2025 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തില്‍ നവംബർ 6 ന് രേഖപ്പെടുത്തിയത് 65.08 ശതമാനം വോട്ടുകൾ. തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) പുറത്തുവിട്ട കണക്കുകളാണിത്. സംസ്ഥാനത്ത് ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന പോളിങ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ജെഡിയും ബിജെപിയും അടങ്ങുന്ന എൻഡിഎ സഖ്യവും ആര്‍ജെഡി, കോണ്‍ഗ്രസ് അടങ്ങുന്ന ഇന്ത്യാ സഖ്യവും തമ്മില്‍ വമ്പൻ പോരാട്ടാമാണ് നടന്നതെന്ന് പോളിങ് സൂചിപ്പിക്കുന്നു.
ഇതുവരെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് 2000 ൽ നടന്ന തെരഞ്ഞെടുപ്പായിരുന്നു. 62.57 ശതമാനമായിരുന്നു അന്ന് രേഖപ്പെടുത്തിയ പോളിങ്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് 1998 ലായിരുന്നു. 64.6 ശതമാനമായിരുന്നു പോളിങ്.
രാജ്യത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ബിഹാർ. 18 ജില്ലകളിലായി 121 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. 11 നിയമസഭാ മണ്ഡലങ്ങളുള്ള മുസാഫർപൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 71.81 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. അതേസമയം 14 നിയമസഭാ മണ്ഡലങ്ങളുള്ള പട്‌ന ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ്. 59.02 ശതമാനമാണ് രേഖപ്പെടുത്തിയത്.
2020 ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തിൻ്റെ ശരാശരി വോട്ടർമാരുടെ എണ്ണം 57.29 ശതമാനവും 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 56.28 ശതമാനവുമായിരുന്നു എന്ന് ഇസിഐ യുടെ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നുണ്ട്. ആദ്യ ഘട്ടത്തിൽ 121 നിയമാസഭാ സീറ്റുകളിലും ഒരു സ്ഥാനാർഥിയോ രാഷ്‌ട്രീയ പാർട്ടിയോ ഇതുവരെ പരാതി നൽകിയിട്ടിലെന്നും റീപോളിങ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇസിഐ പറഞ്ഞു.
“പോളിങ് സ്‌റ്റേഷനുകളിലെ സുതാര്യത ശക്തിപ്പെടുത്തുന്നതിനും ക്രമക്കേടുകൾ കണ്ടെത്തുന്നതിനും റീപോളിങ് ശുപാർശ ചെയ്യുന്നതിനുമായി ഫോം 17A (വോട്ടർ രജിസ്‌റ്റർ) യുടെയും മറ്റ് വോട്ടെടുപ്പ് ദിവസത്തെ രേഖകളുടെയും പോൾ പരിശോധനയെക്കുറിച്ചുള്ള നിർദേശങ്ങൾ ഇസിഐ പുറപ്പെടുവിച്ചിട്ടുണ്ട്.
എല്ലാ സ്ഥാനാർഥികളെയും സൂക്ഷ്‌മ പരിശോധനയുടെ തീയതി, സമയം, സ്ഥലം എന്നിവയെക്കുറിച്ച് മുൻകൂട്ടി അറിയിച്ചിരുന്നു,” എന്നും ആദ്യഘട്ട വോട്ടെടുപ്പ് നിരീക്ഷിച്ചുകൊണ്ട് പോൾ പാനൽ പറഞ്ഞു.
ആദ്യ ഘട്ടത്തിൽ കമ്മിഷൻ നിയോഗിച്ച 121 റിട്ടേണിങ് ഓഫിസർമാരുടെയും 121 ജനറൽ നിരീക്ഷകരുടെയും സാന്നിധ്യത്തിൽ ഏകദേശം 455 സ്ഥാനാർഥികളും അവരുടെ ഏജൻ്റുമാരും സൂക്ഷ്‌മപരിശോധനയിൽ പങ്കെടുത്തുവെന്നും പോൾ പാനൽ പറഞ്ഞു. അതേസമയം ബിഹാർ തെരഞ്ഞെടുപ്പിൻ്റെ രണ്ടാഘട്ടം നവംബർ 11 ന് നടക്കും. വോട്ടെണ്ണൽ നവംബർ 14 ന് ആണ് നടക്കുക.






