സംസ്ഥാനത്തെ മികച്ച സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് അഞ്ച് ലക്ഷം രൂപയുടെ സ്കൂൾ ഓഫ് എക്സലൻസ് പുരസ്കാരം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ്, വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, മികച്ച പഠനാന്തരീക്ഷം എന്നിവ സമഗ്രമായി വിലയിരുത്തിയാകും ഓരോ സ്കൂളിനും ഗ്രേഡ് നിശ്ചയിക്കുന്നത്. ഇതിൽ നിന്നും ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്ന മൂന്ന് സ്കൂളുകളെയാണ് അവാർഡിനായി തിരഞ്ഞെടുക്കുക.
ഒന്നാം സമ്മാനം നേടുന്ന സ്കൂളിന് അഞ്ച് ലക്ഷം രൂപ ലഭിക്കും. രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്ന വിദ്യാലയങ്ങൾക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപ, ഒരു ലക്ഷം രൂപ എന്നിങ്ങനെയാണ് പുരസ്കാര തുക നിശ്ചയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന സെപ്റ്റംബർ 5-ന് അധ്യാപകദിന ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഇതിനായുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും.
ഇതോടൊപ്പം ഹയർസെക്കൻഡറി ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നീറ്റ് , ജെ.ഇ.ഇ , യു.പി.എസ്.സി തുടങ്ങിയ മത്സരപരീക്ഷകൾക്കുള്ള ഫൗണ്ടേഷൻ കോഴ്‌സ് നൽകുന്ന പുതിയ പദ്ധതിക്കും സെപ്റ്റംബർ 5-ന് തുടക്കമിടും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തിരഞ്ഞെടുത്ത 25 അധ്യാപകർക്ക് ഐ.ഐ.എം , ഐ.എം.ജി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ അഞ്ച് ദിവസത്തെ പ്രത്യേക മാസ്റ്റർ ട്രെയിനിങ് പരിശീലനം നൽകാനും തീരുമാനമായിട്ടുണ്ട്.








