൾ വിലക്കുന്നതിന് പകരം, അതിനെ ഒരു പോസിറ്റീവ് ടൂളായി പഠനത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന് കണ്ടെത്തുകയാണ് വേണ്ടത്. കുട്ടികളിലെ ലഹരി ഉപയോഗത്തിൽ അവരെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. ലഹരി ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും അതിലൂടെ ലാഭമുണ്ടാക്കുന്നതും മുതിർന്ന തലമുറ തന്നെയാണ്. വീടുകളിലെ സാമ്പത്തികവും വൈകാരികവുമായ അരക്ഷിതാവസ്ഥയും ഒറ്റപ്പെടലുമാണ് പലപ്പോഴും കുട്ടികളെ കുറ്റവാസനകളിലേക്ക് നയിക്കുന്നത്.
നവീകരിക്കപ്പെടേണ്ട പാഠ്യപദ്ധതി
കാലഹരണപ്പെട്ട കോഴ്‌സുകൾക്കും അധ്യാപന രീതികൾക്കും പകരം എഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകളെ സമഗ്രമായി സംയോജിപ്പിച്ചുകൊണ്ട് പാഠ്യപദ്ധതിയും ബോധനരീതികളും അടിയന്തരമായി പരിഷ്‌കരിക്കണം. പരമ്പരാഗത കോഴ്‌സുകൾക്ക് പകരം പുതിയ കാലത്തിന് അനുയോജ്യമായ കോഴ്‌സുകളും ഡിജിറ്റൽ ദൃശ്യബോധത്തെ തൃപ്‌തിപ്പെടുത്തുന്ന രീതിയിലുള്ള പാഠപുസ്‌തകങ്ങളും അധ്യാപന രീതികളും കൊണ്ടുവരികയാണ് വേണ്ടത്. അധ്യാപകർക്കും വിദ്യാർഥികൾക്കും ഇടയിലുള്ള 10 മുതൽ 30 വർഷം വരെയുള്ള പ്രായവ്യത്യാസം തിരിച്ചറിഞ്ഞ്, അധ്യാപകർ നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുകയും അതിനായുള്ള പരിശീലനങ്ങൾ ലഭ്യമാക്കുകയും ചെയ്യണം.
ഉൾച്ചേർക്കലിൻ്റെ വിദ്യാഭ്യാസം
കുട്ടികളുടെ അഭിരുചികളും വിഷമങ്ങളും കേൾക്കാൻ തയ്യാറുള്ള സഹാനുഭൂതിയുള്ള അധ്യാപകരായി മാറുകയും, പാഠ്യപദ്ധതി നിർണയത്തിൽ കുട്ടികളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിക്കുകയും ചെയ്യണം. പരീക്ഷാ രീതികളിലും പാഠ്യപദ്ധതികളിലും അടിയന്തരമായി മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ വിദ്യാഭ്യാസ മേഖലയിലെ നിലവിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുമെന്ന് ഡോക്‌ടർ പി സുരേഷ് വ്യക്തമാക്കി.
സാഹിത്യത്തിലും അധ്യാപനത്തിലും തിളങ്ങിയ ജീവിതം
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി സ്വദേശിയായ പി സുരേഷ് കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളജിൽ നിന്ന് ബിരുദവും കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗത്തിൽ നിന്ന് എംഎയും എംഫിലും പൂർത്തിയാക്കി. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദവും കണ്ണൂർ സർവകലാശാലയിൽ നിന്ന് സച്ചിദാനന്ദൻ്റെ കവിതകളെക്കുറിച്ചുള്ള ഗവേഷണത്തിന് പിഎച്ച്ഡി ബിരുദവും നേടി.
മലയാള സാഹിത്യ ചരിത്രം കുട്ടികൾക്ക്, ഭാവിയുടെ പുസ്‌തകം, ആലിലയും നെൽക്കതിരും, മലയാളം ദേശവും സ്വത്വവും, പുഴയുടെ ഏറ്റവും താഴെയുള്ള കടവ്, മതം വേണ്ട മനുഷ്യൻ, കടമ്മനിട്ട രാമകൃഷ്‌ണൻ, നോക്കി നിൽക്കേ വളർന്ന പൂമരങ്ങൾ, വെറ്റിലത്തരി പുരണ്ട ഓർമകൾ, ജനനിബിഡമെങ്കിലും നിശബ്‌ദം, മറതി എന്നിവയാണ് പ്രധാന കൃതികൾ. വിവിധ ഭാഷകളിൽ നിന്നായി 300ലേറെ കവിതകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തിട്ടുണ്ട്.
ദേശാഭിമാനി വാരികയിൽ രണ്ടര വർഷത്തോളം പാഠപുസ്‌തകം എന്ന പംക്തിയും കേരളവിഷനിൽ 4 വർഷത്തിലേറെ മാധ്യമ ജാലകം പരിപാടിയും കൈകാര്യം ചെയ്‌തു. സംസ്ഥാന പാഠപുസ്‌തക നിർമാണ സമിതി അംഗമായിരുന്നു. പുഴയുടെ ഏറ്റവും താഴെയുള്ള കടവ് എന്ന നിരൂപണഗ്രന്ഥത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പുരസ്‌കാരം, ജനനിബിഡമെങ്കിലും നിശബ്‌ദം എന്ന നിരൂപണഗ്രന്ഥത്തിന് എഴുത്തോല കെ വി കാർത്തികേയൻ മാസ്റ്റർ അവാർഡ്, മറതി നോവലിന് 2026ലെ കാഫ് ദുബൈ നോവൽ പുരസ്‌കാരം എന്നിവ നേടി. 2024ൽ വിരമിച്ച അദ്ദേഹം വിദ്യാരംഗം മാസികയിൽ കവിതാന്തരങ്ങൾ എന്ന കവിതാ വിവർത്തന പംക്തി കൈകാര്യം ചെയ്‌തുവരികയാണ്.







