ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ

0
13

വാഷിങ്ടൺ: ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കങ്ങളെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തുവിട്ടു. മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈന്യം ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ആരംഭിച്ച സാഹചര്യത്തിൽ വിവിധ യുഎസ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

“ഒറ്റയടിക്ക് 48 ഇറാനിയൻ നേതാക്കൾ ഇല്ലാതായി. ടെഹ്‌റാനെതിരായ യുഎസ് സൈനിക നടപടി വളരെ വേഗത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്,” ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. എൻബിസി ന്യൂസിന് നൽകിയ മറ്റൊരു അഭിമുഖത്തിൽ, യുഎസ് ആക്രമണങ്ങൾ നിശ്ചയിച്ച സമയത്തേക്കാൾ മുന്നിലാണെന്ന് ട്രംപ് പറഞ്ഞു. ഈ ആക്രമണങ്ങളുടെ സാധ്യമായ ഒരു ഫലം ഇറാനിയൻ നേതൃത്വത്തെ നിർവീര്യമാക്കുകഎന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. “ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യുന്നത് ഞങ്ങൾക്ക് വേണ്ടി മാത്രമല്ല, ലോകത്തിന് വേണ്ടി കൂടിയാണ്,” ട്രംപ് വ്യക്തമാക്കി.

 

ആയത്തുള്ള അലി ഖമനയിയുടെ മരണവാർത്തയ്ക്ക് പിന്നാലെ അമേരിക്കയിലെ ഇറാനിയൻ പ്രവാസികൾ നടത്തിയ ആഘോഷങ്ങൾ കണ്ടതായി എംഎസ് നൗവിനോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ലൊസാഞ്ചൽസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇറാനിയൻ പ്രവാസികൾ നടത്തിയ ആഘോഷങ്ങളെ അതിശയകരം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

 

ചർച്ചകൾക്കും പുനർചർച്ചകൾക്കും തയ്യാറാണെന്ന് പുതിയ ഇറാനിയൻ നേതൃത്വം സൂചിപ്പിച്ചതായി ദ അറ്റ്‌ലാന്റിക്കിനോട് സംസാരിക്കവേ യുഎസ് പ്രസിഡന്റ് പറഞ്ഞു. “അവർക്ക് സംസാരിക്കണമെന്നുണ്ട്, ഞാനതിന് സമ്മതിക്കുകയും ചെയ്തു, അതിനാൽ ഞാൻ അവരോട് സംസാരിക്കും. അവർ ഇത് നേരത്തെ ചെയ്യണമായിരുന്നു. വളരെ പ്രായോഗികവും എളുപ്പവുമായ കാര്യങ്ങൾ അവർ ഇതിലും മുൻപേ നൽകേണ്ടതായിരുന്നു. അവർ ഒരുപാട് വൈകിപ്പിച്ചു,” ട്രംപ് പറഞ്ഞു.

യുഎസ് സൈന്യം 9 ഇറാനിയൻ നാവിക കപ്പലുകൾ തകർക്കുകയും മുക്കുകയും ചെയ്തുവെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചു. “ബാക്കിയുള്ളവയെയും ഞങ്ങൾ പിന്തുടരുകയാണ്. അവ ഉടൻ തന്നെ കടലിന്റെ അടിത്തട്ടിൽ ഒഴുകി നടക്കും,” ട്രംപ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here