ആശുപത്രികൾ ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണം;

0
1

ന്യൂഡൽഹി: ചികിത്സാ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും നിരക്കുകൾ ആശുപത്രികൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് ആരോഗ്യ മന്ത്രാലയം. ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്കും കൂടെയുള്ളവർക്കും ചികിത്സാ ചെലവ് മുൻകൂട്ടി മനസിലാക്കുന്നതിനായി നിരക്കുകൾ പ്രദർശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചു.

ചികിത്സാ ചെലവുകൾ മുൻകൂട്ടി കണക്കാക്കാനും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കാനും ബില്ലുകളെച്ചൊല്ലിയുള്ള ആശയക്കുഴപ്പങ്ങളും തർക്കങ്ങളും ഒഴിവാക്കാനും രോഗികളെ സഹായിക്കുക എന്നതാണ് മന്ത്രാലയത്തിൻ്റെ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

ഈ നീക്കത്തെ സ്വാഗതം ചെയ്‌ത് അസോസിയേഷൻ ഓഫ് ഇന്ത്യൻ മെഡിക്കൽ ഡിവൈസ് ഇൻഡസ്‌ട്രി ഫോറം കോർഡിനേറ്റർ ഡോ. രാജീവ് നാഥ് മുന്നോട്ട് വന്നു. മെഡിക്കൽ ഉപകരണങ്ങൾ, ഉപയോഗവസ്‌തുക്കളുടെ വിതരണ ശ്യംഖലകൾ എന്നിവയെക്കൂടി ഉൾപ്പെടുത്തി വിപുലമായ സുതാര്യ സംവിധാനം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആശുപത്രി നിരക്കുകൾ പ്രദർശിപ്പിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിൻ്റെ തീരുമാനം രോഗി സൗഹൃദപരമാണെന്നും ഇത് ഉപഭോക്താക്കളെ ശാക്തീകരിക്കാനും ന്യായമായ വിലനിർണയം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നും ഡോ. ​​നാഥ് പറഞ്ഞു. എന്നാൽ സുതാര്യത ആശുപത്രിയിലെ ബില്ലിങ് കൗണ്ടറിൽ മാത്രം ഒതുങ്ങി നിൽക്കരുതെന്നും മെഡിക്കൽ ഉപകരണങ്ങളുടെയും ഉപയോഗവസ്‌തുക്കളുടെയും വിലയിലും ലാഭവിഹിതത്തിലും അവയുടെ ആദ്യ വിൽപ്പന ഘട്ടം മുതൽ തന്നെ ഉറപ്പാക്കണമെന്നും അദ്ദേഹം വാദിച്ചു.

അതേസമയം, ബാധകമായ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ചികിത്സാ നിരക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ രോഗികൾക്കും കൂടെയുള്ളവർക്കും എളുപ്പത്തിൽ ലഭ്യമാണെന്ന് ഉറപ്പാക്കാനും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്‌തവ ഇന്നലെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി.

ക്ലിനിക്കൽ എസ്‌റ്റാബ്ലിഷ്‌മെൻ്റ്സ്‌ (രജിസ്‌ട്രേഷനും നിയന്ത്രണവും) നിയമം 2010, കേന്ദ്രത്തിൻ്റെ ക്ലിനിക്കൽ എസ്‌റ്റാബ്ലിഷ്‌മെൻ്റ്സ്‌ ചട്ടങ്ങൾ 2012 എന്നിവ പ്രകാരം, ഈ നിയമം ബാധകമായ പ്രദേശങ്ങളിലെ ചികിത്സാ സ്ഥാപനങ്ങൾ ഓരോ തരം സേവനത്തിൻ്റെയും നിരക്കുകളും ലഭ്യമായ സൗകര്യങ്ങളും പ്രദർശിപ്പിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. വിവരങ്ങൾ പ്രാദേശിക ഭാഷയിലും എല്ലാവർക്കും മനസിലാകുന്ന വിധത്തിലും പ്രദർശിപ്പിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

കേന്ദ്ര നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അതത് പ്രദേശത്തെ നിയന്ത്രണ സംവിധാനങ്ങളാണ് നിലവിലുള്ളത്. അവയിൽ പലതിലും ചികിത്സാ സേവന നിരക്കുകൾ വെളിപ്പെടുത്തണമെന്ന വ്യവസ്ഥയുണ്ടെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കൂടാതെ മെഡിക്കൽ അല്ലെങ്കിൽ ആയുഷ് വിസയിൽ ഇന്ത്യയിലെത്തുന്ന വിദേശ രോഗികൾക്കായി ബാധകമായ ഇടങ്ങളിലെല്ലാം പാക്കേജ് നിരക്കുകൾ പ്രദർശിപ്പിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പരമാവധി ചില്ലറ വില രേഖപ്പെടുത്തണമെന്ന് ആവശ്യം

എന്നാൽ ആശുപത്രികൾ ഈടാക്കുന്ന നിരക്കുകൾ മാത്രമല്ല മറിച്ച് വിതരണ ശൃംഖലയിലുടനീളം ഉപകരണങ്ങളുടെയും ഉപയോഗവസ്‌തുക്കളുടെയും വില എങ്ങനെയാണ് നിശ്ചയിക്കപ്പെടുന്നതെന്ന് കൂടി രോഗികൾക്ക് മനസിലാക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ഡോ. നാഥിനെ സംബന്ധിച്ചിടത്തോളം അടുത്ത വെല്ലുവിളി.

ഇതിൻ്റെ ഭാഗമായി ആശുപത്രി ബില്ലുകളിൽ ലാൻഡിങ് പ്രൈസ് അതായത് ഇറക്കുമതി അല്ലെങ്കിൽ വാങ്ങൽ വിലയ്‌ക്ക് പരമാവധി ചില്ലറ വില (MRP) രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള കർണാടക ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ്റെ ഉത്തരവിനെയും ഡോ. നാഥ് സ്വാഗതം ചെയ്‌തു. ഈ നടപടികൾ രോഗി സൗഹൃദപരമായ വിലനിർണയ സുതാര്യത വർധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആശുപത്രി ബില്ലുകളിൽ ലാൻഡിങ് പ്രൈസും പരമാവധി ചില്ലറ വിലയും പ്രദർശിപ്പിക്കണമെന്ന് കർണാടക ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ അടുത്തിടെയാണ് സർക്കുലർ പുറത്തിറക്കിയത്. ഇതിലൂടെ എല്ലാ ആശുപത്രികളോടും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളോടും വിതരണക്കാരോടും മൊത്ത-ചില്ലറ വ്യാപാരികളോടും പരമാവധി ചില്ലറ വില പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഇതിൻ്റെ പശ്ചാത്തലത്തിൽ ഇറക്കുമതി ചെയ്‌തപ്പോഴുള്ള വിലയിലോ ഫാക്‌ടറി വിലയിലോ തുടങ്ങി, വിൽപ്പനയുടെ ആദ്യ ഘട്ടം വരെയുള്ള ലാഭവിഹിതം തിരിച്ചറിയാൻ കഴിയുന്ന സംവിധാനം വേണമെന്നും നാഥ് ആവശ്യപ്പെട്ടു. ഇതിനായി ഇറക്കുമതിക്കാർക്ക് നടത്തുന്ന പ്രാഥമിക വിൽപ്പനയിൽ ഈടാക്കുന്ന ജിഎസ്‌ടിയെ വിൽപ്പനയുടെ ആദ്യ ഘട്ടമായി കണക്കാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്തുടനീളം ഏകീകൃതമായ ഒരു ചട്ടക്കൂട് വേണമെന്നും അത് രൂപകൽപ്പന ചെയ്യുന്നതിൽ സഹായിക്കാൻ അസോസിയേഷൻ ഓഫ് ഇന്ത്യൻ മെഡിക്കൽ ഡിവൈസ് ഇൻഡസ്‌ട്രി ഫോറം സജ്ജമാണെന്നും നാഥ് വ്യക്തമാക്കി.

യഥാർഥത്തിൽ ക്ലിനിക്കൽ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നടപ്പിലാക്കുന്നതും മേൽനോട്ടം വഹിക്കുന്നതും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചുമതലയായതിനാൽ, കേന്ദ്ര ആരോഗ്യ മന്ത്രാലയം ചീഫ് സെക്രട്ടറിമാരുടെ നേരിട്ടുള്ള ശ്രദ്ധ ഇക്കാര്യത്തിൽ ക്ഷണിക്കുകയും ബന്ധപ്പെട്ട അധികാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ അവരോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here