ഇസ്‌ലാമിലെ ഒരു ആത്മീയ ചിന്താധാരയാണ് സൂഫിസം(السوفية, at-Taṣawwuf) എന്നറിയപ്പെടുന്നത്. ആത്മസംസ്കരണം, ആചാര-അനുഷ്ഠാനങ്ങൾ, ഐഹിക വിരക്തി എന്നിവയെല്ലാം ഉൾച്ചേർന്നതാണ് സൂഫിസം. ഇത് അനുഷ്ഠിക്കുന്നവരെ സൂഫികൾ എന്നുവിളിക്കുന്നു. ഏതെങ്കിലും ഒരു ആത്മീയാചാര്യനെ ചുറ്റിപ്പറ്റിയായിരിക്കും മിക്ക സൂഫീ തരീഖകളും നിലനിൽക്കുന്നത്. ഇത്തരം ഒരു ആചാര്യനും അനുയായികളുമടങ്ങുന്ന ഒരു സംഘമാണ് ഒരു തരീഖ. ഈ ആചാര്യന്മാർ പൊതുവേ പ്രവാചകകുടുംബമായി നേരിട്ട് ബന്ധമുള്ളവരായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ആത്മശുദ്ധീകരണത്തിലൂടെ ഇഹ്സാൻ എന്ന ആത്മീയ ഔന്നത്യത്തിലേക്ക് എത്തിച്ചേരുക എന്നതാണ് സൂഫിസം ലക്ഷ്യം വെക്കുന്നത്. ഫിത്റ എന്ന അവസ്ഥയാണ് സൂഫിസത്തിലെ പരമമായ ലക്ഷ്യം.
ഉത്ഭവം : പ്രവാചകൻ മുഹമ്മദ്(സ്വ)യുടെ കാലത്ത് പള്ളിയിൽ താമസിച്ചിരുന്ന സുഫക്കാരിൽ നിന്നാണ് സൂഫികളുടെ ഉത്ഭവം എന്ന് കരുതുന്നവരുണ്ട്, അതല്ല മുഹമ്മദ് നബിക്ക് മുൻപേ ഉള്ള പ്രവാചകന്മാരുടെ കാലത്തും സൂഫികൾ ഉണ്ടെന്നു മറ്റൊരു വിഭാഗം കരുതുന്നു. പർണ്ണ ശാല കെട്ടി ധ്യാനത്തിൽ ഏർപ്പെട്ട ജുറൈജ് എന്ന പരിത്യാഗിയെ ആണ് അവർ അതിനു ഉദാഹരണമായി കാട്ടുന്നത്. അത് പോലെ ഖുറാനിൽ സൂചിപ്പിക്കപ്പെട്ട കിടങ്ങിലെ സംഭവത്തിലെ കുട്ടിയുടെ ഗുരുവായി കാണിക്കപ്പെട്ട ധ്യാനിയായ യോഗിയുടെ കഥയും ഉദ്ധരിക്കപ്പെടാറുണ്ട്. പ്രവാചകന് ശേഷം രണ്ടാം തല മുറയിലെ സുഹ്ഹാദ് എന്ന ജീവപരിത്യാഗികൾ, ഉബ്ബാധ് എന്ന ധ്യാനത്തിൽ മുഴുകിയവർ എന്നിവരിൽ നിന്നാണ് സൂഫികളുടെ തുടക്കം എന്നാണ് മറ്റൊരു വാദം. കമ്പിളി എന്നർത്ഥമുള്ള സൂഫ് എന്ന പദത്തിൽ നിന്നാണ് സൂഫി എന്ന വാക്കുണ്ടായത്. ആത്മനിയന്ത്രണത്തിന്റെ ചിഹ്നം എന്ന രീതിയിൽ ആദ്യകാല സൂഫികൾ ധരിച്ചിരുന്ന കമ്പിളി വസ്ത്രങ്ങളിൽ നിന്നാണ് ഈ പേരുവന്നത്. ഔലിയ, വലിയ്യ് തുടങ്ങിയവ സൂഫികളെ കുറിക്കാനുപയോഗിക്കുന്ന അറബി പദങ്ങളാണ്. സഹായി, സുഹൃത്ത് എന്നെല്ലാം ഈ വാക്കിന് അർത്ഥങ്ങളുണ്ട്.
ആചാര രീതികൾ : ഇസ്‌ലാമിന്റെ മൗലിക ആചാരക്രമങ്ങളിൽ നിന്നും വ്യത്യസ്തമായി, സംഗീതവും നൃത്തവുമുൾപ്പടെയുള്ള കലകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരാധനാരീതിയാണ് സൂഫികളുടേത്. ഹദ്റ എന്ന സ്തോത്ര സദസ്സുകളിലാണ് വശങ്ങളിലേക്കും മുൻ പിൻ ഭാഗങ്ങളിലേക്കു ആടിയും വട്ടത്തിൽ ചുറ്റി കറങ്ങിയും മറ്റും നൃത്തം ചെയ്യാറ്. ദഫ് പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സംഗീത ആലാപനങ്ങളും ഇവർക്കിടയിൽ പതിവാണ്. തുർക്കിയിൽ ജീവിച്ചിരുന്ന പ്രശസ്തനായ സൂഫി, റൂമിയുടെ അനുയായികൾ ആചരിക്കുന്ന കറങ്ങിക്കൊണ്ടുള്ള നൃത്തം ശ്രദ്ധേയമാണ്.എന്നാൽ ഇത്തരം കാര്യങ്ങൾ നൃത്തമല്ലെന്നും ആത്മീയതയിൽ അലിഞ്ഞു ചേർന്ന ചലനങ്ങൾ മാത്രമാണ് എന്നാണ് സൂഫി പക്ഷം. മുസ്ലിം സുന്നി വിഭാഗത്തിലെ പാരമ്പര്യ വാദികൾ ഒഴികെ ഉള്ളവർ പൊതുവെ സൂഫികളെ പിന്തുണയ്ക്കാറില്ല , ശവകുടീര പ്രാർഥനകൾ, റാതീബ്, മൗലീദ് കീർത്തനങ്ങൾ, ദിക്ർ സ്തോത്ര സദസ്സുകൾ തുടങ്ങിയ സൂഫി ആചാരങ്ങൾ ഇസ്‌ലാം മതവും ആയി ബന്ധം ഇല്ലാത്തതാണെന്നും, നബി ചര്യക്ക് വിരുദ്ധം ആണെന്നും, പ്രാമാണികമല്ലെന്നും മൗലിക ചിന്താഗതിക്കാർ വിശ്വസിക്കുന്നു.
ഇസ്‌ലാം മതവിശ്വാസപ്രകാരം സൃഷ്ടിയുടെ ലക്ഷ്യം ദൈവത്തെ ആരാധിക്കലാണ്. അതനുസരിച്ച് ഒരു യജമാനനും അടിമയും തമ്മിലുള്ള ബന്ധമാണ് ദൈവവും ഭക്തനും തമ്മിലുണ്ടാവേണ്ടത്. ദൈവത്തെ നല്ലരീതിയിൽ ആരാധിക്കുന്നവർക്ക് വിധിദിനത്തിൽ സ്വർഗവും അല്ലെങ്കിൽ നരകവും ലഭിക്കുമെന്നവർ വിശ്വസിക്കുന്നു. എന്നാൽ സൂഫി മാർഗ്ഗം വ്യത്യസ്തമാണ്, ദൈവം മനുഷ്യരോട് ആരാധിക്കാൻ നിർദ്ദേശിച്ചതുകൊണ്ടല്ല, മറിച്ച് ദൈവം വളരെ സ്നേഹമയനാണെന്നതാണ് ആരാധിക്കാൻ അല്ലെങ്കിൽ സ്നേഹിക്കാനുള്ള കാരണം എന്നും. ദൈവശിക്ഷയെ ഭയക്കാതെ ദൈവസ്നേഹം നഷ്ടമാകും എന്ന ഭയത്താൽ ദൈവത്തെ പ്രണയിച്ചു സാമീപ്യം നേടാം എന്നാണ് ഇവർ വിശ്വസിക്കുന്നത്, ദൈവ പ്രീതി മാത്രമായിരിക്കും ഇത്തരം സൂഫികളുടെ ലക്‌ഷ്യം, ഇസ്ലാമിക നിയമ വ്യവസ്ഥ ആയ ശരീയത്ത് പൂർണ്ണമായി പിൻപറ്റി നബി ചര്യകൾ ഒന്നും ഒഴിവാക്കാതെ തസവ്വുഫ് എന്ന ആത്മ സംസ്കരണത്തിലൂടെ ത്വരീഖത് എന്ന സരണി ഗുരുവിലൂടെ സ്വീകരിക്കലാണ് പൌരാണിക സൂഫിസം. ധ്യാനം, വ്രതം, സ്തോത്ര സദസ്സുകൾ, നമസ്ക്കാരം, സ്തോത്ര പ്രകീർത്തനങ്ങൾ, ദേശാടനം, മത പ്രബോധനം, ജന സേവനം എന്നിവ ആയിരിക്കും ഇവരുടെ ദിന ചര്യ.
വളരെ പതിയെ സംസാരിക്കുക , പുഞ്ചിരിച്ചു കൊണ്ടിരിക്കുക ,തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക , തരീഖ സ്വീകരിക്കുമ്പോഴും, പ്രവാചക നാമം കേൾക്കുമ്പോഴും നെഞ്ചിൽ കൈ വെക്കുക എന്നിങ്ങനെ ഒട്ടേറെ ചിട്ടവട്ടങ്ങൾ സൂഫികൾക്കുണ്ട് . സാധാരണ മുസ്ലിങ്ങൾക്ക് അനുവദീയമായ കാര്യങ്ങൾ പോലും സൂഫികൾ പൊതുവെ ചെയ്യാൻ മടിക്കാറുണ്ട് . ഉദാഹരണത്തിന് പൊതു ഇടത്തു വീണ് കിട്ടിയ പഴം മുസ്ലിങ്ങൾക്ക് മതവിധി പ്രകാരം ഭക്ഷിക്കാം, എന്നാൽ സൂഫികൾ ഇത്തരത്തിലുള്ളവ കഴിക്കാൻ മടിക്കുന്നവരാണ്.
ഓരോ താരിഖകളിലെ യോഗികളും ആത്മ സംസ്കരണത്തിനായും, നിഗൂഡ രഹസ്യങ്ങളുടെ കലവറകൾ കാട്ടിയും ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്, എന്നാൽ അവയിൽ പലതും പൊതു ജനസമൂഹത്തിനു ഇന്നും അന്യമാണ്. ആത്മ സംസ്കരണ ചിന്താ രീതികളോ ഗ്രന്ഥങ്ങളോ അവയിലെ ആന്തരികാർത്ഥങ്ങളോ വിശദീകരിക്കുവാൻ സൂഫി യോഗികൾക്കല്ലാതെ മറ്റാർക്കും സാധാരണ കഴിയാറില്ല എന്നത് കൊണ്ടാണിത്, ഇത് കൊണ്ട് തന്നെ സൂഫിസത്തെ അനുകൂലിക്കുന്ന പരമ്പരാഗത മുസ്ലിം പണ്ഡിതർ പോലും സൂഫി ഗ്രന്ഥങ്ങൾ അവരുടെ പാഠശാലകളിൽ പഠന വിഷയമാക്കാറില്ല.









