ഒരേ നമ്പറിൽ വീണ്ടും രണ്ട് ലോട്ടറി ടിക്കറ്റ്, അമ്പരന്ന് ഏജൻ്റുമാരും ഭാഗ്യാന്വേഷികളും

0
3

കൊല്ലം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത്‌ കൊല്ലത്ത് വീണ്ടും ഒരേ സീരിയലിലും നമ്പറിലുമുള്ള രണ്ട് ലോട്ടറി ടിക്കറ്റുകൾ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുപ്പ് നടക്കാനിരിക്കെ കണ്ടെത്തിയ ഈ ഗുരുതര ക്രമക്കേട് വൻ അട്ടിമറിയുടെ സൂചനയാണ് നൽകുന്നത്. ഒരു നമ്പറിന് രണ്ട് അവകാശികൾ വന്നാൽ സമ്മാനത്തുക ആർക്ക് നൽകുമെന്ന വലിയ ചോദ്യം ഉയർത്തിക്കൊണ്ട് ഏജൻ്റുമാരെയും ഉപഭോക്താക്കളെയും ഒരേപോലെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ് ഈ സംഭവം.

കൊല്ലം ഡീസൻ്റ് ജംഗ്ഷനിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ എത്തിയ ടിക്കറ്റുകളിലാണ് ഇരട്ടിപ്പ് കണ്ടെത്തിയത്. SC 819746 എന്ന നമ്പറിലുള്ള ടിക്കറ്റാണ് രണ്ടെണ്ണം ലഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി കരിക്കോട് ആറ്റുകാൽ ലോട്ടറി ഏജൻസിയിൽനിന്നാണ് ഇവിടേക്ക് ടിക്കറ്റുകൾ എടുക്കുന്നത്. സാധാരണയായി 12 ടിക്കറ്റുകൾ അടങ്ങുന്ന ഒരു ബുക്കിൽ 13 ടിക്കറ്റുകൾ എത്തിയതോടെയാണ് സംശയം തോന്നിയത്.

ടിക്കറ്റുകൾ പരിശോധിച്ചപ്പോഴാണ് ഒരേ സീരീസിലും നമ്പറിലുമുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തിയതെന്ന് ഏജൻ്റായ ഹരീഷ് പറഞ്ഞു. ഉടൻതന്നെ ടിക്കറ്റ് എടുത്ത ആറ്റുകാൽ ഏജൻസിയെ വിവരമറിയിക്കുകയും അവർ ലോട്ടറി ഓഫീസിൽ പരാതി നൽകുകയും ചെയ്‌തു.

ഇരട്ടിപ്പ് കണ്ടെത്തിയത് വിൽപ്പനയ്ക്ക് മുമ്പ്

ടിക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനാൽ അവ വിൽക്കാതെ മാറ്റിവെച്ചതായി ഏജൻ്റുമാർ വ്യക്തമാക്കി. എന്നാൽ, ഇരട്ടിപ്പ് ശ്രദ്ധയിൽപ്പെടാതെ പോയാൽ ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ മറ്റിടങ്ങളിൽ വിറ്റഴിക്കപ്പെട്ടിട്ടുണ്ടാകാമെന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നു.

ഇരട്ടിപ്പ് വന്ന ടിക്കറ്റുകളിൽ ഏതെങ്കിലും ഒന്നിന് സമ്മാനം ലഭിച്ചാൽ സ്‌കാൻ ചെയ്യുമ്പോൾ ഒരു ടിക്കറ്റിന് മാത്രമേസമ്മാനം ലഭിക്കുകയുള്ളൂ. ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ വ്യാജ ടിക്കറ്റ് വിറ്റുവെന്ന പേരുദോഷം ഏജൻ്റുമാർക്ക് ഉണ്ടാകുമെന്നും ഏജൻ്റായ ഹരീഷ് പറയുന്നു.

“കഴിഞ്ഞ മൂന്നുവർഷമായി കരിക്കോട് ആറ്റുകാൽ ലോട്ടറി ഏജൻസിയിൽ നിന്നുമാണ് ഇവിടത്തേക്ക് ടിക്കറ്റുകൾ എടുക്കുന്നത്. സാധാരണ വരുന്ന 12 ടിക്കറ്റിൻ്റെ ഒരു ബുക്കിൽ 13 ടിക്കറ്റുകൾ എത്തിയത് പരിശോധിച്ചപ്പോഴാണ് ഒരേ സീരീസിലും നമ്പറിലും ഇരട്ടിപ്പ് കണ്ടെത്തിയത്. ഉടൻ തന്നെ ടിക്കറ്റ് എടുത്ത ആറ്റുകാൽ ഏജൻസിയിൽ വിവരമറിയിക്കുകയും അവർ ലോട്ടറി ഓഫീസിൽ പരാതി നൽകുകയും ചെയ്‌തു. ഏതെങ്കിലും പ്രൈസ് അടിക്കുകയാണെങ്കിൽ സ്‌കാൻ ചെയ്യുമ്പോൾ ഒരു ടിക്കറ്റ് മാത്രമേ പ്രൈസ് ഉണ്ടാവുകയുള്ളൂ. അങ്ങനെയെങ്കിൽ വ്യാജ ടിക്കറ്റ് വിറ്റുവെന്ന പേര് ദോഷത്തിനിടയാക്കും. നേരത്തെ കണ്ടെത്തിയത് കൊണ്ടാണ് ടിക്കറ്റ് വിൽക്കാതിരുന്നത്” എന്ന് ഏജൻ്റായ ഹരീഷ് പറഞ്ഞു.

ചെറുമൂടിലും നേരത്തെ ഇരട്ടിപ്പ് കണ്ടെത്തി

കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ കുണ്ടറ ചെറുമൂടിലും ഒരേ നമ്പറിലുള്ള രണ്ട് സ്ത്രീശക്തി ലോട്ടറി ടിക്കറ്റുകൾ കണ്ടെത്തിയിരുന്നു. ചെറുമൂടിൽ പ്രവർത്തിക്കുന്ന അഖി ലോട്ടറി ഏജൻസിക്കാണ് ഇരട്ട ടിക്കറ്റുകൾ ലഭിച്ചത്.

വെള്ളിയാഴ്‌ച കൊല്ലം ജില്ലാ ലോട്ടറി ഓഫീസിൽനിന്ന് വിൽപ്പനയ്ക്കായി വാങ്ങിയ 300 ടിക്കറ്റുകൾ ബിൽ ചെയ്‌ത്‌ മാറ്റുന്നതിനിടെയാണ് SC 817746 എന്ന നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തിയത്. സംഭവത്തിൽ ഏജൻസി ഉടമ സന്തോഷ് ജില്ലാ ലോട്ടറി ഓഫീസർക്കും ലോട്ടറി ഡയറക്‌ടറേറ്റിനും പരാതി നൽകിയിരുന്നു.

2017 മുതൽ ലോട്ടറി ഓഫീസിൽനിന്ന് ടിക്കറ്റുകൾ എടുക്കുന്ന തനിക്ക് ഇതുവരെ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്ന് സന്തോഷ് പറഞ്ഞു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ലോട്ടറി വിറ്റ് ഉപജീവനം കണ്ടെത്തുന്നവർക്ക് സംരക്ഷണം നൽകുന്ന നടപടി സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോട്ടറി ടിക്കറ്റുകളിൽ ഒരേ നമ്പർ ആവർത്തിക്കുന്ന സംഭവങ്ങൾ തുടർച്ചയായി പുറത്തുവരുന്നത് ലോട്ടറി മേഖലയെ സാരമായി ബാധിക്കുമെന്നാണ് ഏജൻ്റുമാരുടെ ആശങ്ക.

LEAVE A REPLY

Please enter your comment!
Please enter your name here