അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അക്വാന്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി രൂപപ്പെട്ട് വെളളിയാഴ്ച ഉച്ചയോടെ കരതൊടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. നവംബര്‍ 20ന് ഉച്ചയോടെ വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങളില്‍ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കര തൊടാന്‍ സാധ്യതയെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കരയിലേക്ക് പ്രവേശിക്കുന്ന സമയത്ത് മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ചിലപ്പോൾ 110 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും സാധ്യതയുണ്ട്.
നിലവില്‍ വിശാഖപട്ടണത്തുനിന്ന് 580 കിലോമീറ്ററും മച്ചിലിപട്ടണത്ത് നിന്ന് 590 കിലോമീറ്ററും ഒഡീഷയിലെ ഗോപാല്‍പൂരില്‍ നിന്ന് 710 കിലോമീറ്ററും ദൂരത്തിലാണ് ചുഴലിക്കാറ്റിൻ്റെ സ്ഥാനം. ചൊവ്വാഴ്ച വൈകിട്ടോടെ കാറ്റ് അതിതീവ്രമാകുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ ആദ്യ വിലയിരുത്തല്‍. എന്നാല്‍ ചുഴലിക്കാറ്റ് ഒരേ സ്ഥലത്ത് നില്‍ക്കുകയോ വളരെ സാവധാനത്തോടെ നീങ്ങുകയോ ആയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെ ചുഴലിക്കാറ്റ് മണിക്കൂറില്‍ മൂന്ന് കിലോമീറ്റര്‍ വേഗതയില്‍ വടക്കോട്ട് തിരിഞ്ഞതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ മധ്യഭാഗങ്ങളിൽ രൂപംകൊണ്ട ഈ ചുഴലിക്കാറ്റ് തുടക്കത്തിൽ ആന്ധ്രാപ്രദേശ് തീരത്തേക്കാണ് നീങ്ങിക്കൊണ്ടിരുന്നത്. എന്നാൽ പിന്നീട് സഞ്ചാരപാതയിൽ മാറ്റം വരികയും, ഇപ്പോൾ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ഒഡീഷയിലും ആന്ധ്രാപ്രദേശിലും അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ട്രെയിൻ സമയക്രമത്തിൽ മാറ്റം
അക്വാന്‍ ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവേ മൂന്ന് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. നവംബര്‍ 19ന് രാവിലെ 8.40-ന് പുറപ്പെടേണ്ടിയിരുന്ന 18046 നമ്പർ ചാർലാപ്പള്ളി – ഷാലിമാർ ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ചുഴലിക്കാറ്റ് കാരണം ഉച്ചയ്ക്ക് 3.40-ലേക്ക് മാറ്റി. അതുപോലെ, ഉച്ചയ്ക്ക് 3.55-ന് പുറപ്പെടേണ്ടിയിരുന്ന 12704 നമ്പർ സെക്കന്തരാബാദ് – ഹൗറ ഫലക്നുമ എക്സ്പ്രസ് ഇനി വൈകിട്ട് 5.55-നായിരിക്കും പുറപ്പെടുക. വ്യാഴാഴ്ച പുലർച്ചെ 12.30-ന് പുറപ്പെടേണ്ടിയിരുന്ന 15227 നമ്പർ എസ്.എം.വി.ടി ബെംഗളൂരു – മുസാഫർപൂർ എക്സ്പ്രസും ഇന്ന് രാവിലെ 8.30നാണ് പുറപ്പെട്ടത്.
അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് ട്രെയിനുകളൊന്നും റദ്ദാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കിഴക്കൻ തീര റെയിൽവേ സിപിആർഒ ദീപക് റൗട്ട് അറിയിച്ചു. “കിഴക്കൻ തീര റെയിൽവേ നിലവില്‍ നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ മേഖലകളും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു വാർ റൂം സജ്ജീകരിച്ചു. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ തത്സമയം ലഭിക്കുന്നുണ്ടെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാൻ മുതിർന്ന ഉദ്യോഗസ്ഥർ അവിടെയുണ്ടെന്നും ദീപക് റൗട്ട് എഎൻഐയോട് പറഞ്ഞു.
അപകടസാധ്യതയുള്ള സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനായി ട്രാക്ക് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങളും ഘനയന്ത്രങ്ങളും തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ എത്തിച്ചു കഴിഞ്ഞു. കൂടാതെ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള വിവരങ്ങൾക്കായി ജില്ലാ ഭരണകൂടം, ദുരന്തനിവാരണ അതോറിറ്റി, കാലാവസ്ഥാ വകുപ്പ് എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. നിലവിൽ ട്രെയിനുകളൊന്നും റദ്ദാക്കാൻ തീരുമാനിച്ചിട്ടില്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
ഒഡീഷയില്‍ സ്കൂളുകൾ അടച്ചു; 50,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു
കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ചുഴലിക്കാറ്റിനെ നേരിടാൻ ഒഡീഷയില്‍ ഒരുക്കങ്ങൾ ശക്തമാക്കി. നവംബർ 19 മുതൽ നവംബർ 21 വരെ ആറ് ജില്ലകളിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകളും അങ്കണവാടികളും അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വ്യാഴാഴ്ച പുലർച്ചെ പുരിയിൽ ശക്തമായ മഴ പെയ്തിരുന്നു. ഇതേത്തുടർന്ന് ശ്രീ ജഗന്നാഥ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തർ നനയുകയും പ്രധാന റോഡ് വെള്ളത്തിനടിയിലാവുകയും ചെയ്തു.
അതേസമയം സംസ്ഥാനത്ത് ഇതുവരെ ഏകദേശം 50,000 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. സാഹചര്യത്തെ നേരിടാൻ സംസ്ഥാന സർക്കാർ പൂർണ്ണ സജ്ജമാണെന്നും ആവശ്യമായ നടപടികൾ സ്വീകരിച്ചു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഡീഷയിലും ആന്ധ്രാപ്രദേശിലും മഴ മുന്നറിയിപ്പ്
ആന്ധ്രാപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളില്‍ നവംബർ 19, 20 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 21 സെൻ്റിമീറ്ററോ അതിൽ കൂടുതലോ മഴ ലഭിക്കാൻ സാധ്യതയുണ്ട്. തെലങ്കാനയില്‍ നവംബർ 20-ഓടെ സംസ്ഥാനത്തിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചേക്കാമെന്നാണ് വിവരം. നവംബർ 19 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഛത്തീസ്ഗഡ്, ഗംഗാതീര പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, വിദർഭ, കിഴക്കൻ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ സമയങ്ങളില്‍ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും പ്രാദേശികമായ വെള്ളപ്പൊക്കവും ജനജീവിതത്തെ ബാധിക്കാനും സാധ്യതയുണ്ട്.
തീരപ്രദേശങ്ങളിൽ കടൽക്ഷോഭവും വെള്ളപ്പൊക്കവും
ചുഴലിക്കാറ്റ് കര തൊടുന്ന സമയത്ത് സാധാരണയേക്കാൾ 0.5 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ ശക്തമായ തിരമാലകൾ അടിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. ആന്ധ്രയിലെ പശ്ചിമ ഗോദാവരി, കോനസീമ, കാക്കിനാഡ, വിഴിയനഗരം, ശ്രീകാകുളം, വിശാഖപട്ടണം എന്നിവിടങ്ങളെയും ഒഡീഷയിലെ ഗഞ്ചം, പുരി എന്നീ തീരദേശങ്ങളെയും ഇത് ബാധിച്ചേക്കാം. തീരപ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിലും താമസിക്കുന്ന ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വീടുകൾക്കും കൃഷിക്കും വരാവുന്ന നാശനഷ്ടങ്ങൾ
ശക്തമായ കാറ്റിൽ ഓലമേഞ്ഞ വീടുകൾക്കും താത്കാലിക നിർമിതികൾക്കും കേടുപാടുകൾ സംഭവിച്ചേക്കാം. ടിൻ, മെറ്റൽ ഷീറ്റുകൾ എന്നിവ കാറ്റിൽ പറന്നുപോകാൻ സാധ്യതയുണ്ട്. മരങ്ങൾ കടപുഴകി വീഴുന്നതുമൂലം വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ തടസ്സപ്പെടാം. പാടശേഖരങ്ങൾ, തോട്ടങ്ങൾ എന്നിവയ്ക്ക് വലിയ നാശനഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് തെങ്ങ്, വാഴ, പപ്പായ, മുരിങ്ങ തുടങ്ങിയ മരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയേറെയാണ്.
അക്വാൻ ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?
അക്വാന്‍ ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥം ആന്ധ്ര, ഒഡീഷ, തമിഴ്നാട് തീരങ്ങളെ ലക്ഷ്യമാക്കിയുള്ളതായതുകൊണ്ട് കേരളത്തിൽ അതിതീവ്രമായ കാറ്റോ കൊടുങ്കാറ്റോ ഉണ്ടാകില്ല. എന്നാല്‍ ചുഴലിക്കാറ്റ് അന്തരീക്ഷത്തിലുള്ള ഈർപ്പം മുഴുവൻ അതിൻ്റെ കേന്ദ്രത്തിലേക്ക് വലിച്ചെടുക്കുന്നതു കൊണ്ട് കേരളത്തിൽ ഈ സമയത്ത് ലഭിക്കേണ്ട തുലാവർഷ മഴ തത്കാലം മാറിനിൽക്കും.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ കേരളത്തിൻ്റെ വടക്കൻ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ മഴയില്ലാത്ത വരണ്ട അന്തരീക്ഷമായിരിക്കും. മഴ പൂർണ്ണമായി മാറിനിൽക്കുന്നതോടെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ പകൽസമയത്ത് സാധാരണയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ട്.







