തിരുവനന്തപുരം: നെടുമ്പാശേരിയില് മിനി കൂപ്പര് കാറിടിച്ച് മൂന്നു പേര് മരണമടഞ്ഞ സംഭവത്തില് പ്രതികളെ രക്ഷിക്കാന് ശ്രമിക്കുന്നു എന്ന ആരോപണം തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച ഊഹാപോഹങ്ങള് പ്രചരിപ്പിക്കുന്നതില് നിന്ന് എല്ലാവരും പിന്മാറണമെന്നും കുറ്റവാളികള്ക്ക് പരമാവധി ശിക്ഷ സര്ക്കാര് ഉറപ്പാക്കുമെന്നും ചെന്നിത്തല നിയമസഭയില് പറഞ്ഞു.
വാഹനമോടിച്ചിരുന്ന സുഹൈലും വാഹനത്തിലുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കള്ക്കുമെതിരെ 10 വര്ഷം വരെ തടവു ശിക്ഷ കിട്ടാവുന്ന ബിഎന്സ് വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. അലക്ഷ്യമായി വാഹനമോടിച്ചതിന് മോട്ടോര്വാഹന നിയമപ്രകാരവും കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. പ്രതി അമിതമായി മദ്യപിച്ച് വാഹനമോടിച്ചതായി വൈദ്യ പരിശോധനയില് വ്യക്തമായ സാഹചര്യത്തില് ലൈസന്സ് റദ്ദാക്കാന് മോട്ടോര് വാഹന വകുപ്പിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്.
കുറ്റവാളികള്ക്കെതിരെ കുടുംബാംഗങ്ങള് ചില ആക്ഷേപങ്ങള് ഉന്നയിച്ച സാഹചര്യത്തില് ഇക്കാര്യങ്ങളെല്ലാം പരിശോധിക്കാന് ദക്ഷണ മേഖല ഐജി നിശാന്തിനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാര്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന് കേസില് സ്പെഷ്യല് പ്രോസിക്യൂട്ടറെ നിയമിക്കാന് സര്ക്കാര് തയാറാണ്. കോടതി നിര്ദ്ദേശ പ്രകാരമാണ് പ്രതികളെ ജയിലിടയ്ക്കാതെ ബോസ്റ്റല് സ്കൂളിലേക്ക് മാറ്റിയത്. ജയില്ചട്ട പ്രകാരം 18 വയസിനും 21 വയസിനും ഇടയില് പ്രായമുള്ള ആളുകളെ റിമാന്ഡ് ചെയ്ത് ബോസ്റ്റല് സ്കൂളിലേക്കാണ് അയയ്ക്കുന്നത്. ഇതു സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങളും ശരിയല്ല.
മരണമടഞ്ഞവരുടെ സുഹൃത്ത് റിയാദ് സംഭവം നടക്കുമ്പോള് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. വാഹനമോടിച്ചിരുന്ന ആളുടെ പേര് മൊഴി നല്കിയ റിയാദിന് അറിയാത്തതു കൊണ്ടാണ് അപ്പോള് പ്രതിയുടെ പേര് എഫ്ഐആറില് ഉള്പ്പെടുത്താത്തത്. പിന്നീട് പ്രതിയെ തിരിച്ചറിഞ്ഞ് പ്രതിയുടെ പേര് എഫ്ഐആറില് ഉള്പ്പെടുത്തിയിട്ടുണ്ട്. പ്രതി അമിതമായി മദ്യപിച്ചിരുന്നു എന്നു വൈദ്യ പരിശോധനയില് പിന്നീട് തെളിഞ്ഞ കാര്യവും ഒക്ടോബര് 13ന് കോടതിക്കു റിപ്പോര്ട്ടായി സമര്പ്പിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ച പല തരത്തിലുള്ള വര്ഗീയ പ്രചാരണങ്ങളും ഇപ്പോള് നടക്കുകയാണ്. ദയവായി അത്തരം പ്രചാര വേലകളില് നിന്ന് എല്ലാവരും പിന്മാറണമെന്നാണ് ആഭ്യന്തരമന്ത്രി എന്ന നിലയില് തനിക്കഭ്യര്ഥിക്കാനുള്ളത്. ഇത്തരം കേസുകളില് രക്ത സാമ്പിള് ശേഖരിക്കുന്നതൊക്കെ സാധാരണ നടപടിയാണ്. പ്രതികള്ക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില് സര്ക്കാരിൻ്റെ ഭാഗത്തു നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മറ്റു സംസ്ഥാനങ്ങളില് നിന്നു വ്യത്യസ്തമായി കേരളത്തില് മദ്യപിച്ച് വാഹനമോടിക്കുന്നത് ഇപ്പോള് പതിവായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തി കേസെടുക്കാന് പൊലീസിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു തരത്തിലും അനുവദിക്കില്ല. നെടുമ്പാശേരി വാഹനാപകടത്തിൻ്റെ പശ്ചാത്തലത്തില് ഇന്നലെ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയില് മദ്യപിച്ച് വാഹനമോടിച്ചതിന് 959 കേസുകള് രിജിസ്റ്റര് ചെയ്തു. ഈ നടപടി കേരള പൊലീസ് ഇനിയും തുടരുമെന്നും ചെന്നിത്തല പറഞ്ഞു. നെടുമ്പാശേരി അപകടം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്, സ്ഥലം എംഎല്എ അന്വര് സാദത്ത് എന്നിവര് അവതരിപ്പിച്ച സബ്മിഷനു മറുപടി പറയുകയായിരുന്നു ആഭ്യന്തരമന്ത്രി.






